Friday, 8 July 2016

നീയെന്‍റെ സ്വർഗ്ഗമെന്നോതിയ ദേവനു കാണിയ്ക്ക ഞാനെന്തു നൽകും

നൈവേദ്യം
ശ്രീമതി. ഷാമില ഷുജ
.******************************************************
നീയെന്‍റെ സ്വർഗ്ഗമെന്നോതിയ ദേവനു
കാണിയ്ക്ക ഞാനെന്തു നൽകും ?
നീയെന്‍റെ ജീവനെന്നെന്നോടു മന്ത്രിക്കും
തോഴനു ഞാനെന്തു നൽകും ?
നീയില്ല, സ്വപ്നങ്ങളില്ലെന്നു ചൊല്ലുന്ന
നാഥനു ഞാനെന്തു നൽകും ?
ഹൃദയത്തുടിപ്പാണു കണ്മണീയെന്നരുളും
പ്രിയനവനെന്തു ഞാൻ നൽകും ?
നറു പുഞ്ചിരിയുമായൊളി തൂകി നീ വന്നു
മനസ്സിൽപതിപ്പിച്ചു ദിവ്യരൂപം.
കുടമുല്ല പൂത്തതുപോലെന്‍റെയാത്മാവിൽ
നിറയുന്നു നിന്‍റെ കുളിർസുഗന്ധം.
പ്രണവ മന്ത്രത്തിന്‍റെ മധുരിമയേറ്റിടാൻ
നിറമെഴും മലർവനിയിലെത്തി
കണ്മുനകൾ കൊണ്ടെന്നെ കോരിക്കുടിച്ചൊരു
കള്ളനു ഞാനെന്തു നൽകും ?
മൃദുലമാമധരങ്ങൾ പൂവിതളാക്കുന്ന
മധുപനു ഞാനെന്തു നൽകും ?
അംഗുലീവിസ്മയ പുളകങ്ങളേകുന്ന
സുമശരനെന്തു ഞാൻ നൽകും ?
മോഹന മുരളിയെൻ കൈകളിലേകിയ
കണ്ണനു ഞാനെന്തു നൽകും ?
രാഗവായ്പോടെയെൻ ചുണ്ടത്തു ചേർക്കവേ
പ്രേമാർദ്രയായി ഞാൻ മോഹിനിയായ്
നീലനിലാവേ പുതച്ചീടുക വേഗം
നൈവേദ്യമേകട്ടെ ദേവനു ഞാൻ.
=========================
കവിത മുഖപുസ്തകത്തിൽ

No comments :

Post a Comment