Tuesday, 5 July 2016

അമ്മയോടുള്ള വാക്കു പാലിക്കാൻ മകൻ സ്വന്തം വിമാനത്തിലെത്തി

ദേബാശിഷ് ബാനർജി
ദേബാശിഷ് ബാനർജി

അമ്മയോടുള്ള വാക്കു പാലിക്കാൻ മകൻ സ്വന്തം വിമാനത്തിലെത്തി

റാഞ്ചി ∙ കാൻസർ ബാധിച്ചു മരിച്ച അമ്മയ്ക്കു നൽകിയ വാക്കു പാലിക്കാനായി മകൻ സ്വന്തം വിമാനത്തിൽ റാ‍ഞ്ചിയിലെത്തി. മുപ്പത്തിമൂന്നു വർഷം മുൻപാണു ദേബാശിഷ് ബാനർജി സ്വന്തം വിമാനത്തിൽ അമ്മയെ കാണാനെത്താമെന്ന വാഗ്ദാനം നൽകിയത്. അമ്മയില്ലെങ്കിലും വാഗ്ദാനം പാലിക്കാൻ ദേബാശിഷ് അമേരിക്കയിൽനിന്നു പറന്നെത്തുകയായിരുന്നു.
റാഞ്ചി സ്വദേശിയായ ദേബാശിഷിന് 1983ൽ ആണു വിദേശത്ത് ഉപരിപഠനത്തിന് അവസരം ലഭിച്ചത്. എന്നാൽ, രോഗബാധിതയായ അമ്മയെ വിട്ടുപോകാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. പക്ഷേ, അമ്മ മകനെ നിർബന്ധിച്ചു പറഞ്ഞയച്ചു. അന്നാണ് അമ്മയ്ക്കു വാക്കുകൊടുത്തത്. മൂന്നു വർഷത്തിനുശേഷം ദേബാശിഷിന്റെ അമ്മ മരിച്ചു.
അമേരിക്കയിലെ അർകൻസ സർവകലാശാലയിൽനിന്ന് എംബിഎയും പിഎച്ച്‍ഡിയും കരസ്ഥമാക്കിയ ദേബാശിഷ് വെസ്റ്റേൺ കാരലിന സർവകലാശാലയിലെ കംപ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം പ്രഫസറായി. പിന്നീടു ടർബോ പ്രോപ് (സെസന 182) വിമാനം സ്വന്തമാക്കി. ഇപ്പോൾ, പ്രമേഹ ബോധവൽക്കരണവുമായി ബന്ധപ്പെട്ടാണ് ഒരുമാസത്തെ ലോകപര്യടനത്തിനായി പുറപ്പെട്ടത്. അറുപത്തിയഞ്ചുകാരനായ ദേബാശിഷിന്റെ പര്യടനം ഇൗ മാസം എട്ടിന് അമേരിക്കയിൽ സമാപിക്കും.

No comments :

Post a Comment