Thursday, 27 October 2016

നെടുവീര്‍പ്പുകള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇരിക്കൂ സഖീ നീ, അടുത്തൊട്ടുനേരം
പറയാം നമുക്കാ, പഴയ കഥകൾ
അടുത്തൊന്നു നീ വന്നിരുന്നാലതെന്‍റെ,
മനസ്സിന്നു സൗഖ്യം പറയാവതുണ്ടോ..?!
കഴിഞ്ഞൂ പലനാൾ സുഖമോടെ നമ്മൾ
വയസ്സായിടുമെന്നതോർക്കാതെ തന്നെ
തിടുക്കം കൂട്ടി നാം പങ്കിട്ട കാലം
മതിയാക്കിടാനായണഞ്ഞല്ലോ രോഗം
സഹിക്കാൻ വിഷമം മരുന്നിന്‍റെ ഗന്ധം
കെടുത്തിക്കളഞ്ഞൂ, മമ ദേഹസൗഖ്യം
തുളച്ചൂ കയറുന്നു സൂചിതൻ നോവും
ഇനിയെത്ര കാലം സഹിക്കേണമെല്ലാം
കരക്കൊന്നു കേറും, പ്രതീക്ഷിച്ചു ഞാനും
കിടക്കുന്നിവിടെ കടലാസുപോലെ ..
നിനച്ചൂ പലനാൾ മനസ്സിൽ വൃഥാ ഞാൻ
നിനക്കായി ദുഃഖമല്ലാതെന്തു നല്കീ ..
ഒരുവേള ഞാൻ പരലോകം ഗമിച്ചാൽ
തനിച്ചാക്കി നിന്നെയിവിടെന്ന ദുഃഖം .
ഒരു നല്ലനാളെ കണികാണുവാനായ്
വിധാതാവു പോലും തുണച്ചില്ല നമ്മെ ..
തെളിച്ചൂ തിരി നീ, മമ ജീവിതത്തിൽ
കഴിഞ്ഞു പലനാൾ ഒരുമിച്ചു നമ്മൾ
ഗമിക്കാം നമുക്കാ പഴയതാം വീട്ടിൽ
മതിയായിവിടെ കിടന്നതെനിക്ക് ..
കാണേണമിന്നെന്‍റെ വീടൊന്നുകൂടെ
കാണുവാനാഗ്രഹം ഏറുന്നു ഹൃത്തിൽ
അവിടെയായുമ്മറത്തിണ്ണയിലൽപം
പുറംകാഴ്ച കണ്ടങ്ങിരിക്കാം നമുക്ക് ..
കഴിയാം ഇനി നമുക്കല്പകാലം കൂടി
മൊഴിയാം സമാശ്വാസ വാക്കുകൾ തമ്മിൽ
നടക്കാം എനിക്കീ വഴിയിലൂടിപ്പം
കരയാതെ എന്നെ നീ താങ്ങൂ ഒരല്പം ..
അവിടെയാ മണ്ണിന്‍റെ ഗന്ധം ശ്വസിച്ചാൽ
ഉണരും പതിയെയാ ഉത്സാഹമെന്നിൽ
ഇരിക്കൂ സഖീ നീ, എന്നടുത്തൊട്ടുനേരം
മറക്കാം നമുക്കാ വിഷാദസ്‌മൃതികൾ .
============================
കവിത ഫെയ്സ്ബുക്ക് പേജിൽ
Like
Comment
Comments
Unni Kodungallur
Write a comment...

No comments :

Post a Comment