Friday, 24 June 2016

ശാസ്ത്രം കണ്ടെത്തി, മരണത്തിനു ശേഷവും ജീവനുണ്ട്, ഒരു ‘ജീവിതമുണ്ട്!

ശാസ്ത്രം കണ്ടെത്തി, മരണത്തിനു ശേഷവും ജീവനുണ്ട്, ഒരു ‘ജീവിതമുണ്ട്!’

പണ്ടുകാലം മുതല്‍ക്കേ മനുഷ്യനെ അലട്ടുന്ന വലിയൊരു സമസ്യയാണ് മരണാനന്തര ജീവിതം. ഇന്നും അതേ അവസ്ഥയില്‍ തന്നെ ദുരൂഹത നിലനില്‍ക്കുകയാണ്. ഈ വിഷയത്തിൽ വിവിധ മതങ്ങൾക്ക് വ്യത്യസ്ത വിശ്വാസങ്ങളാണ്. ചില മതങ്ങളുടെ വിശ്വാസപ്രകാരം മരണത്തിനു ശേഷം മരണമില്ലാത്ത മറ്റൊരു ജീവിതം ഉണ്ടെന്ന് വരെ വാദമുണ്ട്. എന്നാൽ ഈ വിഷയത്തില്‍ ഒട്ടനവധി ശാസ്ത്ര പരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും കാര്യമായ തീരുമാനമൊന്നും ആയിട്ടില്ല. ഇതേക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനഫലങ്ങള്‍ ജീനുകളുടെ അതിജീവനശേഷിയെക്കുറിച്ചാണ്.
മരിച്ചു കഴിഞ്ഞ മനുഷ്യന്റെ ജീനുകള്‍ മരണത്തിനു ശേഷമുള്ള നാലു ദിവസങ്ങള്‍ കൂടി ജീവിച്ചിരിക്കുമെന്നു സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാന്‍സര്‍ ഉണ്ടാക്കാനും ഭ്രൂണമാകാന്‍ സഹായിക്കുന്നതുമായ ജീനുകള്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ആക്ടീവാകും. ഈ അവസ്ഥ അവയവങ്ങള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള രോഗിയുടെ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടാതെ കൊലപാതകം ചെയ്യപ്പെടുന്നവരുടെ ഫോറന്‍സിക് പരിശോധനകള്‍ക്കും ഇത് സഹായിക്കും.
മരിച്ചവര്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന എക്കാലത്തെയും ഏറ്റവും കൗതുകകരമായ പഠനമായിരുന്നു ഞങ്ങള്‍ നടത്തിയതെന്ന് പഠനസംഘത്തിലെ പ്രധാന ശാസ്ത്രജ്ഞനും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ പീറ്റര്‍ നോബിള്‍ പറഞ്ഞു. ഈ പഠനം മികച്ച റിസള്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
സീബ്രാഫിഷിലും എലികളിലുമാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ഇവയുടെ ജീവന്‍ നഷ്ടപ്പെട്ട ശേഷമുള്ള ഏകദേശം ആയിരത്തോളം ജീനുകള്‍ ഇതിനായി പഠനവിധേയമാക്കിയിരുന്നു. സീബ്രാഫിഷിന്റെ ജീനുകള്‍ ജീവന്‍ പോയ ശേഷം നാലു ദിവസത്തെയ്ക്കും എലികളില്‍ രണ്ടു ദിവസത്തെയ്ക്കും നിരന്തര പഠനത്തിനു വിധേയമാക്കി. ഇവ രേഖപ്പെടുത്തി വച്ചു. ഇവ കൂടാതെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമുള്ള ശരീരങ്ങളില്‍ നൂറു കണക്കിന് ജീനുകള്‍ ജീവനോടെ കണ്ടെത്താനായെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
ഹൈവേയിലൂടെ ഇന്ധനം തീര്‍ന്നുകൊണ്ടിരിക്കുന്ന നിലയില്‍ സഞ്ചരിക്കുന്ന ഒരു കാറിന്റെ നിലയിലായിരിക്കും വെർറ്റബ്രേറ്റ് വിഭാഗത്തില്‍ പെടുന്ന എല്ലാ ജീവികളുടെയും അന്ത്യം എന്നായിരുന്നു ശാസ്ത്രജ്ഞരുടെ ധാരണ. കുറഞ്ഞ സമയത്തേയ്ക്ക് എൻജിന്‍ പിസ്റ്റനുകള്‍ പൊങ്ങിത്താഴുന്നതും പ്ലഗ്ഗുകളില്‍ നിന്നും തീപ്പൊരി ചിതറുന്നതുമെല്ലാം അവര്‍ ജീവന്റെ പൊലിച്ചിലുമായി സാമ്യപ്പെടുത്തി. എന്നാല്‍ ശാന്തമായി സാവധാനം നിരങ്ങി നീങ്ങി മെല്ലെ നിന്നുപോവുന്ന ഒരു കാറുമായാണ് ഇത് കൂടുതല്‍ സാമ്യതയെന്നു പിന്നീട് അവര്‍ കണ്ടെത്തി. ഈ താരതമ്യ പഠനങ്ങള്‍ bioRxiv വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എലികളിലും സീബ്രാഫിഷിലും ഇത്തരം പ്രത്യേകതകള്‍ കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മറ്റു ജൈവരൂപങ്ങളിലും ഇങ്ങനെ തന്നെ ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ഇങ്ങനെ കണ്ടെത്തിയവയില്‍ ചില ജീനുകള്‍ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നവയോ മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ടവയോ ആയിരുന്നു. എന്നാല്‍ മനുഷ്യന്റെ ഡെവലപ്മെന്റൽ ജനീസ് വിഭാഗത്തില്‍ പെട്ടവ ഈ സമയത്ത് ഉണര്‍ന്നിരിക്കുന്നു എന്നതാണ് തങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കാര്യമെന്ന് പ്രൊഫസര്‍ നോബിള്‍ പറയുന്നു. അവയവദാനമേഖലയില്‍ ആന്തരാവയവങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന രീതികളിലും ഈ പഠനം വഴിത്തിരിവാകുന്ന മാറ്റങ്ങള്‍ വരുത്തും. കൂടാതെ ഫോറന്‍സിക് മേഖലയില്‍ മരണം നടന്നതോ പോസ്റ്റ്മോര്‍ട്ടം ചെയ്തതോ ആയ സമയങ്ങള്‍ എല്ലാം കൃത്യമായി രേഖപ്പെടുത്താനും ഈ പഠനഫലങ്ങള്‍ സഹായകമാകും. 

No comments :

Post a Comment