Wednesday, 29 June 2016

ശക്തിയാർജിച്ച് ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തി

പുതുക്കിപ്പണിത ഡ്രജർ എൻജിൻ ഗുജറാത്തിൽ നിന്നു മടക്കിക്കൊണ്ടുവന്നപ്പോൾ.
പുതുക്കിപ്പണിത ഡ്രജർ എൻജിൻ ഗുജറാത്തിൽ നിന്നു മടക്കിക്കൊണ്ടുവന്നപ്പോൾ.

ശക്തിയാർജിച്ച് ‘തുരപ്പ’ന്റെ എൻജിൻ ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തി

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖ പദ്ധതി നിർമാണത്തോടനുബന്ധിച്ചു ഡ്രജിങ് പുനരാരംഭിക്കുമ്പോൾ കടൽ തുരക്കാനിറങ്ങുന്നത്  അടിമുടി മാറിയ  പുതിയ ശാന്തിസാഗർ –12 ആവും. ഇവിടെ തുടരുന്ന ഡ്രജർ ശാന്തിസാഗറിന്റെ എൻജിൻ പണികഴിഞ്ഞു ഗുജറാത്തിൽ  നിന്ന് ഇന്നലെ മടങ്ങിയെത്തി. കഴിഞ്ഞ ഒരു മാസത്തിലേറെ ഗുജറാത്ത്  മുംദ്രയിലെ അദാനി പോർട്സിന്റെ പ്രധാന വർക്ക്‌ഷോപ്പിൽ ആകെ അഴിച്ചുപണിഞ്ഞ് പുതുമോടിയിലായ എൻജിനാണ് ഇന്നലെ മടക്കി കൊണ്ടുവന്നത്.
വിഴിഞ്ഞം ഹാർബർ ബെയ്സിനിൽ പുതിയ എൻജിൻ പിടിപ്പിക്കാനുള്ള പണി നടക്കുന്ന ഡ്രജർ ശാന്തി സാഗർ–12.
അറ്റകുറ്റപ്പണിക്കിടെ പിസ്റ്റൺ അടക്കമുള്ള പ്രധാന ഭാഗങ്ങൾ മാറ്റി പുതിയതു ഘടിപ്പിച്ചു. കഴിഞ്ഞ സീസണിൽ പതിനായിരത്തോളം മണിക്കൂറാണ് ഈ എൻജിൻ ജോലിയെടുത്തത്. ഇത്രയും കാലയളവു ജോലി നിർവഹിച്ചാൽ എൻജിനെ അടിമുടി മാറ്റിയിരിക്കണമെന്ന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് എൻജിനെ പുതുക്കിയതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇതിനൊപ്പം വിഴിഞ്ഞം ഹാർബർ ബെയ്സിനിൽ തുടരുന്ന ശാന്തിസാഗർ–12ലെ കടൽ തുരക്കുന്ന യന്ത്രഭാഗമായ കട്ടറിന്റെ അടക്കം അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.  കടൽ ശാന്തമായി കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ചു സെപ്റ്റംബറിൽ മാത്രമേ ഇനി ഡ്രജിങ് പുനരാരംഭിക്കൂ. അപ്പോഴേക്കും ശാന്തിസാഗറിനൊപ്പം മറ്റൊരു കൂറ്റൻ ഡ്രജർ കൂടി ഇവിടേക്ക് എത്തിയേക്കുമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.

No comments :

Post a Comment