Sunday, 30 October 2016

കഴുകൻ കണ്ണുകൾക്കു നടുവിൽ കൈക്കു‌ഞ്ഞുമായി അവൾ, കാവലായി അവർ

ഉണ്ണി കൊടുങ്ങല്ലൂര്‍

കഴുകൻ കണ്ണുകൾക്കു നടുവിൽ കൈക്കു‌ഞ്ഞുമായി അവൾ, കാവലായി അവർ

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പതിവുപ്രഭാത സവാരിക്ക് എത്തിയതാണ് കൂട്ടുകാരികളായ ശോഭയും സിനുവും. സമയം ആറര ആകുന്നതേയുള്ളൂ. പെട്ടെന്നാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ. മ്യൂസിയം ഗേറ്റിനു പുറത്ത് അമ്മയുടെ തോളിൽ കിടന്ന് ഒരു പെൺകുഞ്ഞ് കരയുകയാണ്. നല്ല ഓമനത്തമുള്ള കുഞ്ഞ്. അമ്മയേയും അവർ ശ്രദ്ധിച്ചു. പാറിപ്പറന്നു കിടക്കുന്ന തലമുടി. കരഞ്ഞ് വീർത്ത കവിൾത്തടം. പെൺകുട്ടികൾ തന്നെയാണ് ശ്രദ്ധിക്കുന്നത് കണ്ട് കുഞ്ഞുമായി ആ യുവതി അവർക്കു മുന്നിൽ എത്തി.

'എന്നെ ഒന്നു സഹായിക്കാമോ? എന്നെ അവർ ഇറക്കി വിട്ടു...' കുറച്ചു മാറിയുള്ള ഹോസ്റ്റൽ ചൂണ്ടിക്കാട്ടി ആ യുവതി പറഞ്ഞു. അവിടത്തെ വനിതാ ഹോസ്റ്റലിൽ താമസ സൗകര്യം തേടി പോയതാണ്. വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥകളെയും മാത്രമെ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞാണ് ഹോസ്റ്റലുകാർ യുവതിയെ ഒഴിവാക്കിയത്.

'മറ്റൊരു ഇടം വേണം കഴിയാൻ'- അതാണ് ആവശ്യം
എവിടെ നിന്നും വരുന്നു? 'തൃച്ചിയിൽ നിന്ന്'
എന്തിനാ ഇവിടെ താമസിക്കുന്നത്? '
മൂന്നു മാസം കഴി‌ഞ്ഞ് ഭർത്താവ് വന്ന് കൂട്ടിക്കൊണ്ടു പോകും'
ഭർത്താവ്?
'ഗൾഫിലാ..'

ആ മറുപടി പൂർണമായും പെൺകുട്ടികൾ വിശ്വസിച്ചില്ല. അമ്മയ്ക്കും കുഞ്ഞിനും താമസിക്കാനൊരു ഇടം പെട്ടെന്നവരുടെ മനസിൽ വന്നതുമില്ല. ഒഴിഞ്ഞു മാറിയാലോ... ചുറ്റും നോക്കി. ചില കഴുകൻ കണ്ണുകൾ അമ്മയ്ക്കും കുഞ്ഞിനും മേലെ വട്ടമിടുന്നത് അവർ കണ്ടു. ഇരുപത്തിരണ്ടു വയസുകാരി അമ്മയേയും ഒക്കത്തിരുന്ന് കരയുന്ന കുഞ്ഞിനേയും ഉപേക്ഷിച്ചു പോയാൽ... 'പാടില്ല!' മനസ് വിലക്കി. അവർ തൊട്ടടുത്ത കടയിലേക്ക് അവരെ കൊണ്ടു പോയി. കഴിക്കാൻ പലഹാരം വാങ്ങി നൽകിയതോടെ കു‌ഞ്ഞ് ഉഷാറായി. ഇതിനിടെ ശോഭ സഹോദരനെ വിളിച്ച് ജ്വാല ഫൗണ്ടേഷനിലെ അശ്വതി നായരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. അവിടെ എത്താമെന്ന് അശ്വതി പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി.

സീൻ 2
ആ അമ്മയ്ക്കും കു‌ഞ്ഞിനുമൊപ്പം ശോഭയേയും സിനുവിനേയും അശ്വതി കണ്ടു. അവരുമായി നേരെ കുന്നുകുഴിയിലെ ജ്വാല ഫൗണ്ടേഷന്റെ ഓഫീസിൽ ഓട്ടോ വന്നുനിന്നു.

യുവതിയോടു അശ്വതി കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ആറ്റുകാലിലാണ് അമ്മയുടെ സ്വദേശം. അവിടെ നിന്നും ചെറുപ്പത്തിലേ തൃച്ചിയിലേക്ക് താമസം മാറിയതാണ്. അമ്മയ്ക്ക് ഈ യുവതി ഉൾപ്പെടെ അഞ്ചു പെൺമക്കളുണ്ട്. 12 വയസു മുതൽ അമ്മയ്ക്കൊപ്പം കയറ് പിരിച്ചാണ് ജീവിച്ചത്. തൃച്ചിയിൽ നിന്നു തന്നെയാണ് അമ്മ വരനെ കണ്ടെത്തി നൽകിയത്. രണ്ടര വർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവിന്റെ പീഡനം സഹിക്കാം. അമ്മായിഅമ്മയും നാത്തൂന്മാരും കണക്കില്ലാതെ ഉപദ്രവിക്കും. കുഞ്ഞിനോടു പോലും സ്നേഹമില്ല. കയർത്ത് സംസാരിച്ചാൽ ബാധകയറി എന്നു പറഞ്ഞ് ഭസ്മം വിതറി ചൂരല് കൊണ്ട് അടിക്കും.

സീൻ 3
അശ്വതിയുടെ ഇടപെടൽ കൊണ്ട് തൃച്ചിയിൽ നിന്നും യുവതിയുടെ അമ്മ എത്തി. ആറ്റുകാലിൽ നിന്നും അമ്മയുടെ അനുജത്തിയും. ആ അമ്മയ്ക്കു പറയാനും നിസഹായതയുടെ കഥകൾ മാത്രം. ഇപ്പോൾ ആ യുവതിയെ സാധാരണ ജീവിതത്തിലേക്ക് മടക്കി അയയ്ക്കുന്നതിനായി കൗൺസലിംഗ് നടക്കുന്നു. ബന്ധുവീട്ടിലാണ് താമസം.

* 'ആ പെൺകുട്ടികളാണ് ഇവരെ രക്ഷപ്പെടുത്തിയത്'
എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചു നിന്ന ഈ 22 കാരിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള സാഹചര്യമൊരുക്കിയത് ശോഭയും സിനുവുമാണ്. മറ്റുള്ളവരെ എന്തിനു കുരിശെടുക്കണം എന്ന് ചിന്തിച്ച് കാണാത്തതുപോലെ ഇവർ കടന്നു പോയിരുന്നുവെങ്കിൽ ഒരു പക്ഷേ, ആ യുവതിയുടെ പോക്ക് അപകടത്തിലേക്കായേനെ.
- ആശ്വതി നായർ, ജ്വാല ഫൗണ്ടേഷൻ

* ' ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ പോകാൻ തോന്നിയില്ല'
ആ കുഞ്ഞിനെ കണ്ടപ്പോൾ ഉപേക്ഷിച്ചു പോകാനേ തോന്നിയില്ല. നമ്മളെ പോലൊരു പെണ്ണാണ് കിടക്കാനൊരു ഇടം തേടി അലയുന്നത് കണ്ടത്. അത് കണ്ടില്ലെന്നു നടിച്ചാൽ പിന്നെ പെണ്ണ് എന്നു പറഞ്ഞിട്ടെന്തു കാര്യം
- ശോഭ, സിനു (രണ്ടു പേരും കണ്ണമ്മൂല സ്വദേശികളും ബി.ടെക് ബിരുദധാരികളും)
 

No comments :

Post a Comment