Sunday, 16 October 2016

ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരും ഭീകരവാദികള്‍; ബ്രിക്‌സില്‍ മോദി

ഉണ്ണി കൊടുങ്ങല്ലൂര്‍
ബ്രിക്‌സ് തലവന്‍മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഫോട്ടോ: എപി.
ബ്രിക്‌സ് തലവന്‍മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഫോട്ടോ: എപി.

ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരും ഭീകരവാദികള്‍; ബ്രിക്‌സില്‍ മോദി


ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, ആയുധ വിതരണം, പരിശീലനം, രാഷ്ട്രീയ പിന്തുണ തുടങ്ങിയ എല്ലാ ഘടകങ്ങളും തടഞ്ഞാല്‍ മാത്രമേ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം ഫലവത്താവുകയുള്ളൂ
Published: Oct 16, 2016, 05:30 PM IST

ഗോവ: ഭീകരവാദം ലോകത്തിന് ഭീഷണിയാണെന്ന കാര്യത്തില്‍ ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ക്ക് ഒരേ അഭിപ്രായമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു് അദ്ദേഹം. ഭീകരവാദത്തെ സഹായിക്കുന്നവര്‍ ഭീകരവാദികളെ പോലെ തന്നെ അപകടകാരികളാണെന്നാണ് ബ്രിക്‌സ് രാജ്യങ്ങള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും ചില വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എതിരായി മാത്രം നടപടി സ്വീകരിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ അവസാന ഘട്ട സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, ആയുധ വിതരണം, പരിശീലനം, രാഷ്ട്രീയ പിന്തുണ തുടങ്ങിയ എല്ലാ ഘടകങ്ങളും തടഞ്ഞാല്‍ മാത്രമേ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം ഫലവത്താവുകയുള്ളൂ. ഓരോ രാജ്യങ്ങളും വ്യക്തിപരമായും സംഘടിതമായും ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളായി മോദി ചൂണ്ടിക്കാണിച്ചത് അഞ്ച് കാര്യങ്ങളാണ്. ബ്രിക്‌സ് രാജങ്ങള്‍ക്കിടയില്‍ പൊതുവായി സ്ഥാപനങ്ങള്‍ രൂപവത്കരിക്കുക, രാജ്യങ്ങള്‍ തമ്മില്‍ വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ വിപുലമാക്കുക, സാമ്പത്തികമായ മുന്‍ഗണനാ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, തീവ്രവാദത്തിന്റെ ഭീഷണിയില്‍നിന്ന് രാജ്യങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക, രാജ്യങ്ങള്‍ക്കിടയിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണവ.
കൃഷി, വ്യവസായം, കണ്ടുപിടിത്തം, ടൂറിസം, ഊര്‍ജ്ജം, സുരക്ഷ തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സഹകരണമാണ് അംഗരാജ്യങ്ങള്‍ക്കിടയില്‍ ആവശ്യമെന്നും മോദി ചൂണ്ടിക്കാട്ടി.
ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിലപാടുകള്‍ക്ക് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പിന്തുണയറിയിച്ചിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സുരക്ഷാ സംബന്ധിയായ ചര്‍ച്ചകളും സഹകരണവും വര്‍ധിപ്പിക്കണമെന്ന നിലപാടാണ് ചൈനീസ് പ്രസിഡന്റ് ക്‌സി ജിന്‍പിങ് സ്വീകരിച്ചത്.
നേരത്തെ, പാകിസ്താനെ ശക്തമായ ഭാഷയില്‍ മോദി വിമര്‍ശിച്ചിരുന്നു. ഭീകരവാദത്തിന്റെ മാതൃത്വം പാകിസ്താനാണെന്നും ഈ രാജ്യവുമായി ബന്ധപ്പെട്ടാണ് തീവ്രവാദ സംഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഭീകരവാദികള്‍ക്ക് അഭയം നല്‍കുക മാത്രമല്ല ആ രാജ്യം ചെയ്യുന്നത്. രാഷ് ട്രീയ നേട്ടത്തിനായി ഭീകരവാദപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് അയല്‍രാജ്യം തുടരുന്നത്. ആ ചിന്താഗതിയെ നാം ശക്തമായി അപലപിക്കണം.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീകരവാദം തടസ്സമാണ്. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി ലോകരാജ്യങ്ങള്‍ നില്‍ക്കണം. എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് ഒരേ സ്വരത്തില്‍ നടപടിയെടുക്കണമെന്നും മോദി പറഞ്ഞു.
ഭീകരവാദത്തെ പിന്തുണക്കുന്ന സമീപനം തുടരുന്ന പാകിസ്താനെ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ബ്രിക്സ് ഉച്ചകോടിയും ഇന്ത്യ അതിനുള്ള വേദിയായി ഉപയോഗിച്ചത്.

No comments :

Post a Comment