Sunday, 2 October 2016

ഓണം ബംപര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ഗണേശന്‌

ഉണ്ണി കൊടുങ്ങല്ലൂര്‍

ഓണം ബംപര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ഗണേശന്‌


രണ്ടാഴ്ചയ്ക്ക് ശേഷം ടിക്കറ്റെടുത്ത് പരിശോധിച്ചപ്പോള്‍ ആണ് ഭാഗ്യദേവത കടാക്ഷിച്ച മലയാളി താനാണെന്ന് ഗണേശന്‍ തിരിച്ചറിഞ്ഞത്.
Published: Oct 2, 2016, 06:49 PM IST

തൃശ്ശൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍  മുഴുവന്‍ ചര്‍ച്ച ചെയ്ത ആ അജ്ഞാത ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കേരള ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ ഓണം ബംപര്‍ ജേതാവ് പാലക്കാട് ചേരാമംഗലം പഴംതറ സ്വദേശി ഗണേശനാണ്.
എട്ട് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഗണേശന്‍ സ്വന്തം വീട്ടില്‍ മറന്നുവച്ചതോടെയാണ് അപൂര്‍വ്വ സൗഭാഗ്യത്തിനുടമയെ ലോകമറിയാന്‍ വൈകിയത്.
വല്ലച്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഗണേശന്‍ അവധിക്കായി വീട്ടിലേക്ക് പോകുംവഴിയാണ് ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് വാങ്ങിയത്. ഫലമറിയുമ്പോള്‍ നോക്കുന്നതിനായി വീട്ടില്‍ വച്ച ടിക്കറ്റ് അവധി കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ കൂടെ കരുതുവാന്‍ ഗണേശന്‍ മറന്നു.
ഓണം ബമ്പര്‍ ജേതാവിനെ തേടി മാധ്യമങ്ങളും നാട്ടുകാരും അന്വേഷണം നടത്തുമ്പോള്‍ തന്റെ വര്‍ക്ക്‌ഷോപ്പ് ജോലിയില്‍ മുഴുകിയ ഗണേശന്‍ രണ്ടാഴ്ചയ്ക്ക് ശേഷം ശനിയാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് കൈവശമുള്ള ടിക്കറ്റെടുത്ത് പരിശോധിച്ചപ്പോഴാണ്‌ ഭാഗ്യദേവത കടാക്ഷിച്ച മലയാളി താനാണെന്ന് തിരിച്ചറിഞ്ഞത്.
സമ്മാനം തനിക്ക് തന്നെയെന്ന്‌ ഉറപ്പാക്കിയതോടെ ഗണേശന്‍ ബന്ധുകള്‍ക്കും സുഹൃത്തുള്‍ക്കും ഒപ്പം സമീപത്തെ എസ്ബിഐ ബാങ്ക് മാനേജറുടെ വീട്ടിലെത്തി ടിക്കറ്റ് കൈമാറി.

No comments :

Post a Comment