Sunday, 16 October 2016

ആകാശമാർഗമുള്ള ഏതുതരം ആക്രമണവും തടയാൻ ഇന്ത്യക്ക് കരുത്ത്

ഉണ്ണി കൊടുങ്ങല്ലൂര്‍

ആകാശമാർഗമുള്ള ഏതുതരം ആക്രമണവും തടയാൻ ഇന്ത്യക്ക് കരുത്ത്

പാക്കിസ്‌ഥാനുമായി സംയുക്ത സൈനികാഭ്യാസത്തിനൊരുമ്പെട്ട റഷ്യ, ഇന്ത്യയുമായി മൂന്നു വൻ ആയുധക്കരാറുകൾ ഒപ്പിട്ട് ഇന്ത്യയുടെ ആശങ്കകൾ ദൂരീകരിക്കാൻ ശ്രമമാരംഭിച്ചു. ശത്രവുവിമാനങ്ങളെയും മിസൈലുകളെയും 400 കിലോമീറ്റർ അകലെനിന്നേ കണ്ടുപിടിച്ചു തകർക്കാൻ കഴിയുന്ന എസ്–400 ട്രയംഫ് എന്ന വ്യോമ പ്രതിരോധസംവിധാനം വാങ്ങാനുള്ള കരാറാണ് ഇവയിൽ ഏറ്റവും പ്രധാനം. ഇതിനുമുൻപ് ചൈനയ്ക്കുമാത്രമാണ് ഈ ആയുധം റഷ്യ വിറ്റിട്ടുള്ളത്.
ട്രയംഫിന്റെ അഞ്ചു ബാറ്ററികളെങ്കിലും ഇന്ത്യ വാങ്ങും. ഒട്ടേറെ മിസൈലുകളും അവയുടെ റഡാറുകളും മറ്റുമുള്ള സംവിധാനത്തെയാണു ബാറ്ററി എന്നു വിളിക്കുന്നത്. വേണ്ടിവന്നാൽ കൂടുതൽ ആവശ്യപ്പെടാനും കരാറിൽ വകുപ്പുണ്ടെന്ന് അറിയുന്നു. ഉദ്ദേശം 36,000 കോടി രൂപ ചെലവു വരുമെന്നാണു കണക്ക്. ട്രയംഫിന്റെ മുൻപതിപ്പായ എസ്–300 വാങ്ങാൻ ഇന്ത്യ 15 വർഷം മുൻപു നോട്ടമിട്ടിരുന്നെങ്കിലും അന്ന് പേട്രിയറ്റുമായി അമേരിക്ക എത്തിയതോടെ ഇടപാട് പാളിപ്പോയതു റഷ്യയിൽ ഇന്ത്യാവിരുദ്ധവികാരം ഉണ്ടാക്കിയിരുന്നു. ഒടുവിൽ എസ്–300 ഉം പേട്രിയറ്റും ഇന്ത്യ വേണ്ടെന്നു വയ്ക്കുകയായിരുന്നു.
അതിനുശേഷം മുൻപ് കരാറുണ്ടായിരുന്ന ഏതാനും നാവിക കപ്പലുകൾ കൈമാറിയതല്ലാതെ ഇന്ത്യയും റഷ്യയും തമ്മിൽ വൻ ആയുധ ഇടപാടുകളൊന്നും തന്നെ നടന്നിരുന്നില്ല. സുഖോയ്–30 എംകെഐ പോർവിമാനക്കരാറിനും ഐഎൻഎസ് വിക്രമാദിത്യ ഇടപാടിനും ശേഷം റഷ്യയുമായുള്ള വൻകരാറുകളാണിവയെന്നതിനാൽ ഒന്നര പതിറ്റാണ്ടുകാലത്തെ തണുപ്പൻ ശാക്‌തികബന്ധങ്ങൾ വീണ്ടും ചൂടുപിടിക്കുകയാണെന്നു കരുതാം.
സമീപകാലത്തു പാക്കിസ്‌ഥാനുമായി റഷ്യ ശാക്‌തികമായി അടുക്കാൻ ശ്രമിച്ചതും പ്രശ്നമായിരുന്നു. കഴിഞ്ഞമാസം ഉറിയിൽ ഭീകരാക്രമണം നടന്നശേഷവും റഷ്യൻ സൈന്യവും പാക്ക് സൈന്യവും സംയുക്‌താഭ്യാസം നടത്തിയതും ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ചു നയതന്ത്രതലത്തിൽ റഷ്യ നിശ്ശബ്ദത പാലിച്ചതും ഇന്ത്യയ്ക്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതുകൂടാതെ ഏതാനും മാസം മുൻപു റഷ്യ, പാക്കിസ്‌ഥാന് ഏതാനും സൈനിക ഹെലികോപ്‌ടറുകൾ വിൽക്കാൻ തീരുമാനിച്ചതും ഇന്ത്യ–റഷ്യ ബന്ധത്തെ ഉലച്ചേക്കുമെന്നും സംശയമുയർന്നിരുന്നു.
കരസേനയ്ക്കും വ്യോമസേനയ്ക്കും അത്യാവശ്യമായ 200 കാമോവ്–226 ഹെലികോപ്‌ടറുകൾ വാങ്ങാനുള്ളതാണ് ഇന്നലെ ഒപ്പിട്ട മറ്റൊരു ആയുധ കരാർ. നിലവിലുള്ളതും 30 വർഷത്തിലധികം പഴയതുമായ ചീറ്റ–ചേതക് എന്നിവയ്ക്കു പകരമാണിവ. സിയാച്ചിനിലും മറ്റ് ഹിമാലയ പ്രതിരോധ പോസ്‌റ്റുകളിലും സൈനികരെയും സാമഗ്രികളും എത്തിക്കലാകും ഇവയുടെ പ്രധാന റോൾ. ഈ ഹെലികോപ്‌ടറുകളിൽ ആദ്യഗഡു റഷ്യയിൽനിന്നു വാങ്ങിയശേഷം ബാക്കിയുള്ളവ റഷ്യൻസാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
നിർമാണക്കരാറിന് അംബാനി ഗ്രൂപ്പ് ശ്രമിച്ചിരുന്നെങ്കിലും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്‌ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് തന്നെ മതിയെന്ന് റഷ്യ ശഠിച്ചതായി അറിയുന്നു. കാമോവ് ഇടപാടിനു തുരങ്കം വയ്ക്കാനാണു പാക്കിസ്‌ഥാൻ ഏതാനും ഹെലിക്കോപ്‌ടറുകൾ വാങ്ങാനായി റഷ്യയെ സമീപിച്ചതെന്നാണു കരുതുന്നത്. നിലവിൽ ഇന്ത്യൻ നാവികസേന ഉപയോഗിച്ചുപോരുന്ന തൽവാർ ഇനത്തിൽ പെട്ട നാലു പടക്കപ്പലുകൾ കൂടി വാങ്ങാനാണു മൂന്നാമത്തെ കരാർ. ശത്രുക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും കണ്ണിൽ പെടാതിരിക്കാനുള്ള സ്‌റ്റെൽത്ത് സാങ്കേതികവിദ്യ ഈ കപ്പലുകൾക്കുണ്ട്.
തൽവാർ ഇനം മൂന്നു പടക്കപ്പലുകൾ ഇപ്പോൾത്തന്നെ നാവികസേന ഉപയോഗിച്ചുവരുന്നുണ്ട്. ഏതാണ്ട് 30 കോടി ഡോളറാണ് ഇവയുടെ ചെലവ്. ഇന്ത്യയുടെ കാതലായ സൈനികാവശ്യങ്ങൾക്കും സാങ്കേതികവിദ്യകൾക്കും റഷ്യ തന്നെയാണു മുഖ്യം എന്നു വിളിച്ചോതുന്നതാണു പുതിയ ഇടപാടുകൾ. പാക്ക് സൈന്യവുമായുള്ള സംയുക്‌താഭ്യാസം മറ്റു പല സൈന്യങ്ങളുമായി റഷ്യൻ സൈന്യം നടത്തിവരുന്ന ഭീകരവിരുദ്ധനടപടികളുടെ ഭാഗമായ സഹകരണം മാത്രമായിരുന്നുവെന്നു ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ റഷ്യൻ നയതന്ത്രജ്‌ഞർ വ്യക്‌തമാക്കി. ഇന്ത്യയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ ഒരു നടപടിക്കും റഷ്യ മുതിരില്ലെന്ന് ഇന്ത്യയ്ക്കുറപ്പുണ്ടെന്നു വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കർ പറഞ്ഞു.
ഇക്കൊല്ലം, ഇന്ത്യ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു. അതോടൊപ്പം ഇന്ത്യ–റഷ്യ ഉച്ചകോടിയും നടത്തുന്നു. ബ്രിക്‌സിലെ മറ്റ് അംഗരാജ്യങ്ങളായ ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുന്നുണ്ടെങ്കിലും അവയെ ഔദ്യോഗികമായ ഉഭയകക്ഷി രാഷ്‌ട്രതല ചർച്ചകളായി കണക്കാക്കുന്നില്ല. സുഖോയ്–30 പോർ വിമാനങ്ങളുടെ പരിഷ്‌കരണം സംബന്ധിച്ച കരാർ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല.
എന്നാൽ ഇക്കാര്യത്തിൽ നിലവിലുള്ള ആധുനികവൽക്കരണ ധാരണ മതിയാവുമെന്ന് ഉദ്യോഗസ്‌ഥർ വിശദീകരിച്ചു. സുഖോയ് വിമാനങ്ങളുടെ സ്‌പെയർപാർട്സുകൾ ലഭ്യമാവാത്തത് വ്യോമസേനയെ വിഷമിപ്പിക്കുന്നുണ്ട്. ആകെയുള്ള സുഖോയ് വിമാനങ്ങളിൽ മൂന്നിലൊന്ന് എപ്പോഴും അറ്റകുറ്റപ്പണിയിലെന്നാണു വ്യോമസേനയുടെ പരാതി. നിർമാണക്കരാറായ നാലു പടക്കപ്പലുകളിൽ രണ്ടെണ്ണം റഷ്യയിൽ തന്നെ നിർമിച്ചേക്കും.
ബാക്കി രണ്ടെണ്ണം ഇന്ത്യയിലും. ഇതിൽ അന്തിമധാരണയായിട്ടില്ല. എൽആൻഡ്ടി, റിലയൻസ് ഗ്രൂപ്പ് എന്നിവയോടൊപ്പം പൊതുമേഖലയിലെ ഗോവ ഷിപ്‌യാർഡ്, മാസഗൺ ഡോക്ക് എന്നിവയും കരാറിനു രംഗത്തുണ്ട്. പ്രതിരോധകാര്യ മന്ത്രി മനോഹർ പരീക്കറുടെ താൽപര്യപ്രകാരമാണ് ഉച്ചകോടി ഗോവയിൽ നടത്താൻ തീരുമാനിച്ചത്. കരാർ തങ്ങൾക്കുതന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പ്രതിരോധവകുപ്പിനു കീഴിലുള്ള ഗോവ ഷിപ്‌യാർഡ്.

No comments :

Post a Comment