ഇന്ത്യയുടെ എന്‍.എസ്.ജി. അംഗത്വത്തിന് വഴിതെളിയുന്നു
* എന്‍.എസ്.ജി. സന്പൂര്‍ണയോഗം ഈവര്‍ഷംതന്നെ ചേര്‍ന്നേക്കും * ഇന്ത്യയുടെ അംഗത്വം ചര്‍ച്ചചെയ്യാന്‍ സമിതി * എന്‍.പി.ടി.യില്‍ അംഗമല്ലാത്തവര്‍ക്കായി മാനദണ്ഡം രൂപവത്കരിക്കും
June 27, 2016, 01:00 AM IST
ന്യൂഡല്‍ഹി: ആണവസാമഗ്രിവിതരണസംഘത്തില്‍ (എന്‍.എസ്.ജി.) അംഗമാകാന്‍ ഇന്ത്യക്ക് വീണ്ടും സാധ്യത തെളിയുന്നു. ഇന്ത്യയുടെ അംഗത്വവിഷയമുള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ എന്‍.എസ്.ജി.യുടെ സന്പൂര്‍ണയോഗം ഈവര്‍ഷമവസാനത്തോെട ചേര്‍ന്നേക്കും. ആണവനിര്‍വ്യാപനക്കരാറില്‍(എന്‍.പി.ടി.) ഒപ്പുവെക്കാത്ത രാഷ്ട്രങ്ങള്‍ക്ക് അംഗത്വം നല്‍കുന്ന വിഷയത്തില്‍ പൊതുമാനദണ്ഡം വേണമെന്ന മെക്‌സിക്കോയുടെ നിര്‍ദേശമാണ് ഇന്ത്യക്ക് പുതുപ്രതീക്ഷ പകരുന്നത്.
ഇതു ചര്‍ച്ചചെയ്യാന്‍ ഉടന്‍ യോഗംചേരണമെന്നും മെക്‌സിക്കോ ആവശ്യപ്പെട്ടു. എന്‍.പി.ടി.യില്‍ ഒപ്പിടാത്ത ഇന്ത്യയുടെ അപേക്ഷയും ഇക്കൂടെ സ്വാഭാവികമായും പരിഗണിക്കേണ്ടിവരും.
ഇന്ത്യയുടെ അംഗത്വവിഷയം അനൗപചാരികമായി ചര്‍ച്ചചെയ്യാന്‍ പ്രത്യേക സമിതിയും രൂപവത്കരിച്ചു. അര്‍ജന്റീനയുടെ നയതന്ത്ര ഉദ്യോഗസ്ഥന്‍ റാഫേല്‍ ഗ്രോസിയാണ് അധ്യക്ഷന്‍. ഇന്ത്യക്ക് എന്‍.എസ്.ജി.യിലേക്കുള്ള വഴിതുറക്കുമെന്നാണ് പ്രതീക്ഷയെന്നും ഈവര്‍ഷംതന്നെ ഇതുണ്ടാകുമെന്നും അമേരിക്ക പ്രതികരിച്ചു.
മെക്‌സിക്കോയുടെ നിര്‍ദേശത്തില്‍ ചൈന എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കയുള്‍പ്പെടെ ഭൂരിപക്ഷം രാജ്യങ്ങളും മെക്‌സിക്കോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയോടെ ചൈനയുടെ എതിര്‍പ്പ് പാഴാകാനാണ് സാധ്യത. കഴിഞ്ഞദിവസം ദക്ഷിണകൊറിയയിലെ സോളില്‍ സമാപിച്ച എന്‍.എസ്.ജി. പ്ലീനറിസമ്മേളനം ഇന്ത്യയുടെ അംഗത്വാപേക്ഷയില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. ചൈനയുടെ കടുത്ത നിലപാടാണ് ഇന്ത്യയുടെ വഴിമുടക്കിയത്.
ഇതിനുപുറമെ, ഓസ്ട്രിയ, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളും ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്തു. 48 അംഗരാഷ്ട്രങ്ങളാണ് എന്‍.എസ്.ജി.യിലുള്ളത്. ഇതില്‍ ഏതെങ്കിലും ഒരു രാജ്യം എതിര്‍ത്താല്‍ അംഗത്വാപേക്ഷ തള്ളും.
എന്‍.പി.ടി.യില്‍ ഒപ്പുവെക്കാത്ത രാഷ്ട്രങ്ങള്‍ക്ക് അംഗത്വം നല്‍കുന്നത് ആണവനിരായുധീകരണലക്ഷ്യത്തെ പിന്നോട്ടടിക്കുമെന്നാണ് ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്ന രാജ്യങ്ങളുടെ വാദം. സോളില്‍ നടന്ന സന്പൂര്‍ണയോഗത്തില്‍ പാകിസ്താനും അംഗത്വത്തിനപേക്ഷിച്ചിരുന്നു. എന്നാല്‍, ഇത് പരിഗണിച്ചേയില്ല.
പൊതുമാനദണ്ഡമുണ്ടാക്കിയശേഷം ഇന്ത്യയെ പിന്തുണയ്ക്കാമെന്ന് കഴിഞ്ഞ യോഗത്തില്‍ ബ്രസീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആണവനിരായുധീകരണശ്രമങ്ങളില്‍ പാകിസ്താനെക്കാള്‍ നന്നായി ഇടപെടുന്നത് ഇന്ത്യയാണെന്നാണ് ബ്രസീലിന്റെ നിലപാട്.
ആണവനിര്‍വ്യാപനക്കരാര്‍ - ആണവനിരായുധീകരണം ലക്ഷ്യമിട്ട് 1968 ജൂലായ് ഒന്നിന് രൂപംകൊണ്ട കരാര്‍. 1970 മാര്‍ച്ച് അഞ്ചിന് പ്രാബല്യത്തില്‍വന്നു. 191 രാജ്യങ്ങള്‍ ഇതിനോടകം കരാറില്‍ ഒപ്പിട്ടു. ഇന്ത്യ, ഇസ്രായേല്‍, പാകിസ്താന്‍, തെക്കന്‍ സുഡാന്‍ എന്നിവ ഒപ്പുവെച്ചിട്ടില്ല. വടക്കന്‍ കൊറിയ ആദ്യം ഒപ്പുവെച്ചെങ്കിലും 2003-ല്‍ പിന്‍മാറി. 1967-നുമുമ്പ് ആണവപരീക്ഷണം നടത്തിയ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാഷ്ട്രങ്ങളെ മാത്രമേ ആണവരാഷ്ട്രങ്ങളായി കരാര്‍ അംഗീകരിക്കുന്നുള്ളൂ. ഇത്തരം വിവേചനപരമായ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ കരാറില്‍ ഒപ്പിടാതെ വിട്ടുനില്‍ക്കുന്നത്.
മാറുന്നത് കീഴ്വഴക്കം
സാധാരണനിലയില്‍ ഓരോവര്‍ഷംകൂടുമ്പോഴാണ് എന്‍.എസ്.ജി.യുടെ സന്പൂര്‍ണയോഗം ചേരുക. എന്‍.എസ്.ജി.യുടെ അടുത്ത സമ്പൂര്‍ണയോഗം 2017-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. അടുത്ത രണ്ടുവര്‍ഷത്തെ യോഗവും അധ്യക്ഷപദവിയും സ്വിറ്റ്‌സര്‍ലന്‍ഡിനാണ്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment