Sunday, 3 July 2016

കൊല്ലത്ത് പിടിയിലായത് ബോഡോ തീവ്രവാദി

കൊല്ലത്ത് പിടിയിലായത് ബോഡോ തീവ്രവാദി; അസം പേലീസ് എത്തി അറസ്റ്റ് ചെയ്തു


അസം പോലീസിനെ വിവരമറിയിച്ചശേഷം ഇവരെ തൊഴിലുടമയോടൊപ്പം വിട്ടയച്ചിരുന്നു.
July 3, 2016, 01:00 AM IST
കൊല്ലം: കൊല്ലത്തുനിന്ന് രണ്ടാഴ്ചമുമ്പ് പിടിയിലായ അസം സ്വദേശികളായ സഹോദരങ്ങളിലൊരാള്‍ ബോഡോ തീവ്രവാദിയെന്ന് സ്ഥിരീകരിച്ചു. ഇയാളെ അസമില്‍നിന്നെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തു. അസമിലെ കൊക്രജാര്‍ ജില്ലക്കാരനായ ഖനീന്ദ്ര നര്‍സാരി(23)യെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ നേരത്തേ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാളുടെ സഹോദരന്‍ ഖലീല്‍ നര്‍സാരിയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൊല്ലം ആശ്രാമത്തെ ഹോളോ ബ്രിക്‌സ് നിര്‍മാണ ഫാക്ടറിയില്‍നിന്ന് കൊല്ലം ഷാഡോ പോലീസിന്റെ സഹായത്തോടെ മിലിട്ടറി ഇന്റലിജന്‍സാണ് ജൂണ്‍ 23ന് ഖനീന്ദ്ര നര്‍സാരിയെയും സഹോദരന്‍ ഖലീല്‍ നര്‍സാരിയെയും പിടികൂടിയത്. അസം പോലീസിനെ വിവരമറിയിച്ചശേഷം ഇവരെ തൊഴിലുടമയോടൊപ്പം വിട്ടയച്ചിരുന്നു.
ദിവസവും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാനും നിര്‍ദ്ദേശിച്ചിരുന്നു. ശനിയാഴ്ച രാവിലെ അസമില്‍നിന്നെത്തിയ പോലീസ് ഖനീന്ദ്രയെ തിരിച്ചറിഞ്ഞു. എ.എസ്.ഐ. അങ്കരാജ് ഛേത്രിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം അസമിലെ ബോഡോ ഏറ്റുമുട്ടലില്‍ ഖനീന്ദ്ര നര്‍സാരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍., വാറണ്ട് തുടങ്ങിയ രേഖകളുമായാണ് എത്തിയത്.

നാഷണല്‍ െഡമോക്രാറ്റിക് ഫ്രണ്ട് ബോഡോലാന്‍ഡ് സോങ്ബിജിത്തിലെ (എന്‍.ഡി.എഫ്.ബി.-എസ്) സജീവ പ്രവര്‍ത്തകനായ ഖനീന്ദ്ര നര്‍സാരി അസമില്‍ പോലീസിനും സൈന്യത്തിനുംനേരെ നടന്ന പല ആക്രമണങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് മിലിട്ടറി ഇന്റലിജന്‍സ് നല്‍കുന്ന വിവരം.

2014 ല്‍ അസമിലെ കൊക്രജാറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാളുടെ കൈയില്‍ വെടിയേറ്റിരുന്നു. ഏറ്റുമുട്ടലില്‍ ബോഡാ തീവ്രവാദസംഘത്തിന്റെ കമാന്‍ഡര്‍ ടമരാം ബ്രഹ്മ എന്ന ടൈജു വെടിയേറ്റ് മരിച്ചു.
അസം പോലീസ് ഇയാളുടെ തലയ്ക്ക് അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ ഖനീന്ദ്ര നര്‍സാരിയെ ബോഡോലാന്‍ഡ് അനുഭാവികളാണ് ചികിത്സിച്ചത്. തുടര്‍ന്ന് പശ്ചിമബംഗാളിലേക്ക് കടന്ന ഇയാള്‍ അവിടെനിന്ന് കേരളത്തില്‍ എത്തുകയായിരുന്നു.
കൊല്ലത്ത് നിര്‍മാണമേഖലയില്‍ പണിയെടുത്തുവരുമ്പോഴാണ് സഹോദരന്‍ ഖലീല്‍ നര്‍സാരിയെയും ഇവിടേക്ക് വിളിച്ചുവരുത്തിയത്.
ഖലീലും സംഘടനയുമായുള്ള ബന്ധത്തെപ്പറ്റി തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇയാള്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കോളുകളടക്കം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഖനീന്ദ്രയെ കണ്ടെത്തിയത്.

മിലിട്ടറി ഇന്റലിജന്‍സിലെ ക്യാപ്റ്റന്‍ രാജന്‍, കൊല്ലം സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി. റെക്‌സ് ബോബി അര്‍വിന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം അസമിലേക്ക് കൊണ്ടുപോകും.

No comments :

Post a Comment