Monday, 4 July 2016

അഞ്ചുവയസ്സുകാരി തീവണ്ടിയില്‍നിന്നു വീണു, അറിയാതെ അച്ഛനമ്മമാര്‍ യാത്ര തുടര്‍ന്നു

അഞ്ചുവയസ്സുകാരി തീവണ്ടിയില്‍നിന്നു വീണു, അറിയാതെ അച്ഛനമ്മമാര്‍ യാത്ര തുടര്‍ന്നു


പേട്ട സ്റ്റേഷന് സമീപം മൂന്നാംമനയ്ക്കല്‍വച്ചാണ് കുട്ടി തെറിച്ചുവീണത്
July 4, 2016, 01:00 AM IST
തിരുവനന്തപുരം: അഞ്ചുവയസ്സുകാരി തീവണ്ടിയില്‍നിന്നു തെറിച്ചുവീണതറിയാതെ അച്ഛനമ്മമാര്‍ യാത്രചെയ്തു.പേട്ടയ്ക്കുസമീപം പുറത്തുവീണ് തലയ്ക്ക് പരിക്കേറ്റ കുട്ടിയെ പോലീസ് ആശുപത്രിയിലെത്തിച്ചു.തീവണ്ടി തമ്പാനൂര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് അച്ഛനും അമ്മയും വിവരമറിയുന്നത്.
പാപ്പനംകോട് കാഞ്ഞിരംവിളയില്‍ അനില്‍കുമാറിന്റെ മകള്‍ പൊന്നു (5) ആണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം അപകടത്തില്‍പെട്ടത്. തലയ്ക്ക് പരിക്കേറ്റ കുട്ടി എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്ക് ആഴത്തിലുള്ള മുറിവും തലയോട്ടിയുടെ പുറകുവശത്തായി രണ്ട് ഗുരുതരമായ പൊട്ടലുകളുമുണ്ട്. തലയോട്ടിക്കുള്ളില്‍ രക്തസ്രാവമുണ്ട്. ന്യൂറോ സര്‍ജറി വിദഗ്ദ്ധര്‍ അടിയന്തര ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കൊല്ലം - നാഗര്‍കോവില്‍ പാസഞ്ചര്‍ തീവണ്ടിയില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടം ഉണ്ടായത്.  പേട്ട സ്റ്റേഷന് സമീപം മൂന്നാംമനയ്ക്കല്‍വച്ചാണ് കുട്ടി തെറിച്ചുവീണത്. സീറ്റിലിരുന്ന അമ്മയ്ക്കും സഹോദരിക്കുമൊപ്പം പൊന്നുവിനെ ഇരുത്തിയശേഷം അനില്‍കുമാര്‍ ബാത്ത് റൂമിലേക്ക് കയറി. എന്നാല്‍ അച്ഛന് പിന്നാലെവന്ന മകള്‍ വാതില്‍ക്കല്‍ ചെന്നുനിന്നു. കുട്ടി വാതിലിനടുത്ത് നില്‍ക്കുന്ന കാര്യം അച്ഛനോ അമ്മയോ അറിഞ്ഞില്ല. വാതിലില്‍നിന്ന കുട്ടി തെറിച്ച് പുറത്തേയ്ക്ക് വീണു. ഇത് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
 കമ്പാര്‍ട്ട്മെന്റില്‍ യാത്രക്കാരും കുറവായിരുന്നു. പിന്നാലെയുള്ള കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരാണ് കുട്ടി വീണത് കണ്ടത്. അവര്‍ വിവരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പേട്ട പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.
ബാത്തുറൂമില്‍നിന്ന് ഇറങ്ങിയ അനില്‍കുമാര്‍ അല്‍പനേരം വാതിലില്‍ നിന്നശേഷം തീവണ്ടി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഭാര്യയുടെ അടുത്തേക്ക് ചെന്നത്.ഭാര്യയ്‌ക്കൊപ്പം കുട്ടിയുണ്ടെന്ന ധാരണയിലായിരുന്നു അനില്‍കുമാര്‍. എന്നാല്‍ മകള്‍ അച്ഛനൊപ്പം ഉണ്ടെന്ന വിശ്വാസത്തിലായിരുന്നു അമ്മ. പരിഭ്രാന്തരായ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് വിവരം പറഞ്ഞു. ഇതിനിടെ ട്രാക്കില്‍വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ച വിവരം കണ്‍ട്രോള്‍ റൂമില്‍നിന്ന് റെയില്‍വേ പോലീസ് സ്റ്റേഷനിലും എത്തിയിരുന്നു.

No comments :

Post a Comment