Tuesday, 4 October 2016

ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് വെളിച്ചം വീശിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് വെളിച്ചം വീശിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍


ഡേവിഡ് തൊലസ്, ഡങ്കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നിവരാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിട്ടത്
Published: Oct 4, 2016, 03:35 PM IST

സ്റ്റോക്ക്‌ഹോം: ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് സൈദ്ധാന്തികതലത്തില്‍ വെളിച്ചം വീശിയ മൂന്ന് ഗവേഷകര്‍ 2016ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായി. ബ്രിട്ടീഷ് വംശജരായ ഡേവിഡ് തൊലസ്, ഡങ്കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നീ ഗവേഷകരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മൂവരും അമേരിക്കയില്‍ ഗവേഷകരാണ്.
ഡേവിഡ് തൊലസ്
ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നു പേര്‍ക്കാകും ഇത്തവണ ഭൗതികശാസ്ത്ര നൊബേല്‍ എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം പ്രവചനങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് നൊബേല്‍ പ്രഖ്യാപനം വന്നത്.
മെറ്റീരിയല്‍സ് സയന്‍സിലും ഇലക്ട്രോണിക്‌സിലും പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ വഴിതുറക്കുന്ന മുന്നേറ്റമാണ് ഇത്തവണ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായവര്‍ നടത്തിയതെന്ന് നൊബേല്‍ കമ്മറ്റി വിലയിരുത്തി.
ഡങ്കന്‍ ഹാല്‍ഡേന്‍
6.1 കോടി രൂപയാണ് സമ്മാനത്തുക. അതില്‍ പകുതി വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് തൊലസിന് ലഭിക്കും. ബാക്കി പകുതി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഡങ്കന്‍ ഹാല്‍ഡേനും ബ്രൗണ്‍ സര്‍വകലാശാലയിലെ മൈക്കള്‍ കോസ്റ്റര്‍ലിറ്റ്‌സും പങ്കിടും.
ദ്രവ്യം വിചിത്രാവസ്ഥകള്‍ പ്രാപിക്കുന്ന അറിയാലോകങ്ങളിലേക്ക് ശാസ്ത്രലോകത്തിന്റെ സജീവശ്രദ്ധ ആകര്‍ഷിക്കുകയാണ് ഇവര്‍ മൂവരും ചെയ്തത്.
മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ്
'അതിനായി അതിചാലകങ്ങള്‍ ( superconductors ), അതിദ്രാവകങ്ങള്‍ ( superfluids ), നേര്‍ത്ത കാന്തികഫിലിമുകള്‍ തുടങ്ങിയവയുടെ വിചിത്ര ഘട്ടങ്ങള്‍ ( unusual phases ) അല്ലെങ്കില്‍ വിചിത്രാവസ്ഥകള്‍ ഗണിതസങ്കേതങ്ങളുപയോഗിച്ച് അവര്‍ പഠിച്ചു'വെന്ന് നൊബേല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.
ദ്രവ്യങ്ങളുടെ അവസ്ഥാന്തരങ്ങളെക്കുറിച്ച് പഠിക്കാനുപയോഗിക്കുന്ന 'ടോപ്പോളജിക്കല്‍ സങ്കല്‍പ്പങ്ങള്‍' ( topological concepts ) ആണ് മൂന്ന് ഗവേഷകരും തങ്ങളുടെ കണ്ടെത്തലിന് ഉപയോഗിച്ചത്.
തൊലസും കോസ്റ്റര്‍ലിറ്റ്‌സും 1970 കളിലാണ് ഇതുസംബന്ധിച്ച ആദ്യ കണ്ടെത്തലുകള്‍ നടത്തിയത്. അതിചാലകത, അതിദ്രവത്വം തുങ്ങിയ അവസ്ഥകള്‍ നേര്‍ത്ത പാളികളില്‍ ( thin layers ) സാധ്യമാകില്ല എന്നായിരുന്നു അപ്പോഴുണ്ടായിരുന്ന ധാരണ. അത് ശരിയല്ലെന്ന് ഇരുവരും തെളിയിച്ചു.
ഈ മുന്നേറ്റത്തിന് ശരിയായ വിശദീകരണം 1980 കളില്‍ തൊലസാണ് മുന്നോട്ടുവെച്ചത്. ടോപ്പോളജിക്കല്‍ സങ്കേതങ്ങളുടെ സഹായത്താലാണ് അദ്ദേഹമത് വിശദീകരിച്ചത്. ഏതാണ്ട് ആ സമയത്ത് നേര്‍ത്ത കാന്തികഫിലുമുകളുടെ അവസ്ഥ വിശദീകരിക്കാന്‍ ടോപ്പോളജിക്കല്‍ സങ്കല്‍പ്പങ്ങള്‍ ഉപയോഗിക്കാമെന്ന് ഹാല്‍ഡേന്‍ കണ്ടെത്തി.
ടോപ്പോളജിക്കല്‍ സങ്കല്‍പ്പങ്ങളെന്ന ഗണിതസങ്കേതങ്ങളെ ദ്രവ്യത്തിന്റെ അവസ്ഥാന്തരങ്ങള്‍ മനസിലാക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്നാണ് മൂവരും കാട്ടിത്തന്നത്. അതിനാണ് നൊബേല്‍ അവരെ തേടിയെത്തിയത്.
ഇത്തവണത്തെ രണ്ടാമത്തെ നൊബേല്‍ പ്രഖ്യാപനമാണ് ചൊവ്വാഴ്ചത്തേത്. ജാപ്പനീസ് ഗവേഷകനായ യോഷിനോരി ഒസുമിക്ക് വൈദ്യശാസ്ത്ര നൊബേ തിങ്കളാഴ്ച ലഭിച്ചിരുന്നു.

No comments :

Post a Comment