Wednesday, 6 July 2016

യുപിയിൽ പ്രിയങ്ക ഗാന്ധിക്കു ബദൽ സ്മൃതി ഇറാനി?

യുപിയിൽ പ്രിയങ്ക ഗാന്ധിക്കു ബദൽ സ്മൃതി ഇറാനി?

ന്യൂഡൽഹി ∙ മാനവശേഷി മന്ത്രിസ്ഥാനത്തുനിന്നും സ്മൃതി ഇറാനിയെ നീക്കിയതിനുപിന്നിൽ യുപിയിലെ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ തന്ത്രമെന്നു സൂചന. യുപിയിൽ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി നേട്ടം കൊയ്യാനുള്ള കോൺഗ്രസ് ശ്രമത്തിന് ബദലായി സ്മൃതിയെ രംഗത്തിറക്കുകയാണ് ബിജെപി തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി മൽസരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് മോദി മുൻകൈയെടുത്താണ് സ്മൃതിയെ മാനവശേഷി വികസന മന്ത്രിയായി നിയമിച്ചത്. കേന്ദ്രമന്ത്രിസഭയിലെ നരേന്ദ്ര മോദിയുടെ വിശ്വസ്തയായിട്ടാണ് സ്മൃതി അറിയപ്പെട്ടിരുന്നത്.
ബിജെപി സർക്കാരിനെ സംബന്ധിച്ചിടത്തോളം അവരുടെ അഭിമാനപ്രശ്നം കൂടിയാണ് യുപി തിരഞ്ഞെടുപ്പ്. എന്തുതന്ത്രം മെനഞ്ഞും തിരഞ്ഞെടുപ്പിൽ വിജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അതു മോദിക്കുള്ള തിരച്ചടിയായിരിക്കുമെന്നാണ് രാഷ്ട്രീ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, മാനവശേഷി മന്ത്രാലയത്തിന്റെ ചുമതലയിൽനിന്നും സ്മൃതിയെ നീക്കിയതിനുപിന്നിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെന്നാണ് മറ്റൊരു റിപ്പോർട്ട്. അമിത് ഷായെ ചൊടിപ്പിച്ച ചില സംഭവങ്ങളിൽ സ്മൃതി ഉൾപ്പെട്ടിരുന്നു. ഇതിൽ ഷാ അസന്തുഷ്ടനായിരുന്നെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല, സ്മൃതി ഇറാനിയെ സുപ്രധാനമായ മാനവശേഷി മന്ത്രാലയത്തിൽ നിയമിച്ചതിൽ ആർഎസ്എസിനും അതൃപ്തിയുണ്ടായിരുന്നു. സ്മൃതിയെ പുറത്താക്കിയതിലൂടെ മന്ത്രിസഭാ പുനഃസംഘടനയിൽ ആർഎസ്എസ് താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റമായിരുന്നു സ്മൃതി ഇറാനിയുടേത്. മാനവശേഷി വികസന മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. പരിസ്ഥിതി വനം സഹമന്ത്രിയായിരുന്ന ജാവഡേക്കർക്കു കാബിനറ്റ് പദവിയോടെയാണു മാനവശേഷി മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചത്.

No comments :

Post a Comment