Friday, 24 June 2016

ബസിൽ നിന്നു കിട്ടിയത് വെറുമൊരു പഴ്സല്ല

കെഎസ്ആർടിസി ബസിൽ കളഞ്ഞുകിട്ടിയ പഴ്സ് കൈമാറിയ ശേഷം കണ്ടക്ടർ രാജേഷും (ഇടത്തുനിന്നു രണ്ടാമത്) എയർ ഇന്ത്യ പൈലറ്റ് റസ്തം സിങ് അഠാരിയും (മൂന്നാമത്) സുഹൃത്തുക്കൾക്കൊപ്പം.
കെഎസ്ആർടിസി ബസിൽ കളഞ്ഞുകിട്ടിയ പഴ്സ് കൈമാറിയ ശേഷം കണ്ടക്ടർ രാജേഷും (ഇടത്തുനിന്നു രണ്ടാമത്) എയർ ഇന്ത്യ പൈലറ്റ് റസ്തം സിങ് അഠാരിയും (മൂന്നാമത്) സുഹൃത്തുക്കൾക്കൊപ്പം.

ബസിൽ നിന്നു കിട്ടിയത് വെറുമൊരു പഴ്സല്ല


തിരുവനന്തപുരം ∙ കെഎസ്ആർടിസി ബസ് നിയന്ത്രിക്കുന്ന കണ്ടക്ടർക്ക് ബസ് ഡ്രൈവറെ മാത്രമല്ല വിമാനം പറത്തുന്ന പൈലറ്റിനെ പോലും സഹായിക്കാമെന്നു തെളിയിച്ചിരിക്കുകയാണു രാജേഷ്. പാണത്തൂർ- കോട്ടയം റൂട്ടിലെ സൂപ്പർ ഫാസ്റ്റ് ബസ് കണ്ടക്ടർ സി.രാജേഷിന്റെ മഹാമനസ്കതയ്ക്കും സത്യസന്ധതയ്ക്കും നന്ദിയറിയിക്കാൻ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ റസ്തം സിങ് അഠാരി ഇന്നലെ ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു പറന്നെത്തി. കെഎസ്ആർടിസിയിൽ നിന്നു വീണു കിട്ടിയ ഒരു പഴ്സാണ് പൈലറ്റിനെ കണ്ടക്ടറിനടുത്തേക്ക് എത്തിച്ചത്. ആ കഥ ഇങ്ങനെ...
പിതാവിനു സമ്മാനിക്കാനായി ഒരു പഴയ മോഡൽ കാർ തിരക്കിയാണു ക്യാപ്റ്റൻ റസ്തം ഡൽഹിയിൽ നിന്നു കഴിഞ്ഞ മൂന്നിന് ചങ്ങനാശേരിയിലെത്തിയത്. കാറുടമയെ കണ്ടു വില നിശ്ചയിച്ച ശേഷം കോട്ടയത്തെത്തുകയും അവിടെ നിന്ന് കൊച്ചിയിലേക്കു പോകുന്നതിനായി പാണത്തൂർ ബസിൽ കയറുകയും ചെയ്തു. അങ്കമാലിയിൽ ഇറങ്ങി ഓട്ടോ വിളിക്കാനായി നോക്കുമ്പോൾ പോക്കറ്റിൽ പഴ്സില്ല. അതിലുണ്ടായിരുന്ന 25,000 രൂപ പോയതിലല്ല, പൈലറ്റ് ലൈസൻസും എടിഎം കാർഡും അടക്കമുള്ള വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതിൽ റസ്തം തളർന്നിരുന്നു. ലൈസൻസില്ലെങ്കിൽ രാജ്യത്തിനു പുറത്തേക്കുള്ള വിമാനങ്ങൾ പറത്താൻ കഴിയില്ലെന്നു മാത്രമല്ല, പുതിയതു സംഘടിപ്പിക്കാൻ സങ്കീർണമായ നടപടിക്രമങ്ങളിലൂടെ കടന്നു പോകുകയും വേണം.
കൊച്ചിയിലുള്ള സുഹൃത്ത് ക്യാപ്റ്റൻ കണ്ണൻ ഗോപിനാഥിനെ വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തി പണം കടംവാങ്ങിയാണ് റസ്തം പിന്നീടു ഡൽഹിയിലേക്കു മടങ്ങിയത്. പിറ്റേന്നു രാവിലെ എട്ടിനാണു ബസ് കാഞ്ഞങ്ങാട് ഡിപ്പോയിലെത്തിയത്. കണ്ടക്ടർ രാജേഷും ഡ്രൈവർ സിബി ഫ്രാൻസിസും ചേർന്നുള്ള പതിവു പരിശോധനയിൽ ഒരു സീറ്റിനടിയിൽ നിന്നു പഴ്സ് കിട്ടി. ഉള്ളിൽ റസ്തമിന്റെ പൈലറ്റ് ലൈസൻസ് കണ്ടതോടെ വിലപ്പെട്ട പഴ്സാണു കൈയിലെന്നു പിടികിട്ടി. പക്ഷേ, ഒരു രേഖയിലും ഫോൺ നമ്പറില്ല. ഒരു കടലാസിൽ രേഖപ്പെടുത്തിയിരുന്ന നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് ചങ്ങനാശേരിക്കാരനായ കാറുടമ. അദ്ദേഹമാണു റസ്തമിന്റെ നമ്പർ കൈമാറിയത്. ആ നമ്പറിലേക്കു രാജേഷ് തുടർച്ചയായി വിളിച്ചിട്ടും ഫോൺ സ്വിച്ച്ഡ് ഓഫ്. പിന്നെ ഡൽഹിയിലെ സുഹൃത്തായ സൈനികനെ വിളിച്ചു വിവരമറിയിച്ചു.
അദ്ദേഹമാണ് റസ്തമിന്റെ ഓഫിസിൽ ബന്ധപ്പെട്ട് പഴ്സ് ഭദ്രമായുണ്ടെന്ന വിവരം കൈമാറിയത്. ഒരു കൂട്ടം ആളുകൾ സഞ്ചരിച്ച ബസിൽ വച്ചു നഷ്ടപ്പെട്ട പഴ്സ് തിരികെ ലഭിക്കുന്നുവെന്ന വാർത്തയിൽ റസ്തം ഞെട്ടി. അവിടെ ഡൽഹിയിൽ ഒരു പഴ്സ് പോയാൽ അതു പോയതു തന്നെ. കേരളത്തിലായതു കൊണ്ടു മാത്രമാണ് അതു തിരികെ ലഭിച്ചതെന്നു റസ്തം പറയുന്നു. രാജേഷിനെ വിളിച്ചു നന്ദിയറിയിച്ചെങ്കിലും പഴ്സ് റസ്തം ആവശ്യപ്പെട്ടില്ല. അത് കുറിയർ വഴി കൈമാറേണ്ടതല്ല. നേരിട്ടു കൈപ്പറ്റാനുള്ളതാണ്.
ഒടുവിൽ‌ ഇന്നലെ ഡൽഹിയിൽ നിന്നു റസ്തം തിരുവനന്തപുരത്തെത്തിയപ്പോൾ കാഞ്ഞങ്ങാട്ടു നിന്ന് രാജേഷും തലസ്ഥാനത്തെത്തി. ഇരുവരും കോവളത്തെ ഹോട്ടലിൽ ഒരുമിച്ചു കാപ്പികുടിച്ചു. റസ്തമിന്റെ സുഹൃത്ത് കണ്ണൻ ഗോപിനാഥനും കൂടിക്കാഴ്ചയ്ക്കു സാക്ഷിയായി. കാഞ്ഞങ്ങാട് ബിരിക്കുളം കിനാലൂർ കോളംകുളം ചക്കാലയ്ക്കലിൽ സി.രാജേഷ് എന്ന കണ്ടക്ടറുടെ സത്യസന്ധതയെ പ്രകീർത്തിച്ച് കെഎസ്ആർടിസി എംഡിക്കു കത്തു കൂടി നൽകിയിട്ടാണ് റസ്തം മടങ്ങിയത്. ബസിൽ നിന്നു കിട്ടിയ ആറു പഴ്സുകളാണ് ഇതിനു മുൻപ് രാജേഷ് ഉടമയെ കണ്ടെത്തി മടക്കിയേൽപ്പിച്ചത്. 

No comments :

Post a Comment