Wednesday, 29 June 2016

പഠിക്കാനുള്ള വായ്പയെപ്പറ്റി

പഠിക്കണം, പഠിക്കാനുള്ള വായ്പയെപ്പറ്റി

ഇന്ത്യയിലായാലും വിദേശത്തായാലും ഉപരിപഠനത്തിന് പ്രവേശനം തേടുന്നതിനെക്കാൾ കടമ്പകളുണ്ട് പഠനച്ചെലവുകൾ നിർവഹിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസ വായ്‌പ തരപ്പെടുത്തുന്നതിൽ. പുസ്തകക്കെട്ടുകളോടൊപ്പം വിദ്യാഭ്യാസ വായ്‌പയുടെ ഭാരം കൂടി ചുമന്നാൽ മാത്രമേ ഉന്നത വിദ്യാഭ്യാസം സാധ്യമാകൂ എന്ന അവസ്ഥ നിലനിൽക്കുന്നതിനാൽ ഏതു വിധത്തിലും വിദ്യാഭ്യാസ വായ്‌പ നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണു വിദ്യാർഥികളും മാതാപിതാക്കളും. വിദ്യാഭ്യാസ വായ്‌പ എടുക്കുന്നതിനായി ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിലും വായ്‌പയുടെ നിബന്ധനകൾ മനസ്സിലാക്കുന്നതിലും വീഴ്‌ച വന്നാൽ ഭാവിയിൽ ചുമലിലാകുന്ന സാമ്പത്തിക ഉത്തരവാദിത്തം താങ്ങാൻ പറ്റാതെ വരും.
വ്യത്യസ്ത വായ്‌പാ പദ്ധതികൾ
റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കനുസൃതമായി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണു വാണിജ്യ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നൽകുന്നത്. ബാങ്കുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഉണ്ടാക്കിയെടുത്ത മാതൃകാ പദ്ധതി പ്രകാരമാണ് മിക്ക സ്വകാര്യ – പൊതുമേഖലാ ബാങ്കുകളും വിദ്യാഭ്യാസ വായ്‌പ നൽകുന്നത്. ബാങ്കുകളെക്കൂടാതെ ചില പുതുനിര ബാങ്ക് ഇതര ഫിനാൻസ് കമ്പനികളും വിദ്യാഭ്യാസ നൽകുന്നുണ്ട്. കൂടാതെ, വിവിധ ബാങ്കുകൾ അവരവരുടേതായ വിദ്യാഭ്യാസ വായ്‌പാ പദ്ധതികളും തയാറാക്കി നടപ്പാക്കുന്നുണ്ട്.
പഠനച്ചെലവുകൾ നിർവഹിക്കാൻ
ഇന്ത്യക്ക് അകത്തും വിദേശത്തും അംഗീകൃത കോളജുകളും യൂണിവേഴ്‌സിറ്റികളും നടത്തുന്ന ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കാണു വായ്‌പ ലഭിക്കുക. പഠനം പൂർത്തിയാക്കാൻ വേണ്ടിവരുന്ന ഫീസ്, ഹോസ്റ്റൽ ഫീസ്, കോഷൻ ഡിപ്പോസിറ്റ്, കംപ്യൂട്ടർ ഉൾപ്പെടെ പഠനോപകരണങ്ങൾ, പഠന യാത്രകൾ, പ്രോജക്‌ട് ചെലവുകൾ, തിരികെ ലഭിക്കുന്ന നിക്ഷേപങ്ങൾ എന്നിവയ്ക്കൊക്കെ ആവശ്യമായി വരുന്ന തുകയുടെ അടിസ്ഥാനത്തിലാണു വായ്‌പത്തുക അനുവദിക്കുക. മിക്ക ബാങ്കുകളും ഇന്ത്യക്കകത്തുള്ള പഠന ആവശ്യങ്ങൾക്ക് 30 ലക്ഷം രൂപ വരെയും, വിദേശ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നതിന് 40 ലക്ഷം രൂപ വരെയും വിദ്യാഭ്യാസ വായ്‌പകൾ നൽകുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ പ്രഖ്യാപിച്ച ഗ്ലോബൽ എഡ്വാന്റേജ് എന്ന വിദ്യാഭ്യാസ വായ്‌പാ പദ്ധതിയിൽ വിദേശ പഠനത്തിന് 20 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെ വായ്‌പ അനുവദിക്കുന്നു.
ജാമ്യമെന്ന കടമ്പ
നാലു ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്‌പകൾക്ക് ഒരു അധിക ജാമ്യവും ആവശ്യപ്പെടാൻ റിസർവ് ബാങ്ക് അനുവദിക്കുന്നില്ല. 7.5 ലക്ഷം രൂപയ്‌ക്കു മുകളിലുള്ള വായ്‌പകൾക്കു മാത്രമേ വസ്തുജാമ്യം തുടങ്ങിയ അധികമായ ഈട് നൽകേണ്ടതുള്ളൂ. രക്ഷാകർത്താവിന്റെ പേരു കൂടി ചേർത്ത് കൂട്ടായ പേരിലാണ് വിദ്യാഭ്യാസ വായ്‌പ അനുവദിക്കുക എങ്കിലും പല ബാങ്കുകളും മൂന്നാമതൊരു വ്യക്തിയുടെ ആൾ ജാമ്യം കൂടി ആവശ്യപ്പെടാറുണ്ട്. ഐഐടികൾ, എൻഐടികൾ, ഐഐഎം തുടങ്ങിയ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ 20 ലക്ഷം രൂപ വരെ അധികമായി ഈട് ആവശ്യപ്പെടാതെ വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കുന്നു. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി സ്വന്തം വിദ്യാഭ്യാസ വായ്‌പാ പദ്ധതികൾ പ്രകാരം എളുപ്പത്തിൽ
വായ്‌പകൾ അനുവദിക്കാമെന്ന പേരിൽ അധിക ജാമ്യം ആവശ്യപ്പെടുന്ന സ്വകാര്യ ബാങ്കുകളുമുണ്ട്.
തിരിച്ചടവിൽ ശ്രദ്ധ വേണം
കോഴ്‌സ് പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിലോ ജോലി ലഭിച്ച് ആറു മാസത്തിനുള്ളിലോ ഏതാണ് ആദ്യം വരുന്നതെന്നു കണക്കാക്കിയാണ് വിദ്യാഭ്യാസ വായ്‌പകൾ തിരിച്ചടച്ചു തുടങ്ങേണ്ടത്. ജോലി ലഭിക്കാൻ താമസം നേരിടുന്ന അസാധാരണ സന്ദർങ്ങളിൽ ഇത് രണ്ടു വർഷം വരെ നീട്ടി നൽകാൻ ബാങ്കുകൾക്ക് വിവേചനാധികാരമുണ്ട്. സാധാരണ ഗതിയിൽ 5 മുതൽ 7 വർഷം വരെയാണു വായ്‌പ തിരിച്ചടവു കാലാവധിയെങ്കിലും 7.5 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ പരമാവധി 10 വർഷത്തിനുള്ളിലും അതിനു മുകളിലുള്ളവ 15 വർഷവും തിരിച്ചടയ്‌ക്കാനായി അനുവദിക്കാറുണ്ട്.
∙ തുല്യ മാസത്തവണകൾ തിരിച്ചടയ്‌ക്കാൻ 90 ദിവസത്തിനു മുകളിൽ വീഴ്‌ച വരുത്തിയാൽ അടയ്‌ക്കാൻ ബാക്കി നിൽക്കുന്ന തുക പൂർണമായും എൻപിഎ ആയി കണക്കാക്കി ബാങ്കുകൾ വായ്‌പ തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിക്കും.
∙ വിദ്യാഭ്യാസ വായ്‌പകൾ തിരിച്ചടയ്‌ക്കാൻ വീഴ്‌ച വരുത്തുമ്പോൾ കുട്ടികളുടെയും രക്ഷാകർത്താവിന്റെയും ക്രെഡിറ്റ് സ്‌കോർ മോശമാകുകയും ഭാവിയിൽ മറ്റു വായ്‌പകൾ ലഭിക്കാതെയും വരും.
∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരിച്ചടവിൽ വീഴ്‌ചവന്ന വിദ്യാഭ്യാസ വായ്‌പകളിൽ ബാക്കിനിന്ന തുകയിൽ 45% വരെ കുറച്ച് റിലയൻസ് അസെറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനിക്കു മറിച്ചുവിൽക്കുകയും വായ്‌പകൾ തിരിച്ചടയ്‌ക്കുന്നതിനുള്ള ഉത്തരവാദിത്തം റിലയൻസ് കമ്പനിയെ
ഏൽപിക്കുകയും ചെയ്തത് അടുത്ത കാലത്താണ്.
∙ പഠനം പൂർത്തിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന ശമ്പളത്തിൽനിന്ന് വായ്‌പത്തുക തിരിച്ചുപിടിക്കാൻ ബാങ്കുകൾക്കു സമ്മതം നൽകിക്കൊണ്ട് ഒപ്പിട്ടു നൽകിയിട്ടുള്ള വായ്‌പക്കരാർ അനുസരിച്ച് തൊഴിൽദാതാവിനെ സമീപിക്കാനും ബാങ്കുകൾക്ക് അധികാരമുണ്ട്.
ഉയർന്ന പലിശ
വിദ്യാഭ്യാസ വായ്‌പകൾ മുൻഗണനാ വിഭാഗത്തിലാണെങ്കിലും, അടിസ്ഥാന നിരക്കുകളിൽനിന്ന് ഒരു ശതമാനത്തിലേറെ ഉയർന്ന പലിശ നിരക്കാണ് വിദ്യാഭ്യാസ വായ്‌പകൾക്കു ചുമത്തുന്നത്. മിക്ക ബാങ്കുകളിലും 12 മുതൽ 14 ശതമാനം വരെയാണ് വായ്‌പകളിന്മേൽ ഈടാക്കുന്ന വാർഷിക പലിശ നിരക്ക്. വായ്‌പ തിരിച്ചടവു കാലാവധിയിൽ മോറട്ടോറിയം നൽകുന്ന പഠന കാലയളവിൽ പലിശ മാത്രം തിരിച്ചടയ്‌ക്കാനാണ് ആവശ്യപ്പെടുക. കൃത്യമായി പലിശ തിരിച്ചടയ്‌ക്കുന്നവർക്ക് പലിശ നിരക്കിൽ റിബേറ്റ് അനുവദിക്കുന്ന ബാങ്കുകളുമുണ്ട്. പലിശ തിരിച്ചടച്ചില്ലെങ്കിൽക്കൂടി മൊറട്ടോറിയം കാലാവധിയിൽ കൂട്ടുപലിശ ഈടാക്കാൻ അനുവദിക്കുന്നില്ല. കോഴ്‌സ് കാലാവധിയിൽ ഓരോ വർഷവും വിതരണം ചെയ്‌ത വായ്‌പത്തുകയ്‌ക്കു മാത്രമേ പലിശ കണക്കാക്കുന്നുള്ളൂ. തിരിച്ചടയ്‌ക്കാൻ ബാക്കിനിൽക്കുന്ന പലിശയും
മുതലും ഉൾപ്പെടെ തുല്യ മാസത്തവണകൾ കണക്കാക്കിയാണു തിരിച്ചടവ്.
വിദ്യാഭ്യാസ വായ്‌പ എടുക്കുമ്പോൾ ശ്രദ്ധിക്കാൻ
∙ പല ബാങ്കുകളും പെൺകുട്ടികൾക്ക് പലിശ നിരക്കിൽ 0.5% പലിശയിളവു നൽകുന്നുണ്ട്.
∙ വിദ്യാഭ്യാസ വായ്‌പകളിൽ നൽകുന്ന പലിശ ചെലവിന് ആദായ നികുതിയിളവു ലഭിക്കും.
∙ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾക്കു ലഭിക്കാൻ സാധ്യതയുള്ള മാസശമ്പളത്തിന്റെ അടിസ്ഥാനത്തിൽ താങ്ങാവുന്ന വായ്‌പത്തുക മാത്രം എടുക്കാൻ ശ്രദ്ധിക്കണം.
∙ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളിൽ നടപ്പാക്കുന്ന പലിശ സബ്‌സിഡിയുടെ അർഹമായ പ്രയോജനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.
∙ ബിരുദ പഠനം കൂടാതെ ജോലി ലഭ്യതയുള്ള അംഗീകൃത തൊഴിൽ പരിശീലനങ്ങൾക്കും ലളിതമായ വ്യവസ്ഥകളിൽ വായ്‌പ ലഭിക്കുന്നത് പ്രയോജനപ്പെടുത്താം.
∙ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിവിധ കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ച മിടുക്കരായ വിദ്യാർഥികൾക്ക്, മാതാപിതാക്കൾക്ക് സ്ഥിര വരുമാനമില്ല തുടങ്ങിയ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി വായ്‌പ നിഷേധിച്ചാൽ ജില്ലാ കലക്‌ടർ അധ്യക്ഷനായ സമിതിക്കു മുൻപാകെ പരാതി നൽകി പരിഹാരം നേടാം.
12% വാർഷിക പലിശ നിരക്കിൽ നാലു വർഷത്തെ എൻജിനീയറിങ് പഠനത്തിന് 7.5 ലക്ഷം രൂപ വായ്‌പ എടുത്തിട്ടുള്ള വിദ്യാർഥി തിരിച്ചടയ്‌ക്കേണ്ടിവരുന്ന വായ്‌പ ബാദ്ധ്യത സംബന്ധിച്ച ഏകദേശ കണക്ക്:
∙ വിതരണം ചെയ്‌ത ഓരോ ലക്ഷം രൂപയ്‌ക്കും ഒരു വർഷം പലിശ ഇനത്തിൽ 12,000 രൂപ മൊറട്ടോറിയം കാലാവധിയിൽ തിരിച്ചടയ്‌ക്കണം.
∙ പഠനത്തിന്റെ ഓരോ വർഷവും 1.9 ലക്ഷം രൂപ വീതം വിതരണം നടത്തുകയും മൊറട്ടോറിയം കാലാവധിയിൽ പലിശ തിരിച്ചടയ്‌ക്കാതിരുന്നാൽ പഠനം പൂർത്തിയാകുമ്പോൾ ഏകദേശം 9.8 ലക്ഷം രൂപ തിരിച്ചടയ്‌ക്കാനുമാകും. പഠനം പൂർത്തിയായി ഒരു വർഷം തികയുമ്പോൾ തിരിച്ചടയ്‌ക്കാൻ ബാക്കി നിൽക്കുന്ന ഏകദേശം 10.7 ലക്ഷം രൂപ 10 വർഷം കൊണ്ടു തിരിച്ചടയ്‌ക്കാൻ ഓരോ മാസവും 15,200 രൂപയോളം തുല്യ മാസ തവണയായി അടയ്‌ക്കേണ്ടിവരും.
∙ ജോലി കിട്ടിയാൽ ലഭിക്കുന്ന മാസ ശമ്പളത്തിൽനിന്ന് മറ്റു പ്രാഥമിക ചെലവുകൾ കണ്ടെത്തിയ ശേഷം പരമാവധി തിരിച്ചടയ്‌ക്കാവുന്ന തുക 40 ശതമാനമെന്ന് കണക്കാക്കിയാൽ ചുരുങ്ങിയത് 40,000 രൂപയുടെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലി കിട്ടിയാൽ മാത്രമേ തുല്യമാസ തവണകൾ വീഴ്‌ച വരുത്താതെ തിരിച്ചടയ്‌ക്കാൻ സാധിക്കുകയുള്ളൂ.
∙ വിദ്യാഭ്യാസ വായ്‌പയുടെ പലിശ ഫ്‌ളോട്ടിങ് നിരക്കിലായതിനാൽ പലിശ നിരക്ക് ഉയരുമ്പോൾ മാസത്തവണ തിരിച്ചടയ്‌ക്കാൻ കൂടുതൽ തുക കണ്ടെത്തേണ്ടിയും വരും. തിരിച്ചടവു കാലാവധി 10 വർഷത്തിനു താഴെ മാത്രം അനുവദിക്കുന്ന സന്ദർഭങ്ങളിലും തുല്യമാസ തവണത്തുക ഉയരും.
വിദ്യാലക്ഷ്‌മി പോർട്ടൽ
vidyalakshmi.co.in
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാനമന്ത്രി വിദ്യാലക്ഷ്‌മി പദ്ധതി പ്രകാരം വിവിധ ബാങ്കുകളിൽനിന്ന് വിദ്യാഭ്യാസ വായ്‌പകൾക്ക് അപേക്ഷിക്കുന്നതിനായി നടപ്പിലാക്കിയ വെബ് പോർട്ടലാണ് വിദ്യാലക്ഷ്‌മി ഡോട്ട് കോ ഡോട്ട് ഇൻ(vidyalakshmi.co.in). നാഷനൽ സെക്യൂരിറ്റി ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ സഹായത്താൽ നടപ്പിലാക്കിയ വിദ്യാലക്ഷ്‌മി പോർട്ടലിൽ 39 ബാങ്കുകളും അവ നടപ്പിലാക്കുന്ന ഏതാണ്ട് 66 വായ്‌പാപദ്ധതികളും ഉൾപ്പെടുത്തിയിരിക്കുന്ന ഏകജാലക സംവിധാനമാണ് വിദ്യാലക്ഷ്‌മി പോർട്ടൽ. ഒരേ സമയത്ത് മൂന്ന് വ്യത്യസ്ത ബാങ്കുകളിലായി വിദ്യാലക്ഷ്‌മി പോർട്ടലിലൂടെ വിദ്യാഭ്യാസ വായ്‌പയ്‌ക്കായി അപേക്ഷിക്കാം. വിദ്യാഭ്യാസ വായ്‌പകളുടെ വിശദ വിവരങ്ങൾ മനസ്സിലാക്കുക, അപേക്ഷകൾ സമർപ്പിക്കുക, സമർപ്പിച്ച അപേക്ഷകളുടെ സ്ഥിതി മനസ്സിലാക്കുക, പരാതി നൽകുക എന്നിവ മാത്രമല്ല, കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ സ്‌കോളർഷിപ്പുകളുടെ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
വിദ്യാഭ്യാസ വായ്‌പ സുഗമമാക്കാൻ റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ള അധിക നിബന്ധനകൾ
∙ ഒരേ കുടുംബത്തിലെ ഒന്നിലധികം കുട്ടികൾക്ക് വിദ്യാഭ്യാസ വായ്‌പ വേണ്ടി വരുമ്പോൾ ഒരംഗം നേരത്തെ വായ്‌പ എടുത്തിട്ടുണ്ട് എന്നുള്ളത് മറ്റു കുട്ടികൾക്ക് വായ്‌പ നിഷേധിക്കാൻ മതിയായ കാരണമാകില്ല.
∙ മൊറട്ടോറിയം കാലവധിക്കുള്ളിൽ വീണ്ടും ഉപരി പഠനത്തിന് പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് ടോപ് അപ് വായ്‌പയ്‌ക്ക് അർഹതയുണ്ടാകും.
∙ വിദ്യാഭ്യാസ വായ്‌പ അനുവദിക്കുമ്പോൾ നിബന്ധനകൾ എല്ലാം ഉൾപ്പെടുത്തി അനുമതിപത്രം നൽകേണ്ടതും പലിശ നിരക്കുകൾ ഉൾപ്പെടെ ഉണ്ടാകുന്ന വ്യത്യാസങ്ങൾ അപ്പപ്പോൾ വിദ്യാർഥികളെ അറിയിക്കുകയും വേണം.
∙ വിദ്യാഭ്യാസ വായ്‌പകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ക്രെഡിറ്റ് സ്‌കോറിൽ രേഖപ്പെടുത്തിയാൽ അവ തിരുത്തുന്നതിന്റെ ഉത്തരവാദിത്തം ബാങ്കുകൾക്കാണ്.
∙ വിദ്യാഭ്യാസച്ചെലവുകൾക്കായി വിദേശത്തേക്കു പണം അയയ്‌ക്കാൻ, പരിധികൾക്കു വിധേയമായി, റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമില്ല.
 

No comments :

Post a Comment