Tuesday, 5 July 2016

ഇവിടെ മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന വസ്തുവുണ്ട്!


ഇവിടെ മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന വസ്തുവുണ്ട്!


ചൊവ്വാഗ്രഹത്തിൽ 2030ഓടെ കോളനി സ്ഥാപിച്ച് താമസം തുടങ്ങാനാകുമെന്ന ഗവേഷക ലോകത്തിന്റെ പ്രതീക്ഷകളിന്മേലേക്ക് തിരിച്ചടികളുടെ ‘പെർക്ലോറേറ്റ്’ വീഴ്ച. ശരീരത്തിനകത്തെത്തിയാൽ മനുഷ്യനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന പെർക്ലോറേറ്റിന്റെ അമിതസാന്നിധ്യമാണ് നാസയിലെ ഗവേഷകർ ചൊവ്വയിൽ കണ്ടെത്തിയിരിക്കുന്നത്. 2009ൽ നാസയുടെ ഫീനിക്സ് പേടകമാണ് ആദ്യമായി ചൊവ്വയിൽ പെർക്ലോറേറ്റ് സാന്നിധ്യം കണ്ടെത്തുന്നത്. പക്ഷേ മണ്ണിലും അന്തരീക്ഷത്തിലെ പൊടിയിലും വെള്ളത്തിലും വരെ ഇത് വൻതോതിലുണ്ടെന്നറിയുന്നത് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്, ചൊവ്വാപര്യവേക്ഷണത്തിനയച്ച എംആർഒ പേടകം വഴി.
ഭൂമിയിൽ കാണപ്പെടുന്നതിനെക്കാളും പതിനായിരത്തിലേറെ മടങ്ങുണ്ട് ചൊവ്വയിലെ പെർക്ലോറേറ്റ് സാന്നിധ്യം. അതിനാൽത്തന്നെ അവിടത്തെ ജലത്തിന് അതിഭീകര ഉപ്പുരസമായിരിക്കും; ഭൂമിയിൽ ഏറ്റവും ഉപ്പുരസമുള്ള തടാകത്തേക്കാൾ അനേകായിരം ഇരട്ടി. അതിനാൽത്തന്നെ ചൊവ്വയിൽ ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യതയും കുറവെന്നാണ് ഗവേഷകർ പറയുന്നത്.
പെർക്ലോറേറ്റുകളുടെ സാന്നിധ്യം പൂർണമായും ചൊവ്വയിൽ നിന്ന് ഇല്ലാതാക്കുന്നതു വരെ മനുഷ്യവാസം അസാധ്യവുമാകും. ധൂളികളായി ശ്വസിച്ചാൽ പോലും ഇവ ശരീരത്തിനകത്തെത്തുന്നത് മാരകമാണ്. അതിനാൽത്തന്നെ ശ്വസനോപകരണങ്ങളുടെ സഹായത്തോടെയോ മണ്ണിനടിയിൽ ചൊവ്വയിലെ അന്തരീക്ഷവുമായി കൂടിക്കലരാത്ത വിധം തയാറാക്കിയ പ്രത്യേക അറകളിലോ മാത്രമേ മനുഷ്യ ജീവൻ സാധ്യമാകൂ.
എന്നാൽ പ്രത്യേക സൂക്ഷ്മജീവികളെ ഉപയോഗിച്ച് വിഘടിപ്പിച്ചാൽ പെർക്ലോറേറ്റുകൾക്ക് ഓക്സിജൻ ഉൽപാദിപ്പിക്കാനും. മാത്രവുമല്ല ജലത്തെ അതിന്റെ ദ്രവരൂപത്തിൽ സൂക്ഷിക്കാനും ഇവയ്ക്കാകും. ഇവയുടെ സാന്നിധ്യം കാരണമാണ് ചൊവ്വയിൽ ഇടയ്ക്കെങ്കിലും നീർച്ചാലുകൾ രൂപപ്പെട്ടത്. പക്ഷേ ചൊവ്വയിലെ അന്തരീക്ഷമർദത്തിലെ ‘കനക്കുറവ്’ കാരണം പലപ്പോഴും ഈ വെള്ളം വറ്റിപ്പോകും. വെള്ളമുണ്ടെങ്കിൽത്തന്നെ പെർക്ലോറേറ്റിനാൽ വിഷലിപ്തവുമായിരിക്കും. ചൊവ്വയിലെ ചിലയിടത്തെങ്കിലുംപെർക്ലോറേറ്റ് കാരണം ദ്രവാവസ്ഥയിൽ വെള്ളമുണ്ടാകുമെന്ന പ്രതീക്ഷയും നാസയ്ക്കുണ്ട്. അവിടെ ഒരുപക്ഷേ എല്ലാ കഠിനസാഹചര്യങ്ങളെയും നേരിടുന്ന തരം സൂക്ഷ്മജീവികളെയും കണ്ടേക്കാം. അത്തരം ഇടങ്ങൾ ചൊവ്വാപേടകങ്ങളുടെ ‘ലാൻഡിങ്’ സ്ഥലമായി തിരഞ്ഞെടുത്താൽ അവിടെ ജീവിക്കാനുതകുന്ന പ്രത്യേക ഭൂഗർഭ ‘അറകൾ’ നിർമിക്കാനും പിന്നീട് പതിയെപ്പതിയെ ചൊവ്വയെ വാസയോഗ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
പക്ഷേ പെർക്ലോറേറ്റുകളെ ഓക്സിജനായി വിഘടിപ്പിക്കുന്ന സൂക്ഷ്മജീവികളെ ഭൂമിയിൽ നിന്നു കൊണ്ടുവരണം. മാത്രമല്ല ചൊവ്വയിൽ കൃഷി ചെയ്യുന്ന ഓരോ വിളയിലും പെർക്ലോറേറ്റ് സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. തൈറോയിഡ് ഗ്രന്ഥികളെ മാരകമായി ബാധിക്കുന്നവയാണ് പെർക്ലോറേറ്റുകൾ. തൈറോയിഡ് ഗ്രന്ഥികളുടെ അമിതമായ പ്രവർത്തനം -ഹൈപ്പർതൈറോയിഡിസം-ചികിൽസിക്കാനായി പൊട്ടാസ്യം പെർക്ലോറേറ്റ് കുറഞ്ഞ തോതിൽ നൽകാറുണ്ട്. തൈറോയിഡ് ഗ്രന്ഥികളിലെ ഉൽപാദനം അതുവഴി കുറയും. പക്ഷേ പൊട്ടാസ്യം പെർക്ലോറേറ്റ് അനുവദനീയമായതിലും അധികം ശരീരത്തിനകത്ത് എത്തിയാലോ, തൈറോയിഡിന്റെ മൊത്തം പ്രവർത്തനവും നിൽക്കും. ഭാരക്കുറവ് വരുന്നത് ഉൾപ്പെടെ ശരീരത്തിന്റെ സകല പ്രവർത്തനങ്ങളും തകർക്കപ്പെടുന്നതായിരിക്കും ഇതിന്റെ ഫലം. ഇവ കൂടാതെ രക്തത്തിലെ രോഗപ്രതിരോധ ശേഷി സമ്മാനിക്കുന്ന ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥയും രക്തകോശങ്ങൾ രൂപപ്പെടാത്ത അവസ്ഥയുമെല്ലാം പെർക്ലോറേറ്റ് ‘സമ്പർക്കം’ വഴിയുണ്ടാകും. ഭൂമിയിൽത്തന്നെ കൃത്യമായ ചികിൽസയും നിരീക്ഷണവും വേണം ഇവയ്ക്കെല്ലാം, അപ്പോൾപ്പിന്നെ ചൊവ്വയിലെ കാര്യം പറയണോ? ചൊവ്വയിൽ കോളനി രൂപീകരിക്കാനായി പോകുന്നവർ ഇഞ്ചിഞ്ചായി പിടഞ്ഞു വീഴേണ്ടി വരുമെന്നു ചുരുക്കം.
ഒരേസമയം ഉപകാരവും ഉപദ്രവകരവുമായ പെർക്ലോറേറ്റിനെ കൈകാര്യം ചെയ്യുന്നതു പോലെയിരിക്കും ചൊവ്വയിലെ മനുഷ്യന്റെ ഭാവി. പെർക്ലോറേറ്റ് നിറഞ്ഞ അന്തരീക്ഷത്തിൽ പ്രവർത്തിക്കാനാവശ്യമായ സാങ്കേതിക സംവിധാനങ്ങളുടെ നിർമാണത്തിലേക്കും നാസ ഇതിനോടകം കടന്നുകഴിഞ്ഞു. 1981 മുതൽ 30 വർഷക്കാലം ബഹിരാകാശ പേടങ്ങളെ വിക്ഷേപിക്കാനായി നാസ റോക്കറ്റ് പ്രൊപ്പല്ലന്റായി ഉപയോഗിച്ചിരുന്നത് അമോണിയം പെർക്ലോറേറ്റായിരുന്നു. ചൊവ്വയിൽ ഇത് ധാരാളമുണ്ട് താനും. അതിനാൽത്തന്നെ ചൊവ്വ-ഭൂമി ‘സ്പെയ്സ് ഷട്ടിൽ’ സർവീസ് എന്നെങ്കിലും ആരംഭിച്ചാൽ ഇന്ധനം തേടിയും വേറെ എവിടെയും പോകേണ്ടി വരില്ല. പക്ഷേ അതിനെല്ലാം ഇനിയും നടത്തണം ഏറെ പരീക്ഷണനിരീക്ഷണങ്ങൾ. 

No comments :

Post a Comment