Tuesday, 5 July 2016

ശാസ്ത്രലോകം പറയുന്നു: ജൂണോയാണ് താരം

Juno
Juno

ശാസ്ത്രലോകം പറയുന്നു: ജൂണോയാണ് താരം

നക്ഷത്രമായി മാറേണ്ടിയിരുന്ന ഗ്രഹമാണ് വ്യാഴമെന്നാണ് ശാസ്ത്രലോകം പൊതുവെ കരുതുന്നത്. കാരണം നക്ഷത്രങ്ങളിലേതിനു സമാനമായി ഹൈഡ്രജനും ഹീലിയവും കൊണ്ടാണ് വ്യാഴത്തിന്റെ ‘നിർമാണം’. പക്ഷേ അതിന്റെ അകക്കാമ്പിൽ ഭൂമിയിലേതിനു സമാനമായി ഖരാവസ്ഥയിലുള്ള എന്തെങ്കിലുമുണ്ടോയെന്നാണ് കാലങ്ങളായി ഗവേഷകർ തേടുന്നത്. അതോ ഈ വാതകങ്ങളെല്ലാം ഇന്നേവരെയില്ലാത്ത വിധം ‘കംപ്രസ്’ ചെയ്യപ്പെട്ട് കട്ടികൂടിയ അവസ്ഥയിലാണോ ഗ്രഹത്തിന്റെ മധ്യത്തിലുള്ളത്? അതുപോലെ ജലത്തിന്റെ സാന്നിധ്യം എന്നെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയണം. പ്രപഞ്ചത്തിന്റെ രൂപീകരണത്തെക്കുറിച്ച് അറിയുന്നതിന് വ്യാഴത്തിൽ നിന്നുള്ള ഇത്തരം വിവരങ്ങൾ നിർണായകം. ജൂണോയുടെ യാത്രയും അതിനു വേണ്ടിയാണ്. എന്താണ് വ്യാഴമെന്ന ഗ്രഹം? എന്താണ് ജൂണോ എന്ന പേടകം? ചില കൗതുകങ്ങളറിയാം:
∙ ഗ്രീക്ക്/റോമൻ പുരാണങ്ങളിൽ നിന്നാണ് ജൂണോ എന്ന പേരിന്റെ വരവ്. ജൂപ്പിറ്റർ ദേവനൊരു പ്രത്യേകതയുണ്ട്. സ്വന്തം സ്വഭാവം മറച്ചുവയ്ക്കാനായി ചുറ്റിലും മേഘപടലങ്ങളുടെ ഒരു കവചം രൂപപ്പെടുത്തും. പക്ഷേ ജൂപ്പിറ്ററിന്റെ ഭാര്യ ജൂണോയ്ക്ക് ആ കവചം കടന്നു പോകാനുള്ള കഴിവുണ്ട്. വ്യാഴത്തിലും ആകെ മേഘപ്പുതപ്പാണല്ലോ! അതെല്ലാം കടന്ന് വിവരങ്ങൾ കവരുന്ന പേടകത്തിന് ജൂണോ എന്നല്ലാതെ വേറെന്തു പേരിടും!
∙ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചയുടനെ ജൂണോ പ്രവർത്തനം തുടങ്ങില്ല. ആദ്യത്തെ 107 ദിവസം ‘ക്യാപ്ചർ ഓർബിറ്റ്’ എന്ന ഭ്രമണപഥത്തിലൂടെയായിരിക്കും സഞ്ചാരം. അതല്ല നേരിട്ട് പ്രധാന ഭ്രമണപഥത്തിലേക്ക് നീങ്ങിയാൽ അതുവഴി വൻ ഇന്ധനനഷ്ടമായിരിക്കും വരിക. പയ്യെത്തിന്നാൽ പനയും എന്നാണല്ലോ. ക്യാപ്ചർ ഓർബിറ്റിൽ കറങ്ങുന്ന സമയത്തു തന്നെ നാസയിലെ ഗവേഷകർക്ക് ജൂണോയിലെ ഉപകരണങ്ങൾ പരിശോധിക്കാനും പ്രവർത്തിപ്പിക്കാനും സാധിക്കും. അതായത് പ്രധാന ഭ്രമണപഥത്തിലേക്ക് കടന്ന് 50 മണിക്കൂറിനകം ഗവേഷകർ വിവിധ പരീക്ഷണോപകരണങ്ങൾ പ്രവർത്തിപ്പിച്ചു തുടങ്ങും.
JunoCam instrument on NASA's Juno spacecraft before Juno's instruments were powered down in preparation for orbit insertion
∙ സാധാരണ ബഹിരാകാശ പേടകങ്ങൾക്ക് ദൂരം താണ്ടുന്നതിനായി ആണവോർജമാണുപയോഗിക്കാറുള്ളത്. പക്ഷേ ജൂണോയുടെ മൂന്ന് 30 അടി വീതം നീളമുള്ള മൂന്ന് ഭീമൻ സൗരോർജ പാനലുകൾ മാത്രം ഉൽപാദിപ്പിക്കുന്നത് 500 വാട്ട്സ് വൈദ്യുതിയാണ്.
∙ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഒരു പേടകം ബഹിരാകാശത്തിൽ ഇത്രയേറെ ദൂരത്തേക്കു പോകുന്നത് ഇതാദ്യമായാണ്. സൂര്യനിൽ നിന്ന് 793 മില്യൺ കിലോമീറ്റർ ദൂരേയ്ക്ക് ഇക്കഴിഞ്ഞ ജനുവരിയിൽ എത്തിയതോടെയാണ് ഈ റെക്കോർഡ് പിറന്നത്. വാൽനക്ഷത്രത്തെപ്പറ്റി പഠിക്കാനായി അയച്ച റോസറ്റ പേടകത്തിന്റെ പേരിലായിരുന്നു ഇതിനു മുൻപ് പ്രസ്തുത റെക്കോർഡ്. നാസ ഇന്നേവരെയുണ്ടാക്കിയതിൽ വച്ച് ഏറ്റവും വേഗതയുള്ള ബഹിരാകാശ പേടകം കൂടിയാണ് ജൂണോ.
∙ ഭൂമിയേക്കാൾ 11 മടങ്ങ് വലിപ്പമുണ്ട് വ്യാഴത്തിന്. 300 മടങ്ങിലേറെ വരും ഭാരം. സൂര്യനെ ഒന്നു പ്രദക്ഷിണം വയ്ക്കാൻ ഭൂമിയിലെ കണക്കനുസരിച്ച് ഈ ഗ്രഹത്തിന് 12 വർഷം വേണ്ടി വരും. ഹൈഡ്രജനും ഹീലിയവും നിറഞ്ഞ് നക്ഷത്രങ്ങള്‍ക്കു സമാനമാണ് വ്യാഴം. പക്ഷേ അതീവ മർദത്തിന്റെ ഫലമായി ഹൈഡ്രജൻ വൈദ്യുതചാലകശേഷിയുള്ള ഒരു തരം ദ്രാവകമായി മാറിയിരിക്കുകയാണ് ഇവിടെ. ഈ ‘മെറ്റാലിക് ഹൈഡ്രജൻ’ ആണ് വ്യാഴത്തിനു ചുറ്റുമുള്ള ശക്തമായ കാന്തികമണ്ഡലത്തിനു കാരണമാകുന്നത്. ഈ കാന്തികമണ്ഡലത്തിന്റെ ഫലമായുണ്ടാകുന്ന റേഡിയേഷനെ നേരിടാനാകാട്ടെ ബഹിരാകാശത്തെ യാതൊന്നിനും ശേഷിയില്ല. അതായത് വ്യാഴത്തിനു നേരെ എന്തുവന്നാലും അതിനെ ഈ ‘റേഡിയേഷൻ വെടിയുണ്ട’കളായിരിക്കും നേരിടുക. അതിനാൽത്തന്നെ ടൈറ്റാനിയം കൊണ്ടുള്ള കനപ്പെട്ട ഭിത്തിയുള്ള പെട്ടിയിലാണ് അതീവ സെൻസിറ്റീവ് ആയ ജൂണോയുടെ യന്ത്രഭാഗങ്ങളും കൺട്രോൾ സിസ്റ്റവുമുള്ളത്. ഇതിനെയും കടന്ന് റേഡിയേഷനെത്തിയാൽ ആ പേടകത്തിന്റെയും കഥ കഴിയും. അതായത് ഒരു മനുഷ്യനു നേരെ വർഷത്തിൽ 10 കോടി തവണ ഡെന്റൽ എക്സ്റേ പ്രയോഗം നടത്തുന്നതിനു സമാനമായിരിക്കും ആ വികിരണാഘാതം. 18 മാസമാണ് പേടകത്തിന്റ കാലാവധി. പക്ഷേ അതിനു മുൻപേതന്നെ ജൂണോയുടെ ക്യാമറയും മറ്റും വ്യാഴത്തില്‍ നിന്നുള്ള റേഡിയേഷനിൽ തകർന്നു തരിപ്പണമാകും.
∙ ഇതുവരെ കണ്ടെത്തിയതിൽ നിന്ന് വ്യക്തമായത് വ്യാഴത്തിലെ മേഘപടലങ്ങളിൽ നിറയെ അമോണിയയും ഹൈഡ്രജൻ സൾഫൈഡുമാണെന്നാണ്. ഗ്രഹത്തിലാകട്ടെ തലങ്ങും വിലങ്ങും കൊടുങ്കാറ്റാണ്-അവയാണ് വ്യാഴത്തി വരകളായി കാണുന്നത്. ഭൂമിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഒരു ചുവപ്പൻ കൊടുങ്കാറ്റും വ്യാഴത്തിലുണ്ട്. ടെലസ്കോപ്പിലൂടെ നോക്കിയാൽ വ്യാഴത്തിൽ കാണുന്ന ചുവപ്പൻ പൊട്ട് ആ കൊടുങ്കാറ്റാണ്. 100 വർഷത്തിലേറെയായി അത് തുടരുന്നു. വ്യാഴത്തിലെ മേഘക്കൂട്ടത്തിനും 5000 കിലോമീറ്റർ മുകളിൽ വച്ചുവരെ വിവരങ്ങൾ ശേഖരിക്കാൻ ജൂണോയ്ക്കാകും. വ്യാഴത്തിൽ നിന്നുണ്ടാകുന്ന അപാരമായ പ്രകാശ വിന്യാസവും വ്യാഴത്തിലെ ഓരോ പാളികളുടെ ഘടനയും വിശദമായി പഠിക്കാൻ ജൂണോയിൽ ആകെയുള്ളത് ഒൻപത് ഉപകരണങ്ങളാണ്.
∙ വ്യാഴത്തിൽ ജലത്തിന്റെ സാന്നിധ്യം എത്രമാത്രമുണ്ടെന്ന് പഠിക്കുകയും ജൂണോയുടെ ലക്ഷ്യമാണ്. കാരണം, വ്യാഴത്തിന്റെ രൂപീകരണകാലത്ത് അതിലുണ്ടായിരുന്ന ഓക്സിജന്റെ അളവ് തിരിച്ചറിയാൻ അതുവഴി സാധിക്കും. ഭൂമി വിട്ട് മനുഷ്യൻ പുതുഗ്രഹങ്ങൾ തേടുന്ന ഇക്കാലത്ത് അതിലേക്കായി പുത്തൻ അറിവുകള്‍ സമ്മാനിക്കാനും ജൂണോയ്ക്കാകും.
∙ വ്യാഴത്തിലെ അന്തരീക്ഷമർദം കൃത്യമായി സൃഷ്ടിക്കാൻ ഭൂമിയിലാകില്ല. അതിനാൽത്തന്നെ ആ ഗ്രഹം സംബന്ധിച്ച എന്തുപരീക്ഷണത്തിനു അതിനടുത്തേക്കു പോയേ പറ്റൂ. 2018 ഫെബ്രുവരി വരെ ജൂണോ പദ്ധതി കൊണ്ടുപോകാനാണ് നാസയുടെ തീരുമാനം. ഒടുവിൽ വ്യാഴത്തിലേക്ക് ഇടിച്ചു കയറി പ്രവർത്തനം നിലയ്ക്കാവുന്ന വിധത്തിലാണ് പേടകത്തിനു നൽകിയിരിക്കുന്ന ‘കമാൻഡ്’. വ്യാഴത്തിന്റെ മറ്റ് ഉപഗ്രഹങ്ങളിലേക്ക് ഇടിച്ചു കയറാതിരിക്കാനാണിത്. ഉപഗ്രഹങ്ങളിലൊന്നായ ‘യൂറോപ്പ’യിൽ സൂക്ഷ്മജീവികൾ വളരാനുള്ള സാഹചര്യമുണ്ടെന്നാണ് നിലവിലെ വിലയിരുത്തൽ. ഏതു സാഹചര്യത്തിലും ജീവിക്കാൻ പറ്റുന്ന സൂക്ഷ്മജീവികൾ ഭൂമിയിലുണ്ട്. അവയിൽ ചിലത് ജൂണോയിലും ഉണ്ടായേക്കാം. ഇവ മറ്റ് ഗ്രഹങ്ങളിൽ കൂടിക്കലരാതിരിക്കാനാണ് പേടകം വ്യാഴത്തിലേക്കു തന്നെ ഇടിച്ചുകയറ്റുന്നത്.
Juno spacecraft inside Mission Control in the Space Flight Operations Facility at Jet Propulsion Laboratory, in Pasadena, Calif.
∙ ഒരു ലാപ്ടോപ്പിനോളം മെമ്മറിയേയുള്ള ജൂണോയുടെ പ്രധാന കംപ്യൂട്ടറിന്. ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽപ്പോലും ഡേറ്റ സൂക്ഷിച്ചു വയ്ക്കാനായി 256 മെഗാബൈറ്റ്സ് ഫ്ലാഷ് മെമറി. 128 മെഗാബൈറ്റ്സ് ഡൈനമിക് റാൻഡം ആക്സസ് മെമറിയുമുണ്ട്. ബ്രിട്ടിഷ് കമ്പനിയായ ബിഎഇ സിസ്റ്റംസിന്റെ ആർഎഡി 750 സിംഗിൾ-ബോർഡ് കംപ്യൂട്ടറാണു പേടകത്തിലുള്ളത്. കനത്ത റേഡിയേഷനെ നേരിടാനാകുന്ന വിധത്തിൽ തയാറാക്കിയതാണിത്.. ചൊവ്വയിലേക്കയച്ച ക്യൂരിയോസിറ്റി പേടകത്തിലും ഇതുപയോഗിച്ചിരുന്നു. 

No comments :

Post a Comment