Wednesday, 6 July 2016

കൃത്രിമക്കാലിൽ വിസ്മയം തീർത്ത ഓസ്കർ പിസ്റ്റോറിയസിന് ആറുവർഷം തടവ്

ഓസ്കർ പിസ്റ്റോറിയസ് കോടതിമുറിക്കുള്ളിൽ
ഓസ്കർ പിസ്റ്റോറിയസ് കോടതിമുറിക്കുള്ളിൽ

കൃത്രിമക്കാലിൽ വിസ്മയം തീർത്ത ഓസ്കർ പിസ്റ്റോറിയസിന് ആറുവർഷം തടവ്

പ്രിട്ടോറിയ∙ വിധിയോടു പൊരുതി കളിക്കളത്തിൽ വീരചരിത്രം രചിച്ച ഓസ്‌കർ പിസ്‌റ്റോറിയസ് (28), കൊലപാതകക്കേസിൽ ഇനി ആറുവർഷം ജയിലിൽ. കാമുകി റീവ സ്‌റ്റീൻ കാംപിനെ (30) വെടിവച്ചുകൊന്ന കേസിലാണിത്. ജൊഹാനസ് ബർഗിൽ പിസ്‌റ്റോറിയസിന്റെ വസതിയിൽ 2013 ഫെബ്രുവരി 14നു വാലന്റൈൻ ദിനത്തിലായിരുന്നു കൊലപാതകം.
ആദ്യം അഞ്ചുവർഷം തടവിന് കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. എന്നാൽ, റീവയുടെ മാതാപിതാക്കൾ സമർപ്പിച്ച അപ്പീലിലാണ് തടവ് ആറുവർഷമാക്കി ഉയർത്തിയത്. വിധി വന്നതിന് പിന്നാലെ പിസ്റ്റോറിയസിനെ തടവറയിലേക്ക് മാറ്റി. പൊതുജനാഭിപ്രായം മറ്റൊന്നാണെങ്കിലും അതൊന്നും കോടതി വിധിയെ സ്വാധീനിക്കില്ലെന്ന് വിധി പുറപ്പെടുവിച്ച ജഡ്ജി തൊകോസിൽ മാസിപ വ്യക്തമാക്കി.
ലണ്ടൻ ഒളിംപിക്സിൽ മൽസരിക്കുന്ന പിസ്റ്റോറിയസ് (നടുവിൽ)
ലോകത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കൊലപാതകക്കേസ് വിചാരണകളിലൊന്നായിരുന്നു പിസ്‌റ്റോറിയസിന്റേത്. കോടതിമുറിയിൽ കരഞ്ഞും അലമുറയിട്ടും വികാരഭരിതമായ രംഗങ്ങൾ സൃഷ്‌ടിച്ചപ്പോൾ പ്രതി അഭിനയിക്കുകയാണോ എന്നുപോലും ഒരുവേള കോടതിക്കു ചോദിക്കേണ്ടിവന്നിരുന്നു.
ദൗർബല്യം കരുത്താക്കിയ ജീവിതം
കാലില്ലാതെ ഓടുക. വെറും ഓട്ടമല്ല; പൂർണ ആരോഗ്യവാന്മാരായ അത്‌ലിറ്റുകൾക്കൊപ്പം ഒളിംപിക്‌സിൽ ഓട്ടമൽസരത്തിൽ പങ്കെടുക്കുക. അസാധ്യമെന്നു കരുതിയ ആ വിസ്‌മയം ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചയാളാണ് ഓസ്‌കർ പിസ്‌റ്റോറിയസ്.
പിസ്റ്റോറിയസും കാമുകി റീവയും.
26 വയസ്സിനകം ലോകത്തിന്റെ നായകനായും വില്ലനായും വേഷം കെട്ടിയ പിസ്‌റ്റോറിയസിന്റെ ജീവിതം ഇങ്ങനെ:
. 1986 നവംബർ 22: ദക്ഷിണാഫ്രിക്കയിലെ ഗൗടെങ്ങിൽ ജനനം
. ജന്മനാതന്നെ ഇരുകാലുകൾക്കും മുട്ടിനു താഴെ ശേഷിയില്ല
. 11 മാസമായപ്പോൾ കാലുകൾ മുറിച്ചുമാറ്റി
. കൃത്രിമ കാർബൺ ഫൈബർ കാലുകൾ ഘടിപ്പിച്ചു. ഇതുമായി ഓടുന്നതിനാൽ ബ്ലേഡ് റണ്ണർ എന്നു വിളിപ്പേര്
. പാരാലിംപിക്‌സിൽ (വൈകല്യമുള്ളവരുടെ ഒളിംപിക്‌സ്) ഒട്ടേറെ മെഡലുകൾ; 100, 200, 400 മീറ്ററുകളിൽ റെക്കോർഡുകാരൻ
. ആഫ്രിക്കൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പുകളിൽ ഒട്ടേറെ മെഡലുകൾ
. 2011ൽ ദക്ഷിണ കൊറിയയിലെ ദേഗുവിലെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 4400 മീറ്റർ റിലേയിൽ വെള്ളി മെഡൽ
. 2012 ലണ്ടൻ ഒളിംപിക്‌സിൽ ലോകതാരങ്ങൾക്കൊപ്പം മൽസരിച്ചു ചരിത്രമെഴുതി. 400 മീറ്റർ ഓട്ടത്തിൽ 51 താരങ്ങളോടു മൽസരിച്ചു പതിനാറാമനായ പിസ്‌റ്റോറിയസ് സെമിയിലെത്തി
. 2012ൽ ലോകത്തെ സ്വാധീനിച്ച 100 പേരിൽ ഒരാളായി ടൈം മാഗസിൻ തിരഞ്ഞെടുത്തു 

No comments :

Post a Comment