Wednesday, 29 June 2016

ഓൺലൈനിലൂടെ കടം വാങ്ങാം

ഓൺലൈനിലൂടെ കടം വാങ്ങാം, ബ്ലേയ്ഡ് പലിശക്കാരെ ഒഴിവാക്കാം

കൊച്ചി∙ നിങ്ങൾക്ക് അരലക്ഷം രൂപ കടം വേണം, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കിട്ടണം, ഈടു വയ്ക്കാൻ സ്വർണമോ വസ്തുവോ ഒന്നുമില്ല. കൊള്ളപ്പലിശക്കാരെ ആശ്രയിക്കാതെ അത്തരം ആവശ്യങ്ങൾക്ക് ധനസഹായം ലഭിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പ്രചാരത്തിലാകുന്നു. അനേകം കമ്പനികൾ രംഗത്തു വരുന്നതിനാൽ നിയന്ത്രണച്ചട്ടങ്ങൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഒരുക്കം തുടങ്ങി.
ഇത്തരം വായ്പയിടപാടുകളെ പീയർ ടു പീയർ ലെൻഡിങ് (peer to peer ( P2P) ലെൻഡിങ്) എന്നാണു ലോകമാകെ വിളിക്കുന്നത്. സ്മാർട്ഫോണുകളും ഓൺലൈൻ സേവനവും വ്യാപകമായതോടെ അവതരിച്ച പുതിയ ധനകാര്യ ബിസിനസ് മോഡലാണിത്. യൂബർ ടാക്സിയുടെ ധനകാര്യ രൂപമെന്നു വിളിക്കാം. ടാക്സി ഇടപാടിൽ ടാക്സി ഡ്രൈവറും ഓട്ടം വിളിക്കുന്ന ആളും തമ്മിലുള്ള ഇടപാടിനു മധ്യസ്ഥൻ മാത്രമാണ് യൂബർ എന്നതു പോലെയാണ് പി2പി വായ്പ കൊടുക്കൽ വാങ്ങലിൽ ഓൺലൈൻ കമ്പനിയുടെ സേവനം. കടം കൊടുക്കുന്നയാൾ വാങ്ങുന്നയാളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു പണം ഇടുകയാണ്. ഇരുകൂട്ടരിൽനിന്നും ചെറിയ ഫീസ് വാങ്ങി മധ്യസ്ഥത വഹിക്കുക മാത്രമാണ് ഓൺലൈൻ കമ്പനിയുടെ ജോലി. തീയതി രേഖപ്പെടുത്താതെ ഒപ്പിട്ട ചെക്കും അവർ വാങ്ങിവയ്ക്കും.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി കൺസൽ‌റ്റന്റ് പേപ്പർ റിസർവ് ബാങ്ക് വെബ്സൈറ്റിൽ ഈയിടെയാണു പ്രസിദ്ധീകരിച്ചത്. നിർദ്ദേശങ്ങൾ ലഭിച്ച ശേഷം ചട്ടങ്ങൾ പുറപ്പെടുവിക്കും. അതോടെ ഈ രംഗവും റിസർവ് ബാങ്ക് ആക്ടിന്റെ പരിധിയിലാകും.
ബാങ്ക്ഇതര ധന സ്ഥാപനങ്ങൾ അനേകമുള്ള കേരളത്തിൽ ഈ പുതുതലമുറ ബിസിനസ് പ്രാരംഭത്തിൽ തന്നെ പുഷ്കലമാകാനുള്ള സാഹചര്യം ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വ്യക്തികൾ തമ്മിലുള്ള കടംകൊടുക്കൽ വാങ്ങലിനു മധ്യസ്ഥത വഹിക്കുന്ന ഓൺലൈൻ കമ്പനിയിൽ അതിനായി പേരു റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കടംകൊടുക്കാനും വാങ്ങാനും ഉദ്ദേശിക്കുന്നവർ അങ്ങനെ റജിസ്റ്റർ ചെയ്യുമ്പോൾ ചെറിയ ഫീസ് കമ്പനി ഈടാക്കുന്നുണ്ട്. കടം വാങ്ങുന്നവരുടെ പശ്ചാത്തലം അന്വേഷിക്കുന്ന സേവനമാണു കമ്പനി പ്രധാനമായും ചെയ്യേണ്ടത്. വരുമാനം, മുമ്പു കടം വാങ്ങിയപ്പോഴൊക്കെയുള്ള തിരിച്ചടവിന്റെ ചരിത്രം മുതലായവ പരിഗണിച്ച് റേറ്റിങ് നൽകുന്നു. റേറ്റിങ് മോശമെങ്കിൽ കടം കിട്ടില്ല.
മികച്ച റേറ്റിങ് ലഭിച്ചാൽ, കടംകൊടുക്കാൻ തയാറായിട്ടുള്ള വ്യക്തികൾക്കു പലിശ വാഗ്ദാനം ചെയ്യാം. ഓൺലൈനിലൂടെയാണ് പലിശയുടെ ലേലം നടക്കുന്നത്. ഉദാഹരണത്തിന് ഒരാൾ 20% പലിശ പറയുമ്പോൾ മറ്റൊരാൾ 18% പറയുന്നു, വേറൊരാൾ 16% വാഗ്ദാനം ചെയ്തേക്കാം. തിരിച്ചടവിന്റെ വിവിധ കാലാവധികളും അതിന്റെ കൂടെ കാണും. കടം വാങ്ങുന്നയാളിന് അതനുസരിച്ച് തിരഞ്ഞെടുക്കാം.
കോടികൾ പി2പി രീതിയിൽ നൽകാറില്ല. 10000 രൂപ മുതൽ അഞ്ചുലക്ഷം വരെയാണു സാധാരണ നൽകുന്ന തുക. വെറും 10000 രൂപ കയ്യിലുള്ളയാൾക്കു പോലും റജിസ്റ്റർ ചെയ്ത് ആ തുക കടം കൊടുക്കുകയും ചെയ്യാം.
കടം തിരിച്ചടച്ചില്ലെങ്കിൽ റിക്കവറി സേവനം നൽകുന്ന കമ്പനികളുണ്ട്. തിരിച്ചടവു മുടക്കുന്നവർ അപൂർവമാണെന്നാണ് അനുഭവം. ആദ്യമേ ആളുടെ പശ്ചാത്തലം പരിശോധിച്ചു റേറ്റിങ് നൽകുന്നതിനാലാണിത്. തിരിച്ചടവു മുടക്കിയാൽ പിന്നീടു വേണ്ടിവരുമ്പോൾ പലിശ കൂടുകയോ കടം കിട്ടാതാവുകയോ ചെയ്യുമെന്നതും കടം വാങ്ങുന്നവരെ പിന്തിരിപ്പിക്കുന്നു. ഇന്ത്യയിലെ പ്രമുഖ പി2പി കമ്പനിക്ക് കടം കൊടുക്കാൻ റജിസ്റ്റർ ചെയ്തവർ 1093 പേരുണ്ട്, കടം വാങ്ങാൻ റജിസ്റ്റർ ചെയ്തവർ 1737 പേർ. തിരിച്ചടവു മുടക്കിയവരുടെ എണ്ണം–പൂജ്യം. ഇടപാടിൽ വിശ്വാസ്യത പ്രധാനമായതിനാലാണ് ആരും പറ്റിക്കാൻ ശ്രമിക്കാത്തത്.
സ്ഥിരമായി ചെറിയ തുകകൾ വേണ്ടവർക്ക് ഈടില്ലാതെ എളുപ്പം ലഭിക്കുമെന്നതാണു പ്രധാന നേട്ടം. ബ്ലെയ്ഡ് കമ്പനികളെ ആശ്രയിക്കേണ്ട. സ്വർണപ്പണയത്തിനു നിൽക്കേണ്ട. മുമ്പു പലതവണ വാങ്ങി കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെങ്കിൽ റേറ്റിങ് ഉയർന്നിരിക്കുന്നതിനാൽ പലിശയും കുറഞ്ഞിരിക്കും. പൊതുവെ പലിശ നിരക്ക് 12.5% മുതൽ 30% വരെയാണ്. 

No comments :

Post a Comment