Tuesday, 5 July 2016

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം


സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തില്‍നിന്ന് മാറ്റി. ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതല അവര്‍ക്ക് നല്‍കി.
July 5, 2016, 10:17 PM IST
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്ക് പിന്നാലെ മുതിര്‍ന്ന മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം. സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തില്‍നിന്ന് മാറ്റി. ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതല അവര്‍ക്ക് നല്‍കി. കാബിനറ്റ് പദവി ലഭിച്ച പ്രകാശ് ജാവദേക്കറാണ് പുതിയ മാനവശേഷി വികസന മന്ത്രി. പാര്‍ലമെന്ററികാര്യമന്ത്രി ആയിരുന്ന വെങ്കയ്യ നായിഡുവിനെ വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിലേക്ക് മാറ്റി. അനന്ത്കുമാറാണ് പുതിയ പാര്‍ലമെന്ററികാര്യ മന്ത്രി.
നിയമമന്ത്രി സദാനന്ദ ഗൗഡയെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പിലേക്ക് മാറ്റി. ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിന് നിയമ മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കി. എം.ജെ അക്ബറാണ് പുതിയ വിദേശകാര്യസഹമന്ത്രി. ജയന്ത് സിന്‍ഹയെ ധനകാര്യ സഹമന്ത്രി സ്ഥാനത്തുനിന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി സ്ഥാനത്തേക്ക് മാറ്റി.
അനുപ്രിയ പട്ടേലാണ് പുതിയ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി. കൃഷി സഹമന്ത്രി ആയിരുന്ന സഞ്ജീവ് കുമാര്‍ ബല്യാന് ജലവിഭവ മന്ത്രാലയത്തിന്റെ ചുമതല നല്‍കി. നരേന്ദ്ര തോമറാണ് പുതിയ ഗ്രാമ വികസന മന്ത്രി. അരുണ്‍ മേവാളാണ് പുതിയ ധനകാര്യ സഹമന്ത്രി. എസ്.എസ് അലുവാലിയയ്ക്ക് കൃഷി, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകള്‍ നല്‍കി.
വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നേരിട്ട് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയതെന്നാണ് സൂചന. 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭ വികസിപ്പിച്ചത്. 2014 മെയ് മാസത്തില്‍ അധികാരത്തില്‍വന്ന നരേന്ദ്രമോദി മന്ത്രിസഭ ഇത് രണ്ടാം തവണയാണ് വികസിപ്പിക്കുന്നത്. 2014 നവംബറില്‍ ആയിരുന്നു ആദ്യ പുന:സംഘടന.

No comments :

Post a Comment