Saturday, 25 June 2016

പി.ടി ഉഷയ്ക്ക് ശേഷം 100 മീറ്റര്‍ വനിത വിഭാഗത്തില്‍ ഒളിംപിക് യോഗ്യത നേടുന്ന ആദ്യ താരം . ദ്യുതിചന്ദ്

ദ്യുതിചന്ദിന് ഒളിംപിക് യോഗ്യത


പി.ടി ഉഷയ്ക്ക് ശേഷം 100 മീറ്റര്‍ വനിത വിഭാഗത്തില്‍ ഒളിംപിക് യോഗ്യത നേടുന്ന ആദ്യ താരമാണ് ദ്യുതിചന്ദ്

June 25, 2016, 03:13 PM IST
കസാക്കിസ്ഥാന്‍: ഇന്ത്യയുടെ 100 മീറ്റര്‍ വനിത ദേശീയ ചാമ്പ്യന്‍ ദ്യുതി ചന്ദ് റിയോ ഒളിംപിക്‌സ്‌ യോഗ്യത നേടി. കസാക്കിസ്ഥാനില്‍ നടന്ന രാജ്യാന്തര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് 100 മീറ്ററില്‍ റെക്കോഡ് നേട്ടത്തോടെ കരിയറിലെ മികച്ച സമയം കുറിച്ച് (11.30 സെക്കന്‍ഡ്‌) ദ്യുതി റിയോയ്ക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
ഏപ്രിലില്‍ ഡല്‍ഹിയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റില്‍ ഒഡീഷന്‍ താരം ദ്യുതിക്ക് ഒളിംപിക്‌സ്‌ യോഗ്യത നഷ്ടമായത് നൂറിലൊരംശത്തിനായിരുന്നു, എന്നാല്‍ 11.33 സെക്കന്റില്‍ ഫിനിഷ് ചെയ്ത ദ്യുതി അന്ന് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. 11.32 സെക്കന്റായിരുന്നു ഒളിംപിക്‌സ്‌ യോഗ്യത മാര്‍ക്ക്. ശരീരത്തില്‍ അധിക അളവില്‍ പുരുഷ ഹോര്‍മോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ട്രാക്കിലിറങ്ങാനാവാതെ വിലക്കുനേരിട്ടിരുന്ന ദ്യുതി കഴിഞ്ഞവര്‍ഷം ലോകകായിക തര്‍ക്കപരിഹാരകോടതിയെ സമീപിച്ചാണ് ട്രാക്കിലേക്ക് തിരിച്ചെത്തിയിരുന്നത്.
1980-ല്‍ മലയാളിയായ പി.ടി ഉഷയായിരുന്നു അവസാനമായി വനിത വിഭാഗം 100 മീറ്ററില്‍ ഒളിംപിക് യോഗ്യത നേടിയ ഇന്ത്യന്‍ താരം. തായ്‌വാന്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണ്ണം നേടിയെത്തിയ ദ്യുതിക്ക് ഒളിംപിക് യോഗ്യത നേടാനുള്ള അവസാന അവസരമായിരുന്നു ഇത്. ആഗസ്ത് 5-ന് ആരംഭിക്കുന്ന റിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന 99-ാമത്തെ ഇന്ത്യന്‍ താരമാണ് ദ്യുതി.  

No comments :

Post a Comment