Thursday, 30 June 2016

കേന്ദ്രം കനിഞ്ഞു കേരളം കനിയുമോ

24 X 7 ഷോപ്പിങ് വന്നാൽ..!!?

തൃശൂർ ∙ ഓഫിസ് ജോലിയൊക്കെ  കഴിഞ്ഞ് വീട്ടിലെത്തി കുളിച്ചൊരുങ്ങി  രാത്രിയിൽ നഗരത്തിലിറങ്ങി ഷോപ്പിങ്. തിരക്കുകുറ‍ഞ്ഞ റോഡുകൾ, കാർ പാർക്കിങ്ങിനു ഇഷ്ടംപോലെ സ്ഥലം. രാത്രി സമയത്തുള്ള ഷോപ്പിങ് സൗകര്യങ്ങളും ആഹ്ലാദങ്ങളും വർധിപ്പിക്കും. പക്ഷേ തൃശൂർ നഗരത്തിൽ ഇതിനു സൗകര്യമില്ല. എട്ടു മണി ആവുമ്പോഴേക്കും ഷട്ടറിടുന്ന കടകൾ. രാത്രിയിൽ പിന്നീട് മരുന്നുപോലും  ലഭിക്കില്ല. സാംസ്കാരിക നഗരിയിലെത്തുന്ന അയൽ ജില്ലക്കാരും  പരാതിപ്പെടുന്ന  സ്ഥിരം വിഷയമാണിത്.
ഒൻപതു മണിക്കു കടകൾ അടയ്ക്കണമെന്ന തൊഴിൽ നിയമമാണ് പലപ്പോഴും രാത്രി കാല ഷോപ്പിങ്ങിനു വിലങ്ങുതടിയായി നിന്നത്.. എന്നാൽ രാത്രിയിലും  ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാമെന്ന  കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം ഏറ്റവും ആകാംക്ഷയോടെ ഉറ്റു നോക്കുന്ന നഗരം തൃശൂരാണ്. സംസ്ഥാനത്തെ ടെക്സ്റ്റൈൽ–ജ്വല്ലറി ഹബ്ബാണ് തൃശൂർ. പ്രമുഖ വ്യാപാര കേന്ദ്രങ്ങളുടെയെല്ലാം  ആസ്ഥാനം. പുതിയ ഷോപ്പിങ് മാളുകൾ ഓരോന്നായി നഗരത്തിലെത്തുന്നു. പ്രമുഖ ബ്രാൻഡുകൾക്കെല്ലാം തൃശൂരിൽ ഷോറൂമുകൾ തുറന്നുകഴിഞ്ഞു. ഇങ്ങനെ വ്യാപാരമേഖലയിൽ പുതിയ കുതിപ്പിനൊരുങ്ങുന്ന  തൃശൂരിന് എന്തുകൊണ്ടും  ആഹ്ലാദിക്കാവുന്ന തീരുമാനങ്ങളാണ്  കേന്ദ്ര തൊഴിൽ മന്ത്രാലയം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര മാതൃകാ ബിൽ പറയുന്നത്
പത്തിലധികം ജീവനക്കാരുള്ള കച്ചവട സ്ഥാപനങ്ങൾക്ക് വർഷത്തിൽ 365 ദിവസവും തുറന്നു പ്രവർത്തിക്കാം. രാത്രി ഒൻപതിനു മുൻ‍പ് കടകൾ അടയ്ക്കണമെന്നു നിബന്ധനയില്ല. രാത്രിയിലടക്കം 24 മണിക്കൂറും ഷോപ്പ് തുറന്നു വയ്ക്കാം. എന്നാൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള വിഷയമാണ് ഇത് എന്നതിനാൽ അതതു സംസ്ഥാനങ്ങളാണ് ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കേന്ദ്ര തൊഴിൽ മന്ത്രാലയം അവതരിപ്പിച്ച ബിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കുന്നതിനായി  അയച്ചുകൊടുക്കും.

ചില്ലറ വിൽപന രംഗത്ത് പുതിയ തുടക്കം
ഇടത്തരം കടകളും ഷോപ്പിങ് മാളുകളും സിനിമാശാലകളുമൊക്കെ  ദിവസം മുഴുവനും പ്രവർത്തിക്കാൻ അനുവദിക്കുന്ന നിയമം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ തുടക്കമാകുമെന്നാണ് ചില്ലറ വിൽപന രംഗത്തെ പ്രമുഖരുടെ വിലയിരുത്തൽ. കൂടുതൽ‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം  ഉപഭോക്താക്കൾക്കും വലിയ സൗകര്യമാവും.വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും അടയ്ക്കാനുമുള്ള സമയം നടത്തിപ്പുകാർക്കു തീരുമാനിക്കാം. അതേ സമയം പുതിയ വ്യവസ്ഥകൾ ഫാക്ടറി പോലുള്ള നിർമാണ ശാലകൾക്കു ബാധകമല്ല.

വനിതകൾക്കും രാത്രി ഷിഫ്റ്റിൽ ജോലി
വനിതകൾക്കും രാത്രി ഫിഷ്റ്റിൽ ജോലി ചെയ്യാൻ ഉപാധികളോടെ അനുമതിയുണ്ടാവും. നിശ്ചിത സമയം കഴിഞ്ഞാൽ വീട്ടിലേക്കുള്ള യാത്രയ്ക്കുള്ള സൗകര്യമുൾപ്പെടെ തൊഴിലുടമ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ശുദ്ധജലം, കന്റീൻ, പ്രഥമ ശുശ്രൂഷ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കണം

ഗതാഗതക്കുരുക്ക് കുറയും
പകൽ സമയത്ത് ഓഫിസിലേക്കും വിവിധ ആവശ്യങ്ങൾക്കും  പോകുന്നവരുടെ തിരക്കിനൊപ്പം  ഷോപ്പിങ്ങിന് ഇറങ്ങുന്നവരുടെ വാഹനങ്ങളും നഗരത്തിലെത്തുമ്പോഴാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്. രാത്രികാല ഷോപ്പിങ് ഏർപ്പെടുത്തിയാൽ  പകൽ സമയത്തെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. രാത്രിയിലെ തിരക്കൊഴിഞ്ഞ സമയത്ത് ഇഷ്ടംപോലെ പാർക്കിങ് സൗകര്യവും ലഭിക്കും.

നൈറ്റ് ഷോപ്പിങ് സംസ്കാരം
രാത്രിയിൽ സാധനങ്ങൾ ലഭിക്കും എന്നതു മാത്രമല്ല, നൈറ്റ് ഷോപ്പിങ് വരുന്നതു വഴിയുള്ള ഗുണം. നഗരത്തിന്റെ സാംസ്കാരികമായ  വളർച്ചയ്ക്കും അതു വലിയ മുതൽക്കൂട്ടാവും.  ടൂറിസം സാധ്യതകൾ  വർധിക്കും.  രാത്രിയിൽ ഒറ്റയ്ക്ക് ഇറങ്ങി നടക്കുന്നവരോടുള്ള മോശം പെരുമാറ്റം നിലയ്ക്കും. നഗരത്തിനു കൂടുതൽ ഊർജസ്വലതയും യൗവനവും കൈവരും. സമീപ പ്രദേശങ്ങളിൽ നിന്നു കൂടുതൽപേർ ഷോപ്പിങ്ങിനായി നഗരത്തിലേക്കു വരുമ്പോൾ കച്ചവടത്തിലും വർധനയുണ്ടാവും.


വൈകുന്നേരങ്ങളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും
(വിജയകുമാർ, എംഡി, എലൈറ്റ് സൂപ്പർമാർക്കറ്റ്)
ഇപ്പോൾ ഭൂരിഭാഗം ആളുകളും ഷോപ്പിങ്ങിന് ഇറങ്ങുന്നതു വൈകിട്ട് അഞ്ചിനും ഏഴിനുമിടയിലാണ്. ഒൻപതു മണിക്കു കടകൾ അടയ്ക്കുമെന്നതിനാൽ  അതിനു മുൻപേ ഷോപ്പിങ് പൂർത്തിയാക്കാനുള്ള തിരക്കിലാവും ജനങ്ങൾ മുഴുവൻ. ഈ തിരക്കും ബഹളവും കുറയ്ക്കാൻ നൈറ്റ് ഷോപ്പിങ് കുറെക്കൂടി വർധിപ്പിക്കുന്നതു വലിയ സഹായകരമാവും. രാത്രി കാല ഷോപ്പിങ് എല്ലാ രീതിയിലും  വ്യാപാര മേഖലയ്ക്ക് പുതിയ ഉണർവാകും


നൈറ്റ്  ഷോപ്പിങ്; ഭാവിയുടെ വ്യാപാര രീതി
(രമേഷ് കല്യാണരാമൻ,കല്യാൺ ജ്വല്ലേഴ്സ്)

നൈറ്റ് ഷോപ്പിങ് രാജ്യത്ത് ഒന്നടങ്കം ട്രെന്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. മെട്രൊ നഗരങ്ങളിലാണ് ഇത്തരമൊരു ട്രെന്റ് ആരംഭിച്ചതെങ്കിലും  അതു മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്.രാത്രി കാല ഷോപ്പിങ് നടത്തുന്നതുള്ള  സ്വാതന്ത്ര്യം കിട്ടുന്നതു സന്തോഷകരമാണ്. വിപണി പഠിച്ചശേഷം ഇതിനുള്ള സാധ്യതകൾ പരിശോധിക്കും. ടൂറിസം വളർ‍ച്ചയുമായി ബന്ധപ്പെട്ടാണ് രാത്രികാല ഷോപ്പിങ്ങിനെ കാണേണ്ടത്. പല ടൂറിസം കേന്ദ്രങ്ങളിലും ഞങ്ങൾക്കു ഷോറുമുകളുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ രാത്രി ഷോപ്പിങ് വലിയ ഗുണം ചെയ്യും.അനുമതി ലഭ്യമായാൽ അക്ഷയ തൃതീയ പോലുള്ള വിശേഷ ദിവസങ്ങളിൽ രാത്രി ഷോപ്പിങ് നടത്തും.


തൃശൂരുകാർ  നൈറ്റ് ഷോപ്പിങ് ഇരു കയ്യും നീട്ടി സ്വീകരിക്കും
(നിജു തോമസ്,മാൾ മാനേജർ, ശോഭ മാൾ)

തൃശൂരുകാർ രാത്രി ഷോപ്പിങ്ങിൽ അത്ര തൽപരരല്ല എന്ന രീതിയിലുള്ള ചിന്ത ശരിയല്ല. കാര്യങ്ങൾ സാവധാനം മാറിക്കൊണ്ടിരിക്കയാണ്. രാത്രി ഷോപ്പിങ് എന്നത് ഇന്ന് ഉപഭോക്താക്കളുടെ ആവശ്യം കൂടിയാണ്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ നിർദേശം വളരെ പ്രതീക്ഷാജനകമാണ്.
സാവധാനം മാറ്റങ്ങൾ വരട്ടെ. ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി അതിനനുയോജ്യമായ രീതിയിൽ നെറ്റ് ഷോപ്പിങ് സംസ്കാരം തൃശൂരിലും വ്യാപകമാവണം.

ഞായറാഴ്ച വിപണി വലിയ സാധ്യത

(ചന്ദ്രൻ നന്തിലത്ത്, എംഡി,നന്തിലത്ത് ഇലക്ട്രോണിക്സ്)

ഞായറാഴ്ചകളിലും  പ്രവർത്തിക്കാൻ അനുമതി നൽകുന്ന നിർദേശം ഹോം അപ്ലയൻസ് വിപണിയിൽ വലിയ സഹായകരമാവും. ഞായറാഴ്ചകളിൽ ആളുകൾക്കു പർച്ചേഴ്സ് ചെയ്യാൻ കൂടുതൽ സമയവും സൗകര്യവും ലഭിക്കും. പുതിയ നിർദേശങ്ങൾ വ്യാപാരികൾക്കു നല്ല സന്ദേശമാണു നൽകുന്നത്.


No comments :

Post a Comment