Friday, 24 June 2016

റെഡി ഗോ കാര്‍

2.3 ലക്ഷം രൂപയുടെ റെഡിഗോ വിപണി പിടിക്കുമോ?

രാജ്യത്തെ ഏറ്റവും വിൽപനയുള്ള കാറെന്ന ഖ്യാതി മാരുതി സുസുക്കി ഓൾട്ടോ ഏറെനാളായി നിലനിർത്തുന്നു.  ഓൾട്ടോയെ പിടിച്ചുകെട്ടാൻ ഹ്യൂണ്ടേയ് പുറത്തിറക്കിയ മോഡലുകളാണ് ഇയോൺ, ഗ്രാന്റ് ഐ10 എന്നിവ. ഇരു മോ‍ഡലുകൾക്കും വിപണിയിൽ ഓൾട്ടോയ്ക്കു കാര്യമാത്ര വെല്ലുവിളി ഉയർത്താനായില്ല. എന്നാൽ പുറത്തിറങ്ങി ആറുമാസത്തിനുള്ളിൽ തന്നെ വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചു മുന്നേറുന്ന റെനോ ക്വിഡ് ഓൾട്ടോയുടെ ഈ ഖ്യാതിക്കു കനത്ത വെല്ലുവിളി ഉയർത്തി മുന്നേറുകയാണ്
ഈ നിരയിലേയ്ക്കു പുതുതായെത്തുന്ന താരമാണു ഡാറ്റ്സൺ റെഡിഗോ. ക്വിഡ് പ്ലാറ്റ്ഫോം സിഎംഎഫ്-എ (CMF-A) നിർമിതമാണ് ഈ മോഡൽ. രാജ്യത്തു വിപണി പിടിച്ചടക്കാനുള്ള ഡാറ്റ്സണ്‍-ന്റെ പ്രധാന ആയുധമായാണു റെഡിഗോയെ വിലയിരുത്തിയിരിക്കുന്നത്.  വിപണിയിൽ ചലനമുണ്ടാക്കാൻ ഡാറ്റ്സൺ റെഡിഗോ മൽസരിക്കുന്നത് ഓൾട്ടോ 800, ഇയോൺ, ക്വിഡ് എന്നിവയുമായിട്ടാണ്. മറ്റു മോഡലുകൾ തോറ്റിടത്തു വിജയക്കൊടി നാട്ടുവാൻ റെഡിഗോക്കു കഴിയുമോ? ഒരു താരമത്യം.
Datsun RediGo
ഡിസൈൻ
2014 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച അതേ ഡിസൈൻ തന്നെയാണ് റെഡിഗോ പിന്തുടരുന്നത്. ടോൾ ബോയ് സ്റ്റൈലിങ്. കൂടുതൽ യാത്രാസൗകര്യവും സ്ഥലവും അകത്തു ലഭിക്കുന്ന തരത്തിൽ വിസ്താരമേറിയതാണു അകത്തളത്തിന്റെ രൂപകൽപന. ഇതിനായി ബോണറ്റിന്റെ വലുപ്പം കുറച്ചിരിക്കുന്നു. വില പ്രഖ്യപിച്ചിട്ടില്ലെങ്കിലും 2.5 ലക്ഷം ആയിരിക്കും എന്നാണു കരുതുന്നത്.
എൻട്രി ഹാച്ച്ബാക്ക് സെഗ്‌‌മെന്റിൽ ഏറ്റവും മികച്ച ഡിസൈന് ഉടമയാണ് ഇയോൺ. ഭംഗിയുള്ള രൂപവും ധാരാളം ഫീച്ചറുകളുമായി എത്തിയ ഇയോൺ ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഈ സെഗ്‌മെന്റിലേക്ക് എസ്‌യുവിയുടെ മസ്കുലർ രൂപം കൊണ്ടുവന്ന വാഹനമാണ് ക്വിഡ്. സ്ക്വയർ രൂപവും, വലിയ ക്രോം ഗ്രില്ലുകളും ക്വിഡിനെ തികച്ചും ആകർഷകമാക്കുന്നു. വിംഗ് മിററുകൾ, ചെറിയ മൂന്നു നട്ട് വീലുകൾ എന്നിവ ഈ കാറിന്റെ മറ്റു പ്ലസ് പോയിന്റുകൾ. മുഖം മാറ്റി എത്തിയപ്പോൾ കൂടുതൽ സുന്ദരിയായി ഓൾട്ടോ. അകത്തും പുറത്തും ധാരാളം മാറ്റങ്ങളുമായി വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ തന്നെയാണ് ഓൾട്ടോയുടെ പുറപ്പാട്.
Hyundai Eon
ഡൈമൻഷൻ
3429 എംഎം നീളം, വീതി 1560 എംഎം. ഉയരം 1541 എന്നിങ്ങനെ പോകുന്നു റെഡിഗോയുടെ അഴകളവുകൾ. ഏകദേശം 2350 എംഎം വീൽബേയ്സോടു കൂടെയെത്തുന്ന റെഡിഗോയ്ക്ക് 185 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. ക്വിഡ്, ഓൾട്ടോ, ഇയോൺ എന്നിവയെല്ലാം ഗ്രൗണ്ട് ക്ലിയറൻസിൽ റെ‍ഡിഗോയ്ക്കു പിന്നിൽ മാത്രം. നീളത്തിലും വീതിയിലും ക്വിഡ് (3679 എംഎം നീളം, വീതി 1579 എംഎം.), ഹ്യൂണ്ടേയ് ഇയോൺ (3495 എംഎം നീളം, വീതി 1550 എംഎം.) എന്നിവ മുന്നിലാണ്. മൂന്നാമതാണു റെഡിഗോ. എന്നാൽ ഉയരത്തിൽ ഏവരെയും റെഡിഗോ പിന്തള്ളുന്നു. 1541 എംഎം ആണ് ഉയരം. തൊട്ടടുത്തുള്ള ഇയോണിന്റെ ഉയരമാകട്ടെ 1500 എംഎം മാത്രം.
ബൂട്ട് സ്പേസ്
220 ലിറ്ററാണ് റെഡിഗോയുടെ ബൂട്ട്സ്പേസ്. 300 ലിറ്റർ ബൂട്ട്സ്പേസ് നൽകുന്ന ക്വിഡ് തന്നെ മുന്നിൽ. ഇയോൺ 215 ലിറ്റർ ബൂട്ട്സ്പേസ് നൽകുമ്പോൾ 160 ലിറ്റർ മാത്രമാണ് ഓൾട്ടോയുടെ ബൂട്ട്സ്പേസ്.
Maruti Alto 800
ഭാരം
നാലു മോ‍ഡലുകളിൽ ഏറ്റവും ഭാരംകുറഞ്ഞ മോഡലാണു റെ‍ഡിഗോ. 645 കിലോഗ്രാം. 715 കിലോ ഭാരമുള്ള ഇയോണാണു ഭാരത്തിൽ മുന്നിൽ. 695 കിലോയുമായി ഓൾട്ടോ രണ്ടാമതും 670 കിലോയുമായി ക്വിഡ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
എൻജിൻ, ഗിയർബോക്സ്
799 സിസി, ത്രീ സിലിണ്ടർ പെട്രോൾ എന്‍ജിനാണ് റെഡിഗോയ്ക്കും ക്വിഡിനും കരുത്തേകുന്നത്. 54 ബിഎച്ച്പി പരമാവധി കരുത്ത്. 72 എൻഎം ടോർക്. 796 സിസി പെട്രോൾ എന്‍ജിനാണ് ഓൾട്ടോയുടെ കരുത്ത്. പരമാവധി 48 ബി എച്ച് പി കരുത്തു നൽകുന്ന ഈ എൻജിന്‍ 68 എൻഎം ടോർക് ഉൽപ്പാദിപ്പിക്കുന്നു. 814 സിസി, ത്രീ സിലിണ്ടർ പെട്രോൾ എന്‍ജിനുള്ള ഇയോണാണു ഏറ്റവും കരുത്തുറ്റ എൻജിനുള്ളത്. 56 ബിഎച്ച്പി പരമാവധി കരുത്തും 74.5 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എൻജിൻ. എല്ലാ മോഡലിലുമുള്ളത് അഞ്ചു സ്പീഡ് മാനുവൽ ഗിയർ ട്രാൻസ്മിഷൻ.
ഫീച്ചറുകൾ
ക്വിഡിൽ നൽകിയിരിക്കുന്ന ടച്ച്സ്ക്രീൻ ഒഴിവാക്കിയാകും റെഡിഗോ എത്തുക. ലക്ഷ്യം മറ്റൊന്നുമല്ല വിലയിൽ ക്വിഡിനെ പിന്തള്ളുക എന്നതുതന്നെ. ടോപ്-എൻഡ് വേരിയന്റിൽ ഡ്രൈവർ സൈഡ് എയർബാഗുമായാണു ക്വിഡും റെഡിഗോയുമെത്തുന്നത്. അതേ സമയം ഓൾ‌ട്ടോ, ഇയോൺ (ഇയോൺ ബേസ് വേരിയന്റിൽ ഈ ഓപ്ഷൻ നൽകുന്നില്ല) എന്നിവ എല്ലാ മോഡലുകളിലും ഡ്രൈവർ സൈഡ് എയർബാഗ് ഓപ്ഷനായി നൽകുന്നു. ഒരു കാറിലും എബിഎസ് ഇല്ലയെന്നതും ശ്രദ്ധേയമാണ്.
Renault Kwid
വില
എൻട്രിലെവൽ ഹാച്ച്ബാക്ക് നിരയിലേക്കെത്തുന്ന ഡാറ്റ്സൺ റെഡിഗോയുടെ ആരംഭവില 2.38 ലക്ഷം മുതൽ 3.34ലക്ഷം വരെയാണ്. ഓൾട്ടോ, ഇയോൺ എന്നിവയുടെ കോട്ടയം എക്സ്ഷോറൂം വിലകൾ ആരംഭിക്കുന്നത് 2.6 ലക്ഷത്തിലും 3.28 ലക്ഷത്തിലുമാണ്. ക്വിഡിന്റേത് 2.77 ലക്ഷത്തിലും ആരംഭിക്കുന്നു.
മാരുതി പോലുള്ള കാർനിർമാതാക്കളെ അപേക്ഷിച്ച് ഇതുവരെ ഇന്ത്യയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കാത്ത നിർമാതാക്കളാണു ഡാറ്റ്സൺ. മാരുതി ഓൾട്ടോ ആകട്ടെ ജനപ്രിയ ബ്രാൻഡ് എന്ന നിലയിലും ശ്രദ്ധയാകർഷിക്കുന്നു. ഇതിനു പുറമെ എസ്‌യുവി ലുക്കുമായെത്തി അതിവേഗം ജനപ്രീതി നേടിമുന്നേറുന്ന  ക്വിഡും മികച്ച വെല്ലുവിളി ഉയർത്തുന്നു. ഇവയുടെ വെല്ലുവിളി മറികടന്നു മുന്നേറാൻ റെഡിഗോയ്ക്കു സാധിക്കുമോയെന്നറിയാൻ അൽപം കൂടി കാത്തിരിക്കേണ്ടി വരും.

No comments :

Post a Comment