Friday, 24 June 2016

മോഷ്ടാക്കള്‍ തട്ടിയെടുത്ത ബാഗ് തെരുവുനായ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു


മോഷ്ടാക്കള്‍ തട്ടിയെടുത്ത ബാഗ് തെരുവുനായ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു


മലപ്പുറം: മോഷ്ടാക്കള്‍ തട്ടിയെടുത്തതെന്ന് കരുതുന്ന ബാഗ് തെരുവുനായ കടിച്ചെടുത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. മലപ്പുറം തേഞ്ഞിപ്പാലം പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഉമ എന്ന സ്ത്രീയുടെ ബാഗാണ് ബസ്സിലെ തിക്കിലും തിരക്കിലും നഷ്ടമായത്.
മകള്‍ ദേവിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വന്നതായിരുന്നു ഉമ. ഇരുവരും ബസില്‍ മടങ്ങുമ്പോള്‍ ടിക്കറ്റ് എടുക്കാനായി നോക്കിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍ ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞു. ബാഗ് സ്‌റ്റേഷനില്‍ കിട്ടിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബസില്‍ തിക്കും തിരക്കും മൂലം രണ്ട് അന്യസംസ്ഥാന സ്ത്രീകളെ ഹോം ഗാര്‍ഡ് പിടികൂടിയിരുന്നു. ഇവരോ അല്ലെങ്കില്‍ മറ്റെതെങ്കിലും പോക്കറ്റടിക്കാരോ തട്ടിയെടുത്ത ബാഗ് റോഡില്‍ എറിഞ്ഞതാവാമെന്ന് പോലീസ് കരുതുന്നു.
റോഡില്‍ ബാഗ് കണ്ട തെരുവുനായ ബാഗ് കടിച്ചെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. ബാഗില്‍ ഉമയുടെ തിരിച്ചറിയല്‍ കാര്‍ഡ്, പണം എന്നിവ ഉണ്ടായിരുന്നു. പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സ്ഥിരമായി കാണാറുള്ള നായയാണ് ബാഗ് സ്‌റ്റേഷനില്‍ എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

No comments :

Post a Comment