Saturday, 8 October 2016

പാക്ക് അതിർത്തി മുഴുവനും വേലി; 2018 ഡിസംബറിൽ പൂർത്തിയാക്കും

ഉണ്ണി കൊടുങ്ങല്ലൂര്‍
ജയ്സാൽമേറിൽ നാല് അതിർത്തി സംസ്ഥാനങ്ങളുടെ ആഭ്യന്തര മന്ത്രിമാർ, ആഭ്യന്തര സെക്രട്ടറിമാർ, പൊലീസ് മേധാവികൾ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തുന്നു.
ജയ്സാൽമേറിൽ നാല് അതിർത്തി സംസ്ഥാനങ്ങളുടെ ആഭ്യന്തര മന്ത്രിമാർ, ആഭ്യന്തര സെക്രട്ടറിമാർ, പൊലീസ് മേധാവികൾ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തുന്നു.

പാക്ക് അതിർത്തി മുഴുവനും വേലി; 2018 ഡിസംബറിൽ പൂർത്തിയാക്കും

ജയ്പുർ ∙ പാക്കിസ്ഥാനുമായുള്ള 3323 കിലോമീറ്റർ അതിർത്തിയും 2018 ഡിസംബറോടെ വേലികെട്ടി തിരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാന്റെ ആവർത്തിച്ചുള്ള വെടിനിർത്തൽ കരാർ ലംഘനങ്ങളും അതിർത്തിയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ജയ്സാൽമേറിൽ നാല് അതിർത്തി സംസ്ഥാനങ്ങളുടെ ആഭ്യന്തര മന്ത്രിമാർ, ആഭ്യന്തര സെക്രട്ടറിമാർ, പൊലീസ് മേധാവികൾ എന്നിവരുമായി നടത്തിയ സുരക്ഷാ വിലയിരുത്തൽ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അതിർത്തി പൂർണമായും വേലികെട്ടി തിരിക്കുന്ന ജോലി സമയബന്ധിതമായി പൂർത്തിയാക്കും. ഇതിന്റെ പുരോഗതി ഓരോ മാസവും വിലയിരുത്തും. നദികൾ ഒഴുകുന്നതു കാരണം വേലി സാധ്യമല്ലാത്ത ഇടങ്ങളിൽ പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി അതിർത്തി ലംഘനം തടയാനുള്ള നടപടികൾ എടുക്കും. സുരക്ഷാ ക്യാമറകൾ, സെൻസറുകൾ, റഡാറുകൾ, ലേസർ ക്യാമറകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി സ്ഥാപിക്കും.
അതിർത്തി സുരക്ഷാ വലയത്തിനും (ബോർഡർ സെക്യൂരിറ്റി ഗ്രിഡ്) രൂപംനൽകും. ഇന്നലത്തെ ചർച്ചയിൽ മുഖ്യമന്ത്രിമാരിൽനിന്നും ആഭ്യന്തര സെക്രട്ടറിമാർ, ഡിജിപിമാർ എന്നിവരിൽനിന്നും ലഭിച്ച പ്രാഥമിക നിർദേശങ്ങൾ ഉൾപ്പെടുത്തി ഇതിനായുള്ള രൂപരേഖ തയാറാക്കും. യോഗത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ജമ്മു–കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പഞ്ചാബ് ഡപ്യൂട്ടി മുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
യോഗത്തിനു ശേഷം കേന്ദ്രമന്ത്രി ജയ്സാൽമേറിനു സമീപം മുറാറിലെ അതിർത്തിരക്ഷാ പോസ്റ്റ് സന്ദർശിച്ചു ബിഎസ്എഫ് സേനാംഗങ്ങളുമായി നേരിട്ടു കാര്യങ്ങൾ വിലയിരുത്തി. ഇന്ന് അദ്ദേഹം മുനാബാവോയിലെയും ബാർമറിലെയും ബിഎസ്എഫ് ഒൗട്പോസ്റ്റുകൾ സന്ദർശിക്കും. ഗുജറാത്ത് 508, രാജസ്ഥാൻ 1037, പഞ്ചാബ് 553, കശ്മീർ 1225 വീതം കിലോമീറ്റർ അതിർത്തിയാണു പാക്കിസ്ഥാനുമായുള്ളത്.

No comments :

Post a Comment