Wednesday, 5 October 2016

അത്യാധുനിക തോക്കുകള്‍!

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യൻ സൈനികർക്ക് 1.85 ലക്ഷം അത്യാധുനിക തോക്കുകള്‍!

ഇന്ത്യന്‍ സൈന്യം നിലവില്‍ ഉപയോഗിക്കുന്ന 20 വര്‍ഷം പഴക്കമുള്ള ഐഎന്‍എസ്എഎസ് റൈഫിളുകള്‍ക്ക് പകരം അത്യാധുനിക തോക്കുകള്‍ വരുന്നു. 13 ലക്ഷം സൈനികര്‍ക്ക് ആവശ്യമുള്ള തോക്കുകള്‍ ആഗോള ആയുധ വിപണിയില്‍ നിന്നും വാങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയില്‍ 1.85 ലക്ഷം തോക്കുകളാണ് വാങ്ങുക. ഇതില്‍ 65,000 തോക്കുകള്‍ എത്രയും പെട്ടെന്ന് സൈനികരുടെ കൈവശമെത്തിക്കാനാണ് ഇന്ത്യന്‍ സേനയുടെ ശ്രമം.
ഇന്ത്യന്‍ സേന ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ സ്‌മോള്‍ ആംസ് സിസ്റ്റം (ഐഎന്‍എസ്എഎസ്) റൈഫികളുകള്‍ക്ക് പകരമായാണ് പുതിയവ ഉപയോഗിക്കുക. ഇതു സംബന്ധിച്ച് 2011ല്‍ നല്‍കിയ ടെണ്ടര്‍ അപേക്ഷ 2015ല്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. തദ്ദേശീയമായി സൈന്യത്തിനാവശ്യമായ തോക്കുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതു ലക്ഷ്യം കാണാതെ വന്നപ്പോഴാണ് ആഗോള ആയുധ വിപണിയില്‍ നിന്നും തോക്കുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നത്.
മൂന്നു മിനിറ്റിനുള്ളില്‍ അര കിലോമീറ്റര്‍ ദൂരത്തേക്ക് വരെ ലക്ഷ്യം തെറ്റാതെ വെടിവെക്കാനുള്ള ശേഷിയുണ്ടാകണം. തോക്കിലൂടെ ടെലസ്‌കോപിക് കാഴ്ചയും സാധ്യമാകണം. തുടങ്ങി ഏത് കാലാവസ്ഥയിലും രാത്രിയിലും കാണുന്നതിനുള്ള ശേഷി തോക്കിനുണ്ടാകണം എന്നിങ്ങനെ പോകുന്നു സൈന്യം പുതിയ തോക്കില്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍.
നിലവിലെ ഐഎന്‍എസ്എഎസ് തോക്കുകള്‍ 1996ലാണ് ഇന്ത്യ ഉപയോഗിച്ചു തുടങ്ങിയത്. ഇതില്‍ ഒരു ലക്ഷത്തോളം തോക്കുകള്‍ സാങ്കേതികവിദ്യ കൈമാറ്റ പദ്ധതി പ്രകാരം തദ്ദേശീയമായി നിര്‍മിച്ചവയാണ്. ഇന്ത്യയുടെ പുതിയ ആയുധ ആവശ്യത്തോട് ഇസ്രയേല്‍, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി, സ്വിറ്റ്‌സര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ആയുധ കമ്പനികള്‍ അതീവ താത്പര്യത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്. എങ്കിലും ഇന്ത്യന്‍ സേനയുടെ ആവശ്യത്തിന് അനുസരിച്ചുള്ള റൈഫിളുകള്‍ ആര്‍ക്കാണ് വിതരണം ചെയ്യാനാവുകയെന്ന് ഇപ്പോഴും വ്യക്തമല്ല. 

No comments :

Post a Comment