
യോഗയുടെ നാല് പാതകള്‍
ജീവിതത്തിലെ നാല് യാഥാര്‍ഥ്യങ്ങള്‍ ഇവയാണ്: ശരീരം, മനസ്സ്, വികാരം, പിന്നെ ഊര്‍ജം. എന്തുതന്നെ ചെയ്യാന്‍ ആഗ്രഹിച്ചാലും ശരീരമോ മനസ്സോ വികാരമോ അല്ലെങ്കില്‍ ഊര്‍ജമോ ഉപയോഗിച്ചു മാത്രമേ അത് ചെയ്യാനാവുകയുള്ളു.
ചോദ്യം: സദ്ഗുരു, യോഗയുടെ പല പാതകള്‍ ഉണ്ടല്ലോ. അതില്‍ എനിക്കേറ്റവും ഉചിതമായതേതായിരിക്കും?
സദ്ഗുരു: നിങ്ങളുടെ ജീവിതത്തിലെ നാല് യാഥാര്‍ഥ്യങ്ങള്‍ ഇവയാണ്: ശരീരം, മനസ്സ്, വികാരം, പിന്നെ ഊര്‍ജം. നിങ്ങള്‍ എന്തുതന്നെ ചെയ്യാന്‍ ആഗ്രഹിച്ചാലും, നിങ്ങളുടെ ശരീരമോ മനസ്സോ വികാരമോ അല്ലെങ്കില്‍ ഊര്‍ജമോ ഉപയോഗിച്ചു മാത്രമേ നിങ്ങള്‍ക്കതു ചെയ്യാനാവുകയുള്ളു. നിങ്ങളുടെ വികാരങ്ങള്‍ ഉപയോഗപ്പെടുത്തി ആ പരമമായ അവസ്ഥയിലേക്ക് എത്തിച്ചേരുകയാണെങ്കില്‍, അതിനെ ഭക്തിയോഗ എന്നു വിളിക്കും. ബുദ്ധി ഉപയോഗിച്ചാണ് പരമമായ അവസ്ഥയിലെത്തിച്ചേരാന്‍ നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ ജ്ഞാനയോഗ എന്നു വിളിക്കും. നിങ്ങള്‍ ശരീരം ഉപയോഗിച്ച് ആത്യന്തികമായ അവസ്ഥയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെ കര്‍മ്മയോഗ എന്നു വിളിക്കും. നിങ്ങളുടെ ഊര്‍ജത്തിനെ പരിവര്‍ത്തനം വരുത്തിയാണ് പരമമായ അവസ്ഥയില്‍ എത്താന്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ ക്രിയായോഗ എന്നു വിളിക്കും. നിങ്ങള്‍ക്ക് ആധ്യാത്മികത്തില്‍ എവിടെയെങ്കിലും എത്താനുള്ള നാലു മാര്‍ഗങ്ങള്‍ ഇവ മാത്രമാണ്. ഒന്നുകില്‍ കര്‍മ്മത്തിലൂടെ, അല്ലെങ്കില്‍ ജ്ഞാനത്തിലൂടെ, അല്ലെങ്കില്‍ ഭക്തിയിലൂടെ, അതുമല്ലെങ്കില്‍ ക്രിയയിലൂടെ ശരീരം, മനസ്സ്, വൈകാരികത, അല്ലെങ്കില്‍ ഊര്‍ജം.
ഒരു വ്യക്തിയില്‍ ഹൃദയത്തിനായിരിക്കാം പ്രകടമായ മുന്‍തൂക്കം ഉള്ളത്, മറ്റൊരാളില്‍ തലയ്ക്കായിരിക്കും മുന്‍തൂക്കം, ഇനി ഒരാളില്‍ കൈകള്‍ക്കാവും, എന്നാല്‍ ഓരോ വ്യക്തിയും ഇവ നാലിന്റെയും കൂടിയുള്ള ഒരു സങ്കലനമാണ്. അതുകൊണ്ടു നിങ്ങള്‍ക്ക് ഇവ നാലിന്റെയും ഒരു സംയോജനം ആവശ്യമാണ്. മറ്റൊരാള്‍ക്ക് കൊടുക്കേണ്ടത് നിങ്ങള്‍ക്ക് തരികയാണെങ്കില്‍, അത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ടാണ് ആത്മീയതയില്‍ ജീവിച്ചിരിക്കുന്ന ഒരു ഗുരുവിന് ഇത്രമാത്രം പ്രാധാന്യം കല്‍പ്പിക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടവിധത്തിലുള്ള ഒരു 'കോക്ടെയില്‍' ഗുരു നിങ്ങള്‍ക്ക് മിശ്രണം ചെയ്തു തരുന്നു,
ഒരിക്കല്‍ നാലുപേര്‍ ഒരു കാട്ടിലൂടെ നടന്നു പോവുകയായിരുന്നു. ഒരു ജ്ഞാനയോഗിയും ഭക്തിയോഗിയും കര്‍മ്മയോഗിയും ക്രിയായോഗിയും സാധാരണയായി ഇവര്‍ നാലുപേരും ഒരിക്കലും ഒരുമിച്ചു ചേരാറില്ല. ജ്ഞാനയോഗിക്ക് മറ്റെല്ലാത്തരം യോഗയോടും തികഞ്ഞ അവജ്ഞയാണ്. അയാളുടേത് ബുദ്ധിയുടെ യോഗയാണ്, സാധാരണയായി ഒരു ബുദ്ധിജീവിക്കു മറ്റുള്ളവരോടെല്ലാം തികഞ്ഞ അവജ്ഞയാണ്, പ്രത്യേകിച്ച് ഈ ഭക്തിയോഗക്കാരോട്, മേല്‍പ്പോട്ടും നോക്കി, സദാസമയവും ദൈവനാമവും ചൊല്ലി നടക്കുന്നവരോട്. മൂഢന്മാരുടെ ഒരു കൂട്ടമാണ് ഇവര്‍ എന്നാണ് അയാള്‍ക്കിവരെ കാണുമ്പോള്‍ തോന്നുന്നത്. എന്നാല്‍ ഒരു ഭക്തിയോഗി കരുതുന്നത് ഈ ജ്ഞാന, ക്രിയ, കര്‍മ്മ യോഗയെല്ലാം വെറും സമയം പാഴാക്കലാണ് എന്നാണ്. ദൈവം ഇവിടെ ഉള്ളപ്പോള്‍ ദൈവത്തിന്റെ കൈ പിടിച്ച് നടക്കുക മാത്രമെ വേണ്ടു എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവരോട് പരിതാപമാണ്. ഇത്തരം തലനാരിഴ കീറിയുള്ള തത്ത്വവിചിന്തനത്തിന്റെയോ, അസ്ഥികള്‍ വളച്ചുള്ള യോഗയുടെയോ യാതൊരു ആവശ്യവുമില്ല. ഇനി കര്‍മ്മയോഗിയുടെ കാര്യം, അയാള്‍ പ്രവൃത്തിയുടെ ആള്‍ ആണ്. അയാള്‍ കരുതുന്നത്, വിചിത്രമായ തത്വചിന്തകളോടുകൂടിയ മറ്റുതരം യോഗികളെല്ലാം വെറും മടിയന്മാരാണ് എന്നാണ്. എന്നാല്‍ മറ്റെല്ലാവരെക്കാളും അവജ്ഞ നിറഞ്ഞ ആളാണ് ക്രിയായോഗി. അയാള്‍ ഇവരെയെല്ലാം നോക്കി ചിരിക്കുകയാണ്. മുഴുവന്‍ പ്രപഞ്ചവും നിലനില്‍ക്കുന്നത് ഊര്‍ജം ഉള്ളതുകൊണ്ടാണെന്ന് ഇവര്‍ക്കറിയില്ലേ? നിങ്ങള്‍ ഊര്‍ജം പരിവര്‍ത്തനപ്പെടുത്തിയില്ലെങ്കില്‍, എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല.

ദൈവം പറഞ്ഞു 'അവസാനം നിങ്ങള്‍ നാലു വിഡ്ഢികളും ഒരുമിച്ച് ചേര്‍ന്നു!'
പലര്‍ക്കും, ഈ നാലുതലങ്ങളും വ്യത്യസ്ത ദിശയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ നാല് തലങ്ങളെയും ഒരേ വരിയില്‍ നിര്‍ത്തുന്ന ശാസ്ത്രത്തിനെയാണ് ലളിതമായി 'യോഗ' എന്നു വിളിക്കുന്നത്.
ഭക്തിയോഗ
ബുദ്ധിയുടെ മറ്റൊരു തലമാണ് ഭക്തി. ധിഷണ സത്യത്തിനെ കീഴ്‌പ്പെടുത്താനാണ് ആഗ്രഹിക്കുന്നത്, ഭക്തിയാകട്ടെ സത്യത്തിനെ ആലിംഗനം ചെയ്യാനും. ഭക്തിക്ക് വിശദീകരിക്കാനും, വ്യാഖ്യാനിക്കാനും ഒന്നുമാകില്ല, പക്ഷെ അനുഭവിക്കാനാകും. ബുദ്ധിക്ക് വിശദീകരിക്കാനും, വ്യാഖ്യാനിക്കാനും ആകും, പക്ഷെ ഒരിക്കലും അനുഭവിക്കാന്‍ കഴിയില്ല. ഇതില്‍ ഏതു വേണമെന്ന് ഒരാള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഭക്തി പരിശീലിച്ചെടുക്കാന്‍ കഴിയുന്ന ഒന്നല്ല. അതിനു ശ്രമിക്കുകയാണെങ്കില്‍, അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കാരണം ഭക്തിയെയും ആത്മവഞ്ചനയെയും വേര്‍തിരിക്കുന്ന, രേഖ വളരെ നേര്‍ത്തതാണ് ഭക്തി നിങ്ങളെ പലവിധത്തിലുള്ള മതിഭ്രമങ്ങളിലേക്കു കൊണ്ടുചെന്നെത്തിച്ചേക്കാം.
കേവലം ഒരു കാര്യം മനസ്സിലാക്കാനായാല്‍, സ്വാഭാവികമായും നിങ്ങളൊരു ഭക്തനായിത്തീരും: 'പ്രപഞ്ചം വളരെ വളരെ ബൃഹത്താണ്, അതില്‍ ദശലക്ഷക്കണക്കിന് ക്ഷീരപഥങ്ങളുണ്ട്. ഇത്രയും വിശാലമായ ബ്രഹ്മാണ്ഡത്തില്‍, ഈ സൗരയൂഥം ഒരു ചെറുതരി മാത്രമാണ്. നാളെ ഈ സൗരയൂഥം അപ്രത്യക്ഷമാവുകയാണെങ്കില്‍, അക്കാര്യം പ്രപഞ്ചത്തില്‍ ശ്രദ്ധിക്കപ്പെടുകപോലുമില്ല. ഒരുചെറു കണം മാത്രമായ സൗരയൂഥത്തിലെ, ഒരു സൂക്ഷ്മകണം മാത്രമാണ് ഭൂമി. ഭൂമി ആകുന്ന ഈ സൂക്ഷ്മകണത്തിലെ ഒരു അതിസൂക്ഷ്മ കണമാണ് നിങ്ങള്‍ താമസിക്കുന്ന പ്രദേശം. അവിടെ പക്ഷെ, നിങ്ങള്‍ എന്ന വ്യക്തി ഒരു 'വലിയ' മനുഷ്യനാണ്‍
ഇത് നിങ്ങളുടെ വീക്ഷണവുമായി ബന്ധപ്പെട്ട ഒരു ഗൗരവപരമായ പ്രശ്‌നമാണ്. ഇതു കൊണ്ടുമാത്രമാണ് നിങ്ങളില്‍ ഭക്തി നിലനില്‍ക്കാത്തത്. തങ്ങള്‍ ആരാണെന്നും ഈ പ്രപഞ്ചത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനമെന്താണെന്നുമുള്ള ധാരണ നഷ്ടപ്പെട്ടതുകൊണ്ടു മാത്രമാണ് ആളുകള്‍ അഹങ്കാരികളായ വിഢികളായിത്തീരുന്നത്. നമ്മുടെ മൊത്തം ശാസ്ത്രബോധവും ഉപയോഗിച്ച് ഒരു പരമാണുവിനെപോലും അതിന്റെ സമഗ്രതയില്‍ കാണാനായിട്ടില്ല. നമുക്ക് പൊട്ടും, പൊടിയും ആയി മാത്രമേ കാര്യങ്ങളറിയൂ. നമുക്കവയെ എങ്ങനെ ഉപയോഗിക്കണമെന്നറിയാം, എന്നാല്‍ അവ എന്താണെന്നറിയില്ല. നിങ്ങള്‍ എന്തു നിരീക്ഷിക്കുകയാണെങ്കിലും, ഒരു ഇലയെ, ഒരു പൂവിനെ, ഒരു പരമാണുവിനെ, ഒരു പക്ഷിയെ, ഒരു മൃഗത്തിനെ, ഒരു ഉറുമ്പിനെ, ഒന്നിനെയും നിങ്ങള്‍ക്കതിന്റെ സമഗ്രതയില്‍ അറിയാന്‍ കഴിയുന്നില്ല. ഒരു പരമാണുപോലും നിങ്ങള്‍ക്ക് ഗ്രഹിക്കാവുന്നതിലും അതീതമാണ്. അതാണ് സൃഷ്ടിയുടെ പ്രകൃതം. ഇത് മനസ്സില്‍ പതിയുമ്പോള്‍ നിങ്ങള്‍ എല്ലാത്തിനെയും കുമ്പിട്ടു നമിക്കാന്‍ തുടങ്ങും. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ലളിതമായ കാര്യം, ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുവിനെയും നിങ്ങളെക്കാള്‍ ഉയര്‍ന്നതായി പരിഗണിക്കുക എന്നതാണ്. നക്ഷത്രങ്ങള്‍ തീര്‍ച്ചയായും ഉയരത്തില്‍തന്നെയാണ്, പക്ഷെ കാലിന്റെ അടിയില്‍ ചവിട്ടിയമരുന്ന നിരത്തിലെ കൊച്ചുകല്ലുകളെയും നിങ്ങളെക്കാള്‍ ഉയര്‍ന്നതായി കാണാന്‍ ശ്രമിക്കുക. എന്തുതന്നെയായാലും അവയ്ക്ക് നിങ്ങളെക്കാള്‍ സുസ്ഥിരതയും സ്ഥായീഭാവവുമുണ്ടല്ലോ. അവയ്ക്ക് എന്നെന്നേക്കും നിശ്ചലമായി ഇരിക്കാനാകും. നിങ്ങള്‍ക്ക് ചുറ്റിലുമുള്ള എല്ലാത്തിനെയും, നിങ്ങളെക്കാള്‍ ഉയര്‍ന്നതായി കാണാന്‍ പഠിച്ചാല്‍ സ്വാഭാവികമായും നിങ്ങള്‍ ഭക്തിമാര്‍ഗ്ഗത്തിലാകും.
നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത കാര്യങ്ങള്‍ ഒരു ഭക്തനറിയാം. നിങ്ങള്‍ വല്ലാതെ പാടുപെട്ട് അറിയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ഒരു ഭക്തനു് ഗ്രഹിക്കാനാകും, കാരണം അയാള്‍ക്കുള്ളില്‍ 'ഞാന്‍ എന്ന ഭാവം' വളരെ കുറവാണ്. നിങ്ങള്‍ 'ഞാന്‍' എന്ന ഭാവത്താല്‍ നിറഞ്ഞിരിക്കുമ്പോള്‍, ഉദാത്തമായതിനൊന്നും സംഭവിക്കാനുള്ള ഇടം നിങ്ങള്‍ക്കുള്ളില്‍ കാണില്ല. ഭക്തി എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് നിങ്ങള്‍ നിത്യവും ക്ഷേത്രത്തില്‍ പോകുന്ന, പൂജകള്‍ ചെയ്യുന്ന, തേങ്ങ ഉടയ്ക്കുന്ന ഒരു ആളായിത്തീരണമെന്നല്ല. ഈ പ്രപഞ്ചത്തില്‍ തന്റെ സ്ഥാനം എന്താണെന്ന് ഒരു ഭക്തന്‍ അറിഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഇതറിയുകയും, അതിനെക്കുറിച്ചു ബോധവാനാവുകയും ചെയ്താല്‍, ഭക്തിയോടുകൂടി മാത്രമെ നിങ്ങള്‍ക്ക് നടക്കാനാകൂ. വിവേകപൂര്‍വ്വമായ ഒരു മാര്‍ഗ്ഗമാണത്.
ജ്ഞാനയോഗ
ജ്ഞാനയോഗ എന്നാല്‍ തത്വവത്കരിക്കലല്ല, ജ്ഞാനം എന്നാല്‍ 'അറിയുക' എന്നാണര്‍ത്ഥം. നിര്‍ഭാഗ്യവശാല്‍ ജ്ഞാനയോഗ എന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത് മിക്കവാറും തത്ത്വശാസ്ത്രമാണ്. അടിസ്ഥാനപരമായി ജ്ഞാനയോഗയെ അനുധാവനം ചെയ്യണമെങ്കില്‍, നിങ്ങള്‍ക്ക് വളരെ മൂര്‍ച്ചയും, ജാഗ്രതയുമുള്ള ധിഷണ ആവശ്യമാണ്. എല്ലാ ദിവസവും എല്ലാ ക്ഷണവും നിങ്ങള്‍ പതിയെ പതിയെ നിങ്ങളുടെ ധിഷണയുടെ മൂര്‍ച്ച കൂട്ടിക്കൂട്ടി കൊണ്ടുവരേണ്ടതുണ്ട്, മൂര്‍ച്ചയേറിയ ഒരു കത്തിയുടെ വായ്ത്തലയോളം മൂര്‍ച്ച അതിനുണ്ടാകുംവരെ. ഒന്നുംതന്നെ നിങ്ങളുടെ ധിഷണയാകുന്ന കത്തിയാല്‍ മുറിക്കപ്പെടാതെ കടന്നുപോകരുത്, ഏതൊരു കാര്യത്തിനെയും കീറിമുറിച്ച് ആ കാര്യത്തിലൂടെ അതിനു കടന്നുപോകാനാകണം, അതെ സമയം, അതില്‍ ഒന്നുംതന്നെ ഒട്ടിപിടിച്ച് ഇരിക്കുകയുമരുത്, ചുറ്റിലും സംഭവിക്കുന്ന ഒന്നുംതന്നെ അതിനെ സ്വാധീനിക്കരുത്. ഇതാണ് ജ്ഞാനം.
ധിഷണയെ നിങ്ങള്‍ ഇത്തരത്തില്‍ വെക്കുകയാണെങ്കില്‍, ജീവിതമാകുന്ന പ്രക്രിയയിലൂടെ അത് സ്വാഭാവികമായി തുളഞ്ഞു കയറിപ്പോയി, എന്താണ് സത്യം എന്താണ് സത്യമല്ലാത്തത്, എന്താണ് യാഥാര്‍ത്ഥ്യം എന്താണ് യാഥാര്‍ത്ഥ്യമല്ലാത്തത് എന്നൊക്കെ കാണിച്ചുതരും. പക്ഷെ ഇന്ന് ആളുകള്‍, നിഗമനങ്ങളിലേക്ക് എടുത്തു ചാടും. അവര്‍ തത്ത്വശാസ്ത്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആളുകള്‍ പറയാറുണ്ട്. 'എല്ലാം മായയാണ്, വെറും മിഥ്യ, ഇതില്‍ സങ്കടപ്പെടാന്‍ എന്തുണ്ട്?' എന്നൊക്കെ, അവര്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ മായ അവരെ ശരിക്കും പിടികൂടിയാല്‍, അവരുടെ എല്ലാ തത്ത്വശാസ്ത്രങ്ങളും ആവിയായി പോകും. ജ്ഞാനയോഗികള്‍ക്ക് ഒന്നുമായും താദാത്മ്യപ്പെടാനോ, ഒന്നിനെയും വിശ്വസിക്കാനോ ആകില്ല. അവര്‍ അങ്ങനെ ചെയ്യുന്ന ക്ഷണം അവരുടെ ധിഷണയുടെ മൂര്‍ച്ചയും പ്രാഗത്ഭ്യവും നഷ്ടപ്പെടും.
ജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവരുടെ ധിഷണ എങ്ങനെയാണെന്നുവച്ചാല്‍, അവര്‍ ഒന്നുംതന്നെ വിശ്വസിക്കാന്‍ തയ്യാറല്ല, അതേസമയം അവിശ്വസിക്കുകയും ഇല്ല. 'എനിക്കെന്തറിയാമോ അതെനിക്കറിയാം, എന്തറിയില്ലയോ അതെനിക്കറിയില്ല.' ഇതാണ് ജ്ഞാനയോഗ.
കര്‍മയോഗ
യോഗയ്ക്ക് കര്‍മ്മത്തിന്റെ ആവശ്യമൊന്നുമില്ല. കര്‍മ്മത്തിന് അതീതമായി പോകാനുള്ളതാണ് യോഗ. ഒരു വ്യക്തിയില്‍ സമതുലനാവസ്ഥ കൊണ്ടുവരാനുള്ളതാണ് കര്‍മ്മയോഗ. ഈ പാത ഏറ്റവും എളുപ്പമുള്ളതും, ഏറ്റവും പ്രയാസമുള്ളതുമാണ്, കാരണം അത് സത്യത്തില്‍ വളരെ ലളിതമാണ് ഇപ്പോള്‍, ഇവിടെ, ഈ നിമിഷം. പക്ഷെ 'ഇപ്പോള്‍, ഇവിടെ' അതെങ്ങനെ ലഭ്യമാകും? നിങ്ങള്‍ക്ക് ഒരു താങ്ങ് ഉണ്ടായേ മതിയാകൂ. ആ താങ്ങുവടിയാണ് കര്‍മ്മയോഗ. താങ്ങുവടി ഇല്ലാതെ പലര്‍ക്കും നടക്കാനേ ആകുന്നില്ല. മിക്കവരും താങ്ങുവടിയില്ലാതെ അവബോധത്തോടെ വര്‍ത്തിക്കാനും മാത്രം ശേഷി ഇല്ലാത്തവരാണ്. അതുകൊണ്ട് സാധനയെ ശരിയായ തരത്തിലുള്ള പ്രവര്‍ത്തനവുമായി കൃത്യമായ അളവില്‍ കലക്കി ചേര്‍ക്കുന്നതിനാണ് കര്‍മ്മയോഗ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.
നിര്‍ഭാഗ്യവശാല്‍ കര്‍മ്മയോഗ സേവനമായിട്ടാണ് വിവരിക്കപ്പെടുന്നത്, പക്ഷെ അതങ്ങനെയല്ല. നിങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ള മനോഭാവങ്ങളെയും അവ്യക്തമായ സ്മരണകളെയും തോന്നലകളെയും ഒക്കെ ഇല്ലാതാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് അത്. നിങ്ങള്‍ക്ക് സന്തോഷത്തോടെ ഏതെങ്കിലുമൊരു പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ ആവുമെങ്കില്‍, അത് കര്‍മ്മയോഗയാണ്. നിങ്ങള്‍ അത് വലിയ പരിശ്രമത്തോടെ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കര്‍മ്മം കൂടുകയേയുള്ളൂ, യോഗ സംഭവിക്കുകയില്ല!
സാധാരണയായി പലതരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെയാണ് ജീവിതത്തിന്റെ ബന്ധനത്തില്‍ കുടുങ്ങി പോകുന്നത്. പക്ഷെ പ്രവര്‍ത്തനം ബന്ധനത്തിലേക്ക് നയിക്കുന്നതിന് പകരം, മോചനത്തിലേക്ക് നയിക്കുന്ന ഒരു പ്രക്രിയ ആവുകയാണെങ്കില്‍ അത് കര്‍മ്മയോഗയാണ്. ഏതെങ്കിലുമൊരു കാര്യം ചെയ്യേണ്ടതാവശ്യമാണ്, അതുകൊണ്ടുമാത്രം അത് ചെയ്യുന്നു, അതു നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചൊരു സംഭവമൊന്നുമല്ലെങ്കില്‍, അതു തന്നെയാണ് ജീവിതം എന്ന മട്ടില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ക്ക് ശേഷിയുണ്ടെങ്കില്‍, അതു നിങ്ങളെ പരിവര്‍ത്തനപ്പെടുത്തുകയും, ആ പ്രവൃത്തി നിങ്ങളെ നിങ്ങളുടെ മുക്തിയിലേക്ക് നയിക്കുന്നതായി തീരുകയും ചെയ്യും.
ഗുര്‍ഡ്ജിയേഫ് യൂറോപ്പില്‍ തന്റെ കേന്ദ്രങ്ങള്‍ ആരംഭിച്ചപ്പോള്‍, യൂറോപ്പിലെ ആഢ്യന്‍മാര്‍ അദ്ദേഹത്തിന്റെ അടുത്തു പോയിരുന്നു. രാവിലെ അദ്ദേഹം കൈയ്‌ക്കോട്ടും പിക്ക്ആക്‌സും അവരുടെ കയ്യില്‍ കൊടുത്ത് കിടങ്ങുകള്‍ കുഴിക്കാന്‍ പറയും. വെയിലത്തു നിന്ന് അവര്‍ കുഴിയെടുക്കും. ഇവരൊന്നും ഒരുതരത്തിലും മേലനങ്ങിയുള്ള പണികള്‍ ചെയ്തു ശീലിച്ചിട്ടുള്ളവരല്ല. അല്‍പനേരം പണിയെടുക്കുമ്പോളേക്കുംതന്നെ അവരുടെ ദേഹമാസകലം ചുവന്നു പൊങ്ങിയിട്ടുണ്ടാകും. ഗുര്‍ഡ്ജിയേഫ് അവിടെ നിന്ന് അവരെ പണിയെടുപ്പിക്കും. നേരം ഇരുട്ടും വരെയും വിശപ്പു സഹിച്ച് അവര്‍ കിടങ്ങു കുഴിക്കുക തന്നെ ചെയ്യും. ഇരുട്ടിക്കഴിഞ്ഞാല്‍ അദ്ദേഹം വാച്ചുനോക്കി പറയും 'ശരി, ഏഴുമണിയായി, അത്താഴത്തിനുള്ള നേരമായെന്നു തോന്നുന്നു, നമ്മള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതിനു മുന്‍പ് കുഴികള്‍ മൂടണം'
ഒരു മുഴുവന്‍ ദിവസത്തെ ജോലി!
കര്‍മ എന്നാല്‍ പ്രവൃത്തി. പ്രവൃത്തി യോഗ ആയിത്തീരണമെങ്കില്‍, അത് മോചനം നല്‍കുന്നതാകണം. നിങ്ങളുടെ പ്രവര്‍ത്തനം നിങ്ങളെ ബന്ധനത്തിലാക്കുന്ന പ്രക്രിയ ആണെങ്കില്‍ അതു കര്‍മ്മമാണ്. അതുകൊണ്ട് നിങ്ങള്‍ എത്രമാത്രം പ്രവര്‍ത്തിച്ചു എന്നതല്ല, എങ്ങനെയാണ് നിങ്ങളതു ചെയ്യുന്നത് എന്നതിലാണ് പ്രാധാന്യം. നിങ്ങള്‍ ചെയ്യുന്ന ജോലിയിലൂടെ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത് കര്‍മ്മമാണ്, അതേസമയം നൃത്തം ചവിട്ടുന്നതുപോലെയാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ അത് കര്‍മയോഗയും.
ക്രിയായോഗ
ആത്മീയതയിലെ ശക്തമായ ഒരു മാര്‍ഗമാണ് ക്രിയാ യോഗ, അതേസമയം അത് നിങ്ങളില്‍നിന്നും ഒരുപാട് ബാധ്യസ്ഥകള്‍ ആവശ്യപ്പെടുന്ന ഒരു പാതയുമാണ്. ആധുനിക വിദ്യാഭ്യാസം നേടിയ ഒരു വ്യക്തിക്ക് ക്രിയായോഗ മാനവികതയില്ലാത്ത ഒന്നായി തോന്നിയേക്കാം. കാരണം അതിന് അത്രയ്ക്കും അച്ചടക്കവും കൃത്യതയും ആവശ്യമാണ്. ക്രിയായോഗയ്ക്ക് വേണ്ട ശരീരമോ, മനസ്സോ, വൈകാരികമായ സ്ഥിരതയോ ഇന്ന് പലര്‍ക്കുമില്ല, എന്തുകൊണ്ടെന്നാല്‍ കുട്ടിക്കാലം മുതല്‍ക്കേ ആളുകള്‍ സുഖസൗകര്യങ്ങളില്‍ അമര്‍ന്നു കിടക്കുകയാണ്. സുഖസൗകര്യമെന്നാല്‍ ഭൗതികമായ സുഖസൗകര്യമല്ല അര്‍ത്ഥമാക്കുന്നത്. ഒരു കസേരയില്‍ സൗകര്യത്തോടെ ഇരിക്കുന്നത് തടസ്സമല്ല. പക്ഷെ നിങ്ങളുടെ മുഴുവന്‍ സത്തയും സദാ സൗകര്യങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെങ്കില്‍, അതു വലിയ തടസ്സമാണ്. അത്തരത്തിലുള്ള മനസ്സും വൈകാരികതയും ക്രിയായോഗയ്ക്ക് അനുയോജ്യമല്ല.
ഞാന്‍ നിങ്ങളോട് കാലുകള്‍ ഉയര്‍ത്തി തല കീഴ്‌പ്പോട്ടാക്കി ഉറങ്ങാന്‍ പറഞ്ഞാല്‍, ചോദ്യങ്ങളൊന്നും ചോദിക്കാതെ നിങ്ങള്‍ അങ്ങനെ തന്നെ ഉറങ്ങണം. കാരണം എല്ലാ കാര്യങ്ങളും വിശദീകരിക്കാനായെന്ന് വരില്ല. മുന്നോട്ടു പോകുന്ന മുറയ്ക്ക് നിങ്ങള്‍ക്ക് അറിയാനായേക്കും, പക്ഷേ അത് ഒരിക്കലും വിശദീകരിക്കാനാകില്ല. വിശദീകരിക്കേണ്ടി വരികയാണെങ്കില്‍, ക്രിയയുടെ സത്ത നഷ്ടമാകും. ക്രിയയെ വെറുമൊരു ശാരീരിക തലത്തിലുള്ള സാധനയായാണ് പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, എനിക്കതിനെക്കുറിച്ചൊരു പുസ്തകമെഴുതാന്‍ കഴിയും, നിങ്ങള്‍ അത് വായിച്ച് അഭ്യസിക്കുകയേ വേണ്ടു. പക്ഷെ ക്രിയ ഒരു ജീവന്‍ തുടിക്കുന്ന പ്രക്രിയ ആകണമെങ്കില്‍, നിങ്ങളുടെ സത്തയില്‍ അത് ഒരു പ്രത്യേക രീതിയില്‍ ആലേഖനം ചെയ്യപ്പെടണമെങ്കില്‍, അതിന് അച്ചടക്കവും, സമര്‍പ്പണവും, ആവശ്യമാണ്.
ഇനിയൊരാള്‍ക്ക് ഊര്‍ജം തുറന്നുകൊടുക്കണമെങ്കില്‍ നിങ്ങള്‍ക്കയാളില്‍ പൂര്‍ണമായ വിശ്വാസം വേണം. തുടക്കത്തില്‍ നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കാം, എന്തു പണ്ടാരമാണ് ഇയാള്‍ എന്നോട് ഈ ചെയ്യുന്നത്, കാരണം ക്രിയയുടെ ആദ്യഘട്ടങ്ങളില്‍ നിങ്ങള്‍ ബോധോദയത്തിലേക്ക് പോവുകയാണോ, ഭ്രാന്തിലേക്ക് പോവുകയാണോ എന്നു നിങ്ങള്‍ക്കറിയാന്‍ കഴിഞ്ഞെന്ന് വരില്ല. ആ ഘട്ടങ്ങളിലൂടെ കടന്നുപോകണമെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസം വേണം. അങ്ങനെയല്ലെങ്കില്‍ ക്രിയ ദുഷ്‌കരമാകും. നിങ്ങള്‍ ക്രിയായോഗ വളരെ തീവ്രതയോടെയും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്ലാതെയും പിന്‍തുടരുകയാണെങ്കില്‍ പക്വത കൈവരാന്‍ ഏതാനും ജന്മങ്ങള്‍ തന്നെ എടുത്തേക്കാം. അതേസമയം ജീവിച്ചിരിക്കുന്ന ഒരു ഗുരു നിങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ഉണ്ടെങ്കില്‍, അതൊരു ജന്മത്തില്‍ തന്നെ സംഭവിക്കാം. ക്രിയാ മാര്‍ഗത്തിലൂടെ നിങ്ങള്‍ ആത്മസാക്ഷാത്കാരം മാത്രമല്ല അന്വേഷിക്കുന്നത്, ജീവന്റെ സാങ്കേതിക വശങ്ങള്‍ കൂടി നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ജീവന്‍ എങ്ങനെയാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്, അതു സംബന്ധമായി എന്തു ചെയ്യാനാകും എന്നൊക്കെ നിങ്ങള്‍ക്കറിയണം. അതുകൊണ്ടാണ് അത് വളരെ നീണ്ട ഒരു പ്രക്രിയയായിപ്പോകുന്നത്. ക്രിയാ യോഗയിലൂടെ വന്നിട്ടുള്ള ആളുകള്‍ക്ക് തങ്ങളുടെ ഊര്‍ജത്തിനു മുകളില്‍ വൈദഗ്ദ്ധ്യമുള്ളതിനാല്‍ അവരുടെ സാന്നിദ്ധ്യം തന്നെ വളരെ വ്യത്യസ്തമായിരിക്കും. അവര്‍ക്ക് ജീവിതത്തിനെ ഇടിച്ചുപൊളിച്ച് കഷണങ്ങളാക്കി കളയാനും, ആ കഷണങ്ങളെ വീണ്ടും ഒന്നിച്ചുചേര്‍ത്ത് തിരികെ പഴയതുപോലെ ആക്കാനും കഴിയും. ജ്ഞാനയോഗയുടെ വഴിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍, നിങ്ങള്‍ മൂര്‍ച്ചയേറിയ ആളായിരിക്കും, മനസ്സുകൊണ്‍് പലതും നിങ്ങള്‍ക്ക് ചെയ്യാനാകും. നിങ്ങള്‍ ഭക്തിമാര്‍ഗ്ഗത്തില്‍ ആണെങ്കില്‍ ഒന്നുംതന്നെ ചെയ്യാനാകില്ല, എന്തെങ്കിലും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിക്കുകയുമില്ല, നിങ്ങള്‍ക്ക് ഈശ്വരപ്രാപ്തി നേടിയാല്‍ മാത്രം മതി. നിങ്ങള്‍ കര്‍മയോഗയുടെ പാതയിലാണെങ്കില്‍, ഈ ലോകത്ത് പല കാര്യങ്ങളും നിങ്ങള്‍ ചെയ്‌തെന്നുവരും, പക്ഷെ നിങ്ങളില്‍ നിങ്ങള്‍ക്ക് ഒന്നും തന്നെ ചെയ്യാനാകില്ല. എന്നാല്‍ ക്രിയായോഗിക്ക് തനിക്കുള്ളിലും ബാഹ്യലോകത്തും ഊര്‍ജം ഉപയോഗിച്ച് താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതു ചെയ്യാനാകും.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment