Sunday, 2 October 2016

വെണ്ടച്ചെടിയില്‍ 'ഹൃദയാമൃതം' ; വിളവെടുക്കാന്‍ ഏണിയും തോട്ടയും

ഉണ്ണി കൊടുങ്ങല്ലൂര്‍

വെണ്ടച്ചെടിയില്‍ 'ഹൃദയാമൃതം' ; വിളവെടുക്കാന്‍ ഏണിയും തോട്ടയും


ബെംഗളൂരുവില്‍ നിന്നാണ് വെണ്ടയുടെ വിത്തുകള്‍ രവീന്ദ്രന് കിട്ടിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയെന്ന 'ആത്മ'യുടെ കര്‍ഷക ക്ലാസ് ഇദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥിരമായി നടത്തുന്നുണ്ട്.
Published: Sep 28, 2016, 10:15 AM IST

വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ വെണ്ടയില്‍നിന്ന് വിളവെടുക്കണമെങ്കില്‍ നീളമുള്ള തോട്ടയോ ഏണിയോ ഉപയോഗിക്കണം. ഉള്ളൂര്‍ രെജി ഭവനില്‍ രവീന്ദ്രന്‍ എന്ന മാതൃകാ കര്‍ഷകന്റെ വീട്ടിലാണ് ഈ അതിശയ വെണ്ട വളരുന്നത്.
തറയില്‍ നിന്ന് 17 അടി ഉയരത്തിലാണ് വെണ്ടച്ചെടി വളര്‍ന്നത്. വലിയ തോട്ട വെച്ചാണ് വെണ്ടയ്ക്കകള്‍ പറിച്ചെടുക്കുന്നത്. വെണ്ടയ്ക്കയ്ക്കും അസാധാരണ വലിപ്പമുണ്ട്. ഇതിനകം 40ലേറെ വെണ്ടയ്ക്ക കിട്ടി. കൂടുതലും വിത്തിനായാണ് ഉപയോഗിച്ചത്. 200ഓളം കര്‍ഷകര്‍ക്ക് വിത്തുകള്‍ വിതരണം ചെയ്തു. അത്ഭുത വെണ്ട കാണാന്‍ രവീന്ദ്രന്റെ കൊച്ചുള്ളൂരിലെ വീട്ടിലേക്ക് കര്‍ഷകരും കാണികളും വരുന്നുണ്ട്.
ബെംഗളൂരുവില്‍ നിന്നാണ് ഇതിന്റെ വിത്തുകള്‍ രവീന്ദ്രന് കിട്ടിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയെന്ന 'ആത്മ'യുടെ കര്‍ഷക ക്ലാസ് ഇദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥിരമായി നടത്തുന്നുണ്ട്.
അതിന്റെ ഭാഗമായുള്ള പഠനയാത്രയ്ക്ക് ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് വലിയ വെണ്ടച്ചെടി കണ്ടത്. അഞ്ചു വിത്തുകളാണ് അവിടെനിന്നു ലഭിച്ചത്. രണ്ടെണ്ണം തറയിലും മൂന്നെണ്ണം ഗ്രോബാഗിലുമാണ് നട്ടത്. തറയില്‍ നട്ട ചെടികളാണ് വലിയ ഉയരത്തില്‍ വളര്‍ന്നത്. ഏറ്റവും വലുതിന് 17 അടിയും രണ്ടാമത്തേതിന് പതിനഞ്ചര അടിയുമാണ് പൊക്കമുള്ളത്. ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
ഗ്രോബാഗുകളിലെ ചെടികള്‍ പത്ത് അടി വരെ പൊങ്ങി. സ്വയം തയ്യാറാക്കുന്ന 'ഹൃദയാമൃതം' എന്ന മിശ്രിതമാണ് വളമായി പരീക്ഷണാര്‍ഥം ഉപയോഗിച്ചത്. പരീക്ഷണം വിജയമായതിനാല്‍ ഈ വെണ്ടയുടെ പ്രചാരണം തുടരാനാണ് രവീന്ദ്രന്റെ തീരുമാനം.
വലിപ്പമുള്ള നാടന്‍ കാച്ചില്‍, പുളിപ്പ് കുറഞ്ഞ ബ്രസീലിയന്‍ പാഷന്‍ഫ്രൂട്ട് എന്നിവയുടെ പ്രചാരണവും ഇദ്ദേഹം നടത്തുന്നുണ്ട്. 275 കിലോഗ്രാം കാച്ചില്‍ വിളയിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ കര്‍ഷകനാണ് രവീന്ദ്രന്‍. ഇനി ഏറ്റവും ഉയരമുള്ള വെണ്ട വിളയിച്ചും റെക്കോഡ് സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പാണ് ഉള്ളൂരിലെ വീട്ടില്‍ നടക്കുന്നത്. രവീന്ദ്രനും കുടുംബവും കാലങ്ങളായി ഓണമുണ്ണുന്നതും മട്ടുപ്പാവില്‍ വിളയിച്ച നെല്ലു കുത്തിയാണ്. ഭാര്യ സിന്ധുവും മക്കളായ രാഖി, രെജി എന്നിവരും രവീന്ദ്രനെ കൃഷിയില്‍ സഹായിക്കുന്നു.

No comments :

Post a Comment