ഉണ്ണി കൊടുങ്ങല്ലൂര്‍
ഗുരുദേവ സംഭവകഥകള്‍ - 6
=======================
=======================
കോലത്തുകര ക്ഷേത്രത്തിലെ ഗണപതിക്ഷേത്രം
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ കുളത്തൂർ കോലത്തുകരയിൽ വിശ്രമിക്കുമ്പോൾ ഒരു ദിവസം പല സ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ച്, ഒരു സിദ്ധൻ ഇവിടെ വന്നു ചേർന്നു. തൃപ്പാദങ്ങളുമായി സംസാരിച്ചിരിക്കുമ്പോൾ, ഗുരുദേവൻ സിദ്ധനോട്, "ഇനി എവിടെയെങ്കിലും സ്ഥിരമായി തങ്ങണം അല്ലയോ ?"_സിദ്ധൻ "അതെ''._എന്നാൽ, ഇവിടെത്തന്നെ താമസിക്കണമെന്ന് ഗുരുദേവൻ നിർദ്ദേശിക്കുകയും സിദ്ധൻ അത് സമ്മതിക്കുകയും ചെയ്തു. ഇലങ്കം എന്ന കെട്ടിടം സിദ്ധന് താമസിക്കാൻ സൗകര്യപ്പെടുത്തിക്കൊടുക്കുവാൻ ഗുരുദേവൻ കല്പിച്ചു. അങ്ങനെ കുറേ വർഷങ്ങൾ സിദ്ധൻ ഇലങ്കത്തിൽ താമസിച്ചു. ഇപ്പോൾ ഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓലകൊണ്ട് കെട്ടിയ പുരയിൽ ഗണപതിയെ പ്രതിഷ്ഠിച്ച് പൂജ നടത്തിവന്നിരുന്നു. സിദ്ധന്റെ പേരെന്താണെന്ന് ആർക്കും അറിഞ്ഞുകൂടാ. അതിഗംഭീരമായ ജഡ ഉണ്ടായിരുന്നതിനാൽ ആളുകൾ 'ജഡാധരസ്വാമികൾ' എന്നാണ് വിളിച്ചിരുന്നത്. ഗുരുദേവനെ 'വലിയസ്വാമി'യെന്നും, സിദ്ധനെ 'ചെറിയസ്വാമി'യെന്നും വിളിക്കുമായിരുന്നു. ജഡാധരസ്വാമിക്ക് ഇഷ്ടദേവനായ ഗണപതി പ്രത്യക്ഷമായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. അതിനവർക്ക് പല അനുഭവങ്ങളും ഉണ്ടായിരുന്നു. ഇഷ്ടദേവനായ ഗണപതിയെ തന്റെ സമാധിയിൽ പ്രതിഷ്ഠിക്കണമെന്ന് ഗുരുദേവനോടും ആൾക്കാരോടും സ്വാമി പറഞ്ഞിരുന്നു. സമാധിദിവസവും സമയവും മുൻകൂട്ടി പറയുകയും ശിവഗിരിയിൽ ഗുരുദേവനെ ആൾവശം അറിയിക്കുകയും ചെയ്തു. ഗുരുദേവൻ ഉടൻതന്നെ ശിഷ്യന്മാരെ കുളത്തൂരിലേക്ക് സമാധിക്ക് ഒരുക്കാൻ പറഞ്ഞയച്ചു. വൈകുന്നേരം ആറ് മണിക്കായിരുന്നു സമാധിസമയം. സമാധി കഴിഞ്ഞാണ് ഗുരുദേവൻ എത്തിയത്. ശിഷ്യന്മാർ സമാധി ഇരുത്തി ഗണപതി പ്രതിഷ്ഠക്കുളള ഒരുക്കങ്ങൾ പൂർത്തിയാക്കി. രാവിലെ 3 മണിക്കായിരുന്നു പ്രതിഷ്ഠാ സമയം. ബോധാനന്ദസ്വാമികളാണ് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. ഗുരുദേവൻ കൈവച്ച് അനുഗ്രഹിച്ചു. ഇതുപോലെ ഒരു മഹാ സിദ്ധന്റെ സമാധിയിൽ ഗണപതി പ്രതിഷ്ഠ ഒരിടത്തും കാണുകയില്ല.
ഒരു ദിവസം ഗുരുദേവനും ജഡാധരസ്വാമികളും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗുരുദേവൻ ചോദിച്ചു _"ഇപ്പോൾ അരുവിപ്പുറത്ത് എന്ത് സംഭവിച്ചു ?"_ഉടൻതന്നെ ജഡാധരസ്വാമി ധ്യാനത്തിലിരുന്ന് അരുവിപ്പുറം ക്ഷേത്രത്തിലെ _"കെടാവിളക്ക് അണഞ്ഞുപോയി"_ എന്ന് പറഞ്ഞു. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പിൽക്കാലത്താണ് അറിഞ്ഞത് അദ്ദേഹം തിരുവനന്തപുരം പാൽക്കുളങ്ങര പ്രസിദ്ധമായ ഒരു നായർതറവട്ടിലെ അംഗമാണെന്ന്. ഇപ്പോഴും ആ കുടുംബത്തിലെ അംഗങ്ങൾ ഇവിടെ വന്ന് പൂജകൾ നടത്താറുണ്ട്. ശിവൻകോവിലിലെന്നപ്പോലെ ഇവിടെയും രണ്ടുനേരവും അഭിഷേകവും ചാർത്തും നിവേദ്യപൂജകളും നടത്താറുണ്ട്
No comments :
Post a Comment