Tuesday, 4 October 2016

അൻസാറുൽ ഖിലാഫ–കെഎൽ’ എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ മുഴുവൻ പേര്.

ഉണ്ണി കൊടുങ്ങല്ലൂര്‍
ഐഎസ് ബന്ധമുള്ളതായി സംശയിച്ച് കണ്ണൂരിൽനിന്ന് പിടികൂടിയവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോൾ.
ഐഎസ് ബന്ധമുള്ളതായി സംശയിച്ച് കണ്ണൂരിൽനിന്ന് പിടികൂടിയവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോൾ.

ഓപ്പറേഷൻ ഐഎസ്; സംഘത്തിൽ 12 പേർ; ചാറ്റ് ഗ്രൂപ്പിൽ അന്വേഷകർ കയറിക്കൂടിയത് വ്യാജ പേരുകളിൽ

കോഴിക്കോട് ∙ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി പിടികൂടിയവർ ഐഎസിന്റെ കേരളഘടകമായി പ്രവർത്തിച്ചിരുന്ന അൻസാറുൽ ഖിലാഫയിലെ പ്രമുഖർ‌. ഇവരുടെ പ്രചാരണ വിഡിയോയും ഫെയ്സ്ബുക്കിലെയും ചാറ്റ് ഗ്രൂപ്പായ ടെലിഗ്രാമിലെയും കുറിപ്പുകളും എൻഐഎയ്ക്കു ലഭിച്ചു.
12 പേരടങ്ങുന്ന അൻസാറുൽ ഖിലാഫ, ടെലിഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ രൂപീകരിച്ച ചാറ്റ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയാണ് എൻഐഎയും കേന്ദ്ര, കേരള ഇന്റലിജൻസും ഇവരുടെ പദ്ധതികൾ തകർത്തത്. ഐഎസ് ആശയങ്ങളുടെ പ്രചാരണത്തിലൂടെയാണു ഗ്രൂപ്പിലേക്ക് ആളുകളെ ആകർഷിച്ചിരുന്നത്. ‘അൻസാറുൽ ഖിലാഫ–കെഎൽ’ എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ മുഴുവൻ പേര്. ‘കെഎൽ’ കേരളത്തെയാണു സൂചിപ്പിക്കുന്നതെന്നാണ് എൻഐഎ വിലയിരുത്തൽ. സംഘടനയുടെ പേരിൽ എട്ടുമാസം മുൻപാണു ടെലിഗ്രാമിൽ ചാറ്റ് ഗ്രൂപ്പ് രൂപീകരിച്ചത്.
പൂർണമായും രഹസ്യസംവിധാനമായ ഈ ഗ്രൂപ്പിൽ വ്യാജപ്പേരുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥർ കയറിപ്പറ്റിയതും വിവരങ്ങൾ ചോർത്തിയതും. ഐഎസിന്റെ ഖിലാഫത്ത് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രചാരണം. മതനിരപേക്ഷതയും ജനാധിപത്യവും ഏറ്റവും നികൃഷ്ടമാണെന്നും ഖിലാഫത്ത് മതപരമായ ബാധ്യതയാണെന്നുമുള്ള ആഹ്വാനത്തോടെയാണ് ഇവർ സജീവമായത്. ഖത്തറിലായിരുന്ന കണ്ണൂർ അണിയാരം മദീന മഹലിൽ മൻസീദ് ആണ് സമീർ അലി എന്ന പേരിൽ ഇതിനു നേതൃത്വം നൽകിയതെന്ന് എൻഐഎ കണ്ടെത്തി.
എസ്പി: എ.പി.ഷൗക്കത്തലി, ഡിവൈഎസ്പിമാരായ അബ്ദുൽഖാദർ, വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എൻഐഎ നീക്കങ്ങൾ. സംസ്ഥാന, കേന്ദ്ര ഇന്റലിജൻസും ആഭ്യന്തര സുരക്ഷാവിഭാഗവും ശക്തമായ പിന്തുണ നൽകി. ഗ്രൂപ്പിൽ അംഗങ്ങളായവരുടെ ആശയവിനിമയത്തിൽ, വ്യാജപ്പേരുകളിൽ ഏജൻസി അംഗങ്ങളും സജീവമായി പങ്കെടുത്തു. വ്യാജ ഐഡികൾ നേരത്തേതന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചാണ് അന്വേഷകർ ഗ്രൂപ്പിൽ സജീവമായത്. സോഷ്യൽമീഡിയയിൽ ദേശ വിരുദ്ധ, വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ തിരഞ്ഞുപിടിച്ചു സൗഹൃദം സ്ഥാപിച്ചാണ് ഈ ഗ്രൂപ്പിലേക്കെത്തിയത്.
ഗ്രൂപ്പിലെ ഓരോദിവസത്തെയും ആശയവിനിമയങ്ങൾ നിരീക്ഷിച്ചു. പലരും വന്നും പോയുമിരുന്നു. സ്ഥിരമായി സന്ദേശങ്ങളയച്ചിരുന്നതു 12 പേരായിരുന്നു. ഇവർ ഓരോരുത്തരെയും ഏജൻസികൾ ഇന്റർനെറ്റിലൂടെയും നേരിട്ടും പിന്തുടർന്നു. ഉറി ഭീകരാക്രമണ ദിവസം ഇന്ത്യൻ സൈന്യത്തിനെതിരെ സന്ദേശങ്ങൾ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. ഇവയാണ് എൻഐഎ പ്രധാന തെളിവുകളായി കണ്ടെടുത്തിരിക്കുന്നത്. ഐഎസിന്റെ നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ പിന്തുടരാനുള്ള ആഹ്വാനങ്ങളുമുണ്ടായിരുന്നു. ആഴ്ചകൾക്കു മുൻപു കൊച്ചിയിൽ നടന്ന ജമാഅത്തെ ഇസ്‌ലാമി യോഗത്തിലേക്കു ലോറി ഇടിച്ചു കയറ്റാനുള്ള ചർച്ചയാണു കണ്ണൂർ കനകമലയിലെ രഹസ്യയോഗത്തിലേക്കും അറസ്റ്റിലേക്കും വഴിതെളിച്ചത്.
യോഗത്തിലേക്കു ലോറിയിടിച്ചു കയറ്റാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഉടൻ രഹസ്യാന്വേഷണവിഭാഗം ഇടപെടുകയും കൊച്ചിയിലെ യോഗസ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ, ഗ്രൂപ്പിൽ ആരോ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇവർക്കു സംശയമുണർന്നു. തുടർന്നു ടെലിഗ്രാം ഗ്രൂപ്പ് മരവിപ്പിച്ചു. പിന്നീട് ഫെയ്സ്ബുക് മെസഞ്ചറിലൂടെ ഗ്രൂപ്പിലെ ഒറ്റുകാരനെ തിരിച്ചറിയാനായി ശ്രമം. അതിനായി പരസ്പരം കണ്ടു സംസാരിക്കാനാണു കണ്ണൂർ കനകമല തിരഞ്ഞെടുത്തത്. അതു ചോർത്തിയാണ് എൻഐഎ സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. ഗ്രൂപ്പിലെ 12 പേരും മലയാളികളാണ്. ഇവരിൽ പലരും വിദേശത്താണ്. സംഘത്തലവനെന്ന് എൻഐഎ പറയുന്ന മൻസീദ് യോഗത്തിൽ പങ്കെടുക്കാനായി മാത്രം നാലുദിവസം മുൻപു വിദേശത്തുനിന്നെത്തിയതാണെന്ന് അന്വേഷകർ പറഞ്ഞു.
സെപ്റ്റംബർ 26ന് ഇയാളുടെ വ്യാജ ഐ‍ഡിയിൽനിന്നു ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്ത അറിയിപ്പിൽ പോരാട്ടത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കു ബന്ധപ്പെടാൻ ടെലിഗ്രാം ഐഡി (വിലാസം) നൽകിയിട്ടുണ്ട്. എത്രകാലം ഈ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും അതുകൊണ്ടു ഖിലാഫത്തുമായി ബന്ധപ്പെടാൻ താൽപര്യമുള്ളവർ ടെലിഗ്രാം ഐഡിയിൽ ബന്ധപ്പെടണമെന്നുമാണു പോസ്റ്റ്. തിരിച്ചറിയപ്പെട്ട, രാജ്യത്തിനു പുറത്തുള്ള സംഘാംഗങ്ങളെ നാട്ടിലെത്തിക്കാനായി രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായത്താടെ എൻഐഎ നീക്കം തുടങ്ങിയിട്ടുണ്ട്.
മികച്ച വിദ്യാഭ്യാസം നേടിയവരാണു സംഘാംഗങ്ങളിൽ അധികവും. വീട്ടുകാർക്കുപോലും ഇവരുടെ നീക്കങ്ങളെക്കുറിച്ചു ധാരണയില്ലായിരുന്നുവെന്ന് അന്വേഷകർ പറയുന്നു. ഒരാൾ കൂടി അറസ്റ്റിൽ ഐഎസ് ബന്ധം സംശയിച്ച് തമിഴ്നാട്ടിലെ തിരുനൽവേലിയിൽ സുബ്ഹാനി എന്നയാളെ എൻഐഎ ഇന്നലെ അറസ്റ്റു ചെയ്തു. തമിഴ്നാട്ടുകാരനായ ഇയാളുടെ മാതാപിതാക്കൾ തൊടുപുഴയിൽ സ്ഥിരതാമസമാക്കിയതാണ്. ഞായറാഴ്ച അറസ്റ്റിലായ ആറു പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂരിൽ നാലു യുവാക്കളെ ചോദ്യം ചെയ്തു  

No comments :

Post a Comment