'ആരും പാര്‍ട്ടിയേക്കാള്‍ വലുതല്ല': സ്വാമിക്ക് മോദിയുടെ താക്കീത്
പാര്‍ട്ടിയുടെ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കളെ മോദി ശക്തമായി താക്കീത് ചെയ്തു.
June 27, 2016, 05:32 PM ISTന്യൂഡല്‍ഹി: ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിക്കെതിരെ കടുത്ത വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരും പാര്‍ട്ടിയേക്കാള്‍ വലുതല്ലെന്നും പ്രശസ്തി ലക്ഷ്യംവെച്ച് പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തുടങ്ങിയവര്‍ക്കെതിരായി അടുത്തിടെ സ്വാമി നടത്തിയ വിമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മോദി.
പാര്‍ട്ടിയുടെ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കളെ മോദി ശക്തമായി താക്കീത് ചെയ്തു. രഘുറാം രാജന്‍ രാജ്യസ്‌നേഹിയല്ലെന്നും രാജ്യവിരുദ്ധ താത്പര്യങ്ങളാണ് അദ്ദേഹത്തിനുള്ളതെന്നുമുള്ള സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്ന് മോദി പറഞ്ഞു. രാജന്‍ ഏത് പദവി വഹിച്ചാലും അദ്ദേഹം ഇന്ത്യയെ സേവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി വ്യക്തമാക്കി.
പ്രശസ്തിക്കായി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന് ഒരുവിധത്തിലും ഗുണം ചെയ്യില്ല. നേതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി പെരുമാറണം. പാര്‍ട്ടിയേക്കാള്‍ വലുതാണ് തങ്ങളെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ അരവിന്ദ് സുബ്രഹ്മണ്യന്‍, ശക്തികാന്ത് ദാസ് തുടങ്ങിയവര്‍ക്കും എതിരായി കഴിഞ്ഞ ദിവസം സുബ്രഹ്മണ്യം സ്വാമി കടുത്ത വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment