Tuesday, 5 July 2016

മന്ത്രിയാവാന്‍ മൂന്നു പേര്‍ എത്തിയത് സൈക്കിളില്‍

മന്ത്രിയാവാന്‍ മൂന്നു പേര്‍ എത്തിയത് സൈക്കിളില്‍

ന്യൂദൽഹി: മോദി മന്ത്രിസഭയില്‍ ഇന്ന് അധികാരമേറ്റ പത്തൊമ്പത് മന്ത്രിമാര്‍ മൂന്നു പേര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് സാധാരണക്കാരന്റെ വാഹനമായ സൈക്കിള്‍ ചവിട്ടി. അർജുൻ രാം മേഘ്‌വാൾ, മൻസുഖ് ഭായ് മണ്ഡാവിയ, അനിൽ മാധവ് ദവെ എന്നിവരാണ് സൈക്കിളില്‍ എത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം ചെറിയൊരു ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയായിരുന്നു രാജസ്ഥാനിലെ ബിക്കാനിറിൽ നിന്നുള്ള എം.പിയായ മേഘ്‌വാളിന്റെ വരവ്. മന്ത്രിയായ ശേഷവും സൈക്കിളിൽ മടങ്ങിപ്പോവുമോയെന്ന ചോദ്യത്തിന് മേഘ്‌വാളിന്റെ മറുപടി ഇങ്ങനെ: ‘ഞാനിപ്പോൾ എം.പിയാണ്. മന്ത്രിയായി കഴിഞ്ഞാൽ പാർട്ടിയും സർക്കാരും എന്തു പറയുമോ അത് അനുസരിക്കാനാണ് എന്റെ തീരുമാനം‘.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ദൽഹി സർക്കാർ ഒറ്റയക്ക-ഇരട്ടയക്ക വാഹന പദ്ധതി കൊണ്ടുവന്നപ്പോൾ കാർ ഉപേക്ഷിച്ച് സൈക്കിൾ തെരഞ്ഞെടുത്ത ആദ്യത്തെ വ്യക്തിയും മേഘ്‌വാളാണ്.
കഴിഞ്ഞ മൂന്നു വർഷമായി താൻ സൈക്കിൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായ മണ്ഡാവിയ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അനിൽ ദവെ ആയിരുന്നു സൈക്കിളിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ മൂന്നാമൻ.
മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ ദവെ നർമദ നദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനും നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

No comments :

Post a Comment