Thursday, 30 June 2016

തേജസ് ഇനി വ്യോമസേനയ്ക്ക് സ്വന്തം

തേജസ് ഇനി വ്യോമസേനയ്ക്ക് സ്വന്തം, പാക്കിസ്ഥാന്റെ ജെഎഫ് 17 നേക്കാൾ മികച്ചത്

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരം കുറഞ്ഞ പോര്‍വിമാനമായ ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റായ തേജസ് വ്യോമസേനയുടെ ഭാഗമാകുന്നു. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡില്‍ നിര്‍മിച്ച വിമാനങ്ങളില്‍ രണ്ടെണ്ണമാണ് ആദ്യഘട്ടമായി ഫ്ളയിങ് ഡാഗേഴ്സ്-45 എന്ന പേരില്‍ സേനയുടെ ഭാഗമാകുന്നത്.
ബെംഗളൂരുവിൽ വച്ചാണ് വിമാനങ്ങൾ എച്ച്എഎൽ വ്യോമസേനയ്ത്ത് കൈമാറുന്നത്. രണ്ട് വർഷം ബെംഗളൂരുവിൽ തന്നെ തുടരുന്ന പോർ വിമാനങ്ങൾ പിന്നീട് കോയമ്പത്തൂർ സുളൂരിലെ വ്യോമസേനാ താവളത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. നടപ്പു വർഷം ആറും 2017ൽ എട്ടും തേജസ് വിമാനങ്ങൾ കമ്മീഷൻ ചെയ്യാനാണ് വ്യോമസേന ഉദ്ദേശിക്കുന്നത്. അടുത്ത വർഷത്തോടെ മിഗ് വിമാനങ്ങൾ പൂർണമായും ഒഴിവാക്കി പകരം തേജസ് കൊണ്ടുവരാൻ കഴിയുമെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീഖർ നേരത്തെ പറഞ്ഞിരുന്നു.
ഓരോ സ്ക്വാഡ്രണിലും 20 വിമാനങ്ങളാണ് ഉണ്ടാവുക. മുകളിൽ വച്ചു തന്നെ ഇന്ധനം നിറയ്ക്കാൻ കഴിയുന്ന തേജസ് പോർ വിമാനങ്ങളായിരിക്കും രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുക. തേജസ് വ്യോമസേന ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ഏറ്റവും കഠിനമായ കടമ്പകൾ ആഴ്ചകൾക്ക് മുൻപെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വ്യോമസേനാ മേധാവി എയർ മാഷൽ അരൂപ് റാഹയാണ് അര മണിക്കൂർ തേജസ് പറത്തി. ഇന്ത്യൻ സേനയ്ക്ക് ഇണങ്ങുന്ന വിമാനമാണിതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. തേജസ് താൻ ആദ്യമായാണു പറത്തുന്നതെന്നും സേനയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണിതെന്നും 3,400 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള അരൂപ് റാഹ വ്യക്തമാക്കിയിരുന്നു.
ഗ്രൂപ്പ് ക്യാപ്റ്റൻ എൻ.രംഗചാരിക്കൊപ്പമാണ് അരൂപ് റാഹ തേജസ് പറത്തിയത്. റഡാർ, ഹെൽമറ്റ് കേന്ദ്രീകൃത ഡിസ്പ്ലേ സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ച് വിലയിരുത്തിയത്. 2014ൽ വ്യോമസേനാ ഉപമേധാവി എയർ മാഷൽ എസ് ബി.പി.സിൻഹയും തേജസ് പറത്തിയിട്ടുണ്ട്. ആകെ 120 തേജസ് പോർവിമാനങ്ങൾ ഏറ്റെടുക്കാനാനുള്ള കരാറാണു നിലവിലുള്ളത്.
ഓരോ വിമാനത്തിനും 220 മുതൽ 250 കോടി രൂപ വരെയാണ് നിർമ്മാണ ചെലവ്. ഇത് അത്യാധുനിക സംവിധാനങ്ങൾ വർധിപ്പിക്കുമ്പോൾ 275 കോടി മുതൽ 300 കോടി വരെയാകുമെന്നും വിലയിരുത്തുന്നു.
13.2 മീറ്റർ നീളവും 4.4 മീറ്റർ ഉയരവുമുള്ള വിമാനത്തിന്റെ ആകെ ഭാരം 12 ടണ്ണാണ്. മണിക്കൂറിൽ 1,350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തേജസ് 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കും. ഒരിക്കൽ ഇന്ധനം നിറച്ചാൽ 400 കിലോമീറ്റർ വരെ പറക്കാൻ കഴിയും. 

No comments :

Post a Comment