Sunday, 3 July 2016

ഐഎസ് ബന്ധമുള്ളവര്‍ക്ക് നിയമസഹായം: ഒവൈസിക്കെതിരെ ബിജെപി

ഐഎസ് ബന്ധമുള്ളവര്‍ക്ക് നിയമസഹായം: ഒവൈസിക്കെതിരെ ബിജെപി


തീവ്രവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന അളവില്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ തരംതാഴാന്‍ പാടില്ല, ഇത്തര നടപടികളിലൂടെ ദേശവിരുദ്ധര്‍ക്ക് ഓക്‌സിജന്‍ നല്‍കുകയാണ് ഒവൈസി
July 3, 2016, 04:52 PM IST
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ്‌സുമായുള്ള ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് നിയമസഹായം നല്‍കുമെന്ന ഹൈദരാബാദ് എംപിയും ഓള്‍ ഇന്ത്യ മജ്ലിസ്  ഇത്തഹാദുല്‍ മുസ്ലിമിന്‍ നേതാവുമായ അസാദുദ്ദീന്‍ ഒവൈസിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത്.
തീവ്രവാദബന്ധമുള്ളവരെ സഹായിക്കുക വഴി ഒവൈസി രാജ്യത്തെ വഞ്ചിക്കുകയാണെന്നും തീവ്രവാദികളെ സഹായിച്ചതിന് ഒവൈസിക്കെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഇന്ത്യയെ തകര്‍ക്കാനായി ശ്രമിക്കുന്ന ഐഎസിനെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുകയാണ് ഒവൈസി, ഒരു വശത്ത് താന്‍ ഐഎസിനെതിരാണെന്ന് അയാള്‍ പറയുന്നു മറുവശത്ത്  ഐഎസിന് പിന്തുണ നല്‍കുന്നു. ഒവൈസിക്കെതിരെ കേസെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറാവണം. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം- ബിജെപി ദേശീയസെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.
തീവ്രവാദത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ കാണാനാവില്ല, അസഹിഷ്ണുത വിവാദത്തില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചവര്‍ ഇത്തരം വിഷയങ്ങളില്‍ എന്ത് കൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ശര്‍മ പറഞ്ഞു.
തീവ്രവാദികള്‍ക്കൊപ്പം നിലയുറപ്പിക്കുക വഴി ഒവൈസി ദേശദ്രോഹികള്‍ക്ക് ഓക്‌സിജന്‍ നല്‍കുകയാണെന്നായിരുന്നു വിഷയത്തില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം.
തീവ്രവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന അളവില്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ തരംതാഴാന്‍ പാടില്ല, ഇത്തര നടപടികളിലൂടെ ദേശവിരുദ്ധര്‍ക്ക് ഓക്‌സിജന്‍ നല്‍കുകയാണ് ഒവൈസി. നിങ്ങള്‍ക്ക് രാഷ്ട്രീയമായി പ്രതികരിക്കാം എന്നാല്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നത് പോലുള്ള നടപടികളില്‍ നിന്ന് മാറിനില്‍ക്കണം മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
എടുത്തുചാടി പ്രവര്‍ത്തിക്കും മുന്‍പ് കാര്യങ്ങള്‍ വ്യക്തമായി പഠിക്കാന്‍ ഒവൈസി തയ്യാറാവണം എന്ന് ബിജെപി വക്താവ് നളിന്‍ കോലി അഭിപ്രായപ്പെട്ടു.
അറസ്റ്റിലായവന്‍ റംസാന്‍ മാസത്തില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ മാധ്യമങ്ങളില്‍ വന്നതുമാണ്. നാളെ ഈ തെളിവുകള്‍ കോടതി അംഗീകരിക്കുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്താല്‍ തീവ്രവാദികളെ എന്തിന് പിന്തുണച്ചു എന്ന ചോദ്യത്തിന് ഒവൈസി ഉത്തരം പറയേണ്ടി വരുമെന്നും നളിന്‍ കോലി മുന്നറിയിപ്പ് നല്‍കി.
ദിവസങ്ങള്‍ മുന്‍പാണ് ഐഎസുമായി ബന്ധമുള്ള അഞ്ച് പേരെ ഹൈദരാബാദില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 15-ന് മുന്‍പായി ഹൈദരാബാദില്‍ വര്‍ഗീയലഹളകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്ന് എന്‍ഐഎ പിന്നീട് വ്യക്തമാക്കിയിരുന്നു. 

No comments :

Post a Comment