Sunday, 16 October 2016

അനിത ചോദിക്കുന്നു... കിടപ്പാടം തല്ലിത്തകര്‍ത്ത് കുടിയിറക്കാന്‍ എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്

ഉണ്ണി കൊടുങ്ങല്ലൂര്‍
അനിതയുടെ വീട്ടിലെ സാധനങ്ങള്‍ തകര്‍ത്ത നിലയില്‍
അനിതയുടെ വീട്ടിലെ സാധനങ്ങള്‍ തകര്‍ത്ത നിലയില്‍

അനിത ചോദിക്കുന്നു... കിടപ്പാടം തല്ലിത്തകര്‍ത്ത് കുടിയിറക്കാന്‍ എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്

കണ്ണൂര്‍: ഒമ്പതുവര്‍ഷം സി.പി.എമ്മിന്റെ കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ ബ്രാഞ്ച് അംഗമായിരുന്നു ഇരുന്നാലിയത്ത് അനിത. ഭര്‍ത്താവ് കാഞ്ഞാന്‍ ദിനേശന്‍ സി.ഐ.ടി.യു. അംഗവും ചെത്തുതൊഴിലാളിയുമാണ്. എന്നിട്ടും, കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ഇവരുടെ വീട് പൂര്‍ണമായും തകര്‍ത്തു.

തനിക്ക് നേരിട്ട് അറിയാവുന്ന സഖാക്കളാണ് എല്ലാം ചെയ്തതെന്ന് അനിത പറയുന്നു. അതിന് ഒരുകാരണമേ ഉണ്ടാകാന്‍ വഴിയുള്ളു. ഒരിക്കല്‍ രണ്ടുസെന്റ് ഭൂമി സൗജന്യമായി നല്‍കി പണിത പാര്‍ട്ടി നിയന്ത്രണത്തിലുള്ള ക്ലബ്ബിന് ഇനിയും രണ്ടുസെന്റുകൂടി സൗജന്യമായി നല്‍കണമെന്ന് പറഞ്ഞപ്പോള്‍ വിയോജിപ്പ് അറിയിച്ചു. ഇത് കിടപ്പാടം തല്ലിത്തകര്‍ത്ത് കുടിയിറക്കാന്‍മാത്രം വലിയ തെറ്റായിരുന്നോ -അനിത നിറകണ്ണുകളോടെ ചോദിച്ചു.

ആര്‍.എസ്.എസ്.-സി.പി.എം. സംഘര്‍ഷത്തിനിടയിലാണ് വ്യക്തിവിരോധം തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചത്. ഇതും സംഘര്‍ഷത്തിന്റെ പേരിലുള്ളതാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ്. മകളുടെ വിവാഹത്തിന് മുമ്പാണ് വീട് നവീകരിച്ചത്. കൂലിപ്പണിയെടുത്ത് കിട്ടുന്ന പണം സ്വരൂപിച്ച് എല്ലാ സാധനങ്ങളും വാങ്ങി. ആ വീടാണ് ഒരു മൊട്ടുസൂചിപോലും ബാക്കിവെക്കാതെ തകര്‍ത്തത്. പഠനത്തിലും പാഠ്യേതര മേഖലയിലും മികവുതെളിയിച്ച മകള്‍ക്ക് നിരവധി ട്രോഫികള്‍ ലഭിച്ചിരുന്നു. ഇത് ഒന്നൊഴിയാതെ തല്ലിതകര്‍ത്തു. കേറിക്കിടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാക്കി വീട്. ഇപ്പോള്‍ പിണറായിലെ കുടുംബവീട്ടിലാണ് താമസിക്കുന്നതെന്നും അനിത പറഞ്ഞു.

ക്ലബ്ബിന് അധികമായി ഭൂമി വിട്ടുനല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ കൈയേറി കെട്ടിടം നിര്‍മിക്കാന്‍ തുടങ്ങി. ഇതിനെതിരെ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. പിന്നീട്, ഞങ്ങള്‍തന്നെ സ്ഥലംകൊടുത്ത് പണിത ഒരു ക്ലബ്ബ് നശിച്ചുപോകരുതെന്ന് തോന്നിയതിനാല്‍ സ്റ്റേ ഒഴിവാക്കി.

ഒരുസെന്റ് സ്ഥലം വീണ്ടും നല്‍കാമെന്ന് കരുതിയതാണ്. എന്നിട്ടും ഞങ്ങളെ ഉപദ്രവിക്കുകയായിരുന്നു. ഒരിക്കല്‍ വീട് അക്രമിച്ചിരുന്നു. ഇനി പ്രശ്‌നമൊന്നുമുണ്ടാവില്ലെന്ന് അറിയച്ചതിനാല്‍ ആ കേസ് പിന്‍വലിച്ചു. ഉപദ്രവം തുടര്‍ന്നപ്പോള്‍, സി.പി.എമ്മിലെ പ്രദേശിക നേതാക്കളോട് പരാതി പറഞ്ഞിരുന്നു. അവര്‍ക്കൊക്കെ ഞങ്ങളുടെ കാര്യം ബോധ്യപ്പെട്ടതാണ്. വീട് തല്ലിപ്പൊളിച്ചതു കണ്ടപ്പോള്‍ സ്ഥലത്തെ പഞ്ചായത്ത് അംഗം കരഞ്ഞുപോയി. ഇപ്പോഴും ഞങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണ്. പക്ഷേ, ചിലരാണ് ഞങ്ങളെ ഇത്രയേറെ ഉപദ്രവിക്കുന്നത്. ഒരു വീട് തകര്‍ത്തിട്ടുവേണ്ടിയിരുന്നോ ഇതുവരെ ഞങ്ങള്‍കൂടി പ്രവര്‍ത്തിച്ച പാര്‍ട്ടിയിലെ സഖാക്കള്‍ക്ക് ഈ പ്രതികാരം ചെയ്യാന്‍ -അനിത ചോദിച്ചു.

അനിതയുടെ കേസ് നടത്താന്‍ പീപ്പിള്‍സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന തയ്യാറായിട്ടുണ്ട്. അനിതയുടേത് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുങ്ങിപ്പോകുന്ന ഒറ്റപ്പെട്ട കേസായതിനാലാണ് സംഘടന ഏറ്റെടുത്തതെന്ന് അഡ്വ. ശ്യാം അശോക് പറഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്യാമിനൊപ്പം പത്രസമ്മേളനം നടത്തിയാണ് അനിത തന്റെ അനുഭവം വിവരിച്ചത്.

No comments :

Post a Comment