
മുത്തലാഖ് ഗൗരവമുള്ള വിഷയമെന്ന് സുപ്രിം കോടതി; സപ്തംബര്‍ ആറിന് പരിഗണിക്കും
മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വം, മുത്തലാഖ് തുടങ്ങിയവയുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് ഷായറബാനോ എന്ന സ്ത്രീയാണ് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
June 29, 2016, 03:39 PM ISTന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് സുപ്രിം കോടതി സപ്തംബര്‍ ആറിലേക്ക് മാറ്റി. മുത്തലാഖ് ഗൗരവമുള്ള വിഷയമാണെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഇക്കാര്യത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ എതിര്‍ കക്ഷികളോട് നിര്‍ദ്ദേശിച്ചു.
വിഷയം ഗൗരവമുള്ളതായതിനാല്‍ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിക്കുന്നതാണ് നല്ലതെന്നും സുപ്രിം കോടതി വിലയിരുത്തി. മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വം, മുത്തലാഖ് തുടങ്ങിയവയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ഷായറബാനോ എന്ന സ്ത്രീയാണ് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഇക്കാര്യത്തില്‍ വിവിധ ന്യൂനപക്ഷ സമുദായങ്ങളിലെ വ്യക്തിനിയമങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷകാര്യവകുപ്പിന്റെ മറുപടിയും ബെഞ്ച് തേടിയിരുന്നു.
1937-ലെ മുസ്ലിം വ്യക്തി നിയമം നടപ്പാക്കല്‍ നിയമത്തിലെ രണ്ടാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നേരത്തേ കേന്ദ്രസര്‍ക്കാറിന്റെ മറുപടി തേടിയിരുന്നു.
ഭര്‍തൃ വീട്ടുകാരില്‍നിന്ന് സ്ത്രീധന പീഡനവും ക്രൂരതയും നേരിട്ടുവെന്ന് ഷായറബാനോയുടെ പരാതിയില്‍ പറയുന്നു. ഭര്‍തൃവീട്ടുകാര്‍ നല്‍കിയ മരുന്നുവഴി തന്റെ ഓര്‍മ്മ മങ്ങുകയും രോഗിയാവുകയും ചെയ്തു. ഇതോടെ ഭര്‍ത്താവ് തന്നെ മുത്തലാഖിലൂടെ വിവാഹമോചനം നടത്തിയെന്നും ഇവരുടെ പരാതിയിലുണ്ട്. ഏകപക്ഷീയമായ വിവാഹമോചനവും രണ്ടാം വിവാഹവും ഉള്‍പ്പെടെ മുസ്ലിം വ്യക്തിനിയമത്തിലെ സ്ത്രീകളോടുള്ള വിവേചനം സുപ്രീംകോടതി പരിശോധിക്കണമെന്നായിരുന്നു ഹര്‍ജി.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment