Tuesday, 18 October 2016

പ്രശ്നങ്ങള്‍ അതിജീവിക്കാൻ 8 ചിന്തകൾ

ഉണ്ണി കൊടുങ്ങല്ലൂര്‍

പ്രശ്നങ്ങള്‍ ഉണ്ടാവും, അതിജീവിക്കാൻ 8 ചിന്തകൾ

ഒരിക്കലെങ്കിലും മോശം അനുഭവങ്ങളിലൂടെ കടന്നുപോകാത്തവരുണ്ടാവില്ല. ഇതോടെ തീര്‍ന്നു എല്ലാം എന്നു തോന്നിയാലും, എത്രയൊക്കെ തകര്‍ന്നാലും അതിജീവനത്തിന്‍റെ വഴികള്‍ നമ്മള്‍ കണ്ടെത്തുക തന്നെ ചെയ്യും. അത്തരം സാഹചര്യങ്ങളില്‍ പ്രശ്നങ്ങളുടെ ആഘാതം കുറയ്ക്കാനും നമുക്ക് കരുത്ത് പകരാനും ചില ചിന്തകള്‍.
സംസാരിക്കുമ്പോള്‍ സൂക്ഷിക്കാം
വികാരാധീനരായി ഇരിക്കുന്ന അവസ്ഥയില്‍ പിന്നീടു പശ്ചാത്തപിക്കാന്‍ ഇടയുള്ള കാര്യങ്ങള്‍ പറയാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സംസാരം കുറയ്ക്കുന്നതോ ഇടയ്ക്കു നിര്‍ത്തി സംസാരിക്കുന്നതോ നല്ലതാണ്. സ്വയം തണുക്കാന്‍ അല്‍പസമയം നല്‍കുക, എന്നിട്ടു ചിന്തിച്ച ശേഷം മാത്രം സംസാരിക്കുക.
സമയമെടുത്ത്‌ പ്രതികരിക്കുക
മോശം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ എടുത്തുചാടി പ്രതികരിക്കരുത്. മറ്റൊരാളുടെ പ്രവര്‍ത്തിയോ സംസാരമോ ഒക്കെ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുമ്പോള്‍ ഉടന്‍ തന്നെ പ്രതികരിക്കാന്‍ നമുക്ക് തോന്നുന്നതു സ്വാഭാവികമാണ്. പക്ഷെ ആ പ്രതികരണം സാഹചര്യം കൂടുതല്‍ വഷളാക്കാന്‍ ഇടവരുത്തുന്നതാവരുത്. അതിനായി സ്വയം ചിന്തിക്കാന്‍ സമയം നല്‍കിയിട്ടു പ്രതികരിക്കുന്നതാണ് ഉത്തമം
കുറ്റപ്പെടുത്തല്‍ ഒഴിവാക്കാം
ഒരു പ്രശ്നം ഉണ്ടായാല്‍ അത് ആരുടെ കുറ്റമാണെന്നു കണ്ടെത്തി സ്ഥാപിച്ചെടുക്കല്‍ ആവും പ്രധാനപരിപാടി. ഇങ്ങനെ കഴിഞ്ഞകാര്യങ്ങള്‍ വീണ്ടും ആലോചിച്ചു സ്വയം പുകയുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. സ്വയം കുറ്റപ്പെടുത്തി വിഷമിക്കുന്നവരും കുറവല്ല. പലപ്പോഴും ഒരു മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നതിന്‍റെ കാരണം ഒന്നു മാത്രമാവണം എന്നില്ല. “എന്തായാലും സംഭവിക്കേണ്ടത്‌ സംഭവിച്ചു. ഇപ്പോള്‍ വേണ്ടത് ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുകയാണ്” എന്ന ചിന്തയാണ് ഈ അവസരത്തില്‍ പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഉപകാരപ്പെടുന്നത്
ചിന്തിക്കുന്നതെല്ലാം സത്യം ആവണമെന്നില്ല
നിങ്ങളുടെ ചിന്തകളും യാഥാര്‍ഥ്യവും ഒന്നാവണം എന്നില്ല. പ്രത്യേകിച്ചും മാനസ്സികസമ്മര്‍ദം, ആശങ്കകള്‍, പേടി എന്നിവ സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള നമ്മുടെ കഴിവിനെ ബാധിക്കും. ഇതു മനസ്സില്‍ വച്ചുകൊണ്ടു മാത്രമേ നിങ്ങളുടെ ചിന്തകളെ കണക്കിലെടുക്കാവു. നിങ്ങളുടെ ചിന്തകള്‍ തെറ്റാണ് എന്ന് ഇതിനര്‍ഥമില്ല, എ​ന്നാല്‍ എല്ലാം ശരിയാണ് എന്ന അമിതവിശ്വാസം പാടില്ല.
ഇന്നലെകളില്‍ ജീവിക്കുക
“ ശോ എന്നാലും ഞാന്‍ അത് പറയണ്ടാരുന്നു”  “അങ്ങനെ ചെയ്തില്ലാരുന്നെല്‍ പ്രശ്നം ഇങ്ങനെ ആവില്ലാരുന്നു” പഴയ കാര്യങ്ങള്‍ റീവൈന്‍ഡ് ചെയ്തെടുത്ത് ഓരോന്ന് ചിന്തിച്ചുകൊണ്ടിരിക്കും. ഇങ്ങനെ നടന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ആലോചിക്കുമ്പോള്‍ കൂടുതല്‍ നെഗറ്റീവ് ആകുകയല്ലാതെ വേറെ പ്രയോജനം ഉണ്ടാവില്ല. ഇതു മനസ്സിലാക്കി മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണ് ഈ സാഹചര്യത്തില്‍ വേണ്ടത് എന്നു സ്വയം പറയുക.
ശ്രദ്ധ മാറ്റാന്‍ പുതുവഴികള്‍ തേടാം
ഈ അവസരത്തില്‍ നിങ്ങള്‍ക്കു മുമ്പ് പഠിക്കാന്‍ താൽപര്യമുണ്ടായിരുന്ന എന്തെങ്കിലും പുതിയതായി പഠിക്കാന്‍ ഒരുങ്ങുന്നതു ഗുണം ചെയ്യും. പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അനാവശ്യചിന്തകള്‍ പതുക്കെ കുറഞ്ഞു തുടങ്ങും.
വിഷമങ്ങള്‍ പേപ്പറില്‍ ആക്കാം
നിങ്ങള്‍ക്കു വിഷമമുണ്ടാക്കിയ കാര്യങ്ങള്‍ ആദ്യം ഒരു പേപ്പറില്‍ എഴുതുക. എന്നിട്ട് അത് നശിപ്പിച്ചു കളയുന്നതു നെഗറ്റീവ് വികാരങ്ങള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും എന്നു നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മനസ്സില്‍ ചിന്തിച്ചു കൂട്ടുന്നതിലും എഴുതുന്നത് കൂടുതല്‍ നന്നായി സ്വയംവിലയിരുത്താന്‍ നിങ്ങളെ സഹായിക്കും.
പഠിച്ചതു മറക്കാതിരിക്കാം
ഓരോ അനുഭവങ്ങളും ഓരോ പാഠമാണ്. പ്രശ്നങ്ങള്‍ നമുക്കു വരുത്തിയ അസ്വസ്ഥതകള്‍ അതിജീവിക്കുക എന്നാല്‍ ഈ പ്രശ്നം നിങ്ങള്‍ക്ക്‌ പകര്‍ന്നു തന്ന കരുത്തും അറിവും മറക്കാതിരിക്കുക. ഭാവിയെ കൂടുതല്‍ കാര്യക്ഷമതയോടെ നേരിടാന്‍ ഇതു നിങ്ങളെ സഹായിക്കും.

No comments :

Post a Comment