
വിമാനത്തിന്റെ എന്‍ജിന്‍ നിലച്ചു; പൈലറ്റിന്റെ മനോധൈര്യം രക്ഷയായി
പൈലറ്റ് നീറ്റോയാണ് മനസ്സാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കി 82 യാത്രക്കാരെയും നാലു ജീവനക്കാരെയും രക്ഷിച്ചത്
July 4, 2016, 01:00 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. പൈലറ്റ് നീറ്റോയാണ് മനസ്സാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കി 82 യാത്രക്കാരെയും നാലു ജീവനക്കാരെയും രക്ഷിച്ചത്. ഞായറാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം.
ഞായറാഴ്ച പുലര്‍ച്ചെ 4.45 ന് പുറപ്പെട്ട എത്തിഹാദ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ വലത് ഭാഗത്തേത് പൂര്‍ണമായും നിലച്ചതോടെയാണ് വിമാനം തിരിച്ചിറക്കിയത്. 35 കിലോമീറ്റര്‍ വരെ പറന്നശേഷമാണ് പൈലറ്റ് ഈ തകരാറ് കണ്ടെത്തിയത്. പറക്കലിനിടയില്‍ ഒരു എന്‍ജിന്റെ പ്രവര്‍ത്തനം പാടെനിലച്ചതായും വിമാനം അപകടനിലയിലാണെന്നും കാട്ടി പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശമയച്ചു.
വിമാനം അടിയന്തരമായി തിരിച്ചിറക്കിയേ മതിയാവൂ എന്നും തനിക്ക് ഇനി ഒന്നിനും പറ്റാത്ത സാഹചര്യമാണെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനായി സജ്ജീകരണമൊരുക്കി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഫയര്‍എന്‍ജിന്‍, ആംബുലന്‍സ് അടക്കമുള്ള സംവിധാനവും സജ്ജീകരിച്ചിരുന്നു.
സി.ഐ.എസ്.എഫ്. ഭടന്‍മാരെയും കമാന്‍ഡോകളെയും രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറാക്കി. വിമാനം ലാന്‍ഡ് ചെയ്യുന്ന മുട്ടത്തറ വള്ളക്കടവ് മുതല്‍ ഓള്‍ സെയിന്റ്‌സ് ഭാഗം വരെ റണ്‍വേയുടെ വശങ്ങളില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നാല് ഫയര്‍ എന്‍ജിനുകള്‍ വിന്യസിച്ചു. 5.04 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി അപകടനില തരണം ചെയ്തു. ഇതോടെയാണ് ജീവനക്കാരടക്കമുള്ളവര്‍ക്ക് ആശ്വാസമായത്.
തുടര്‍ന്ന് വിമാനത്തെ ബേയിലേക്ക് എത്തിച്ച് 82 യാത്രക്കാരെയും തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയോടെ വിമാനത്തിന്റെ എന്‍ജിന്റെ സ്‌പെയര്‍പാര്‍ട്ട്‌സുമായി എത്തിഹാദിന്റെ എന്‍ജിയറിങ് വിഭാഗം എത്തിച്ചേരും. എന്‍ജിന്‍ ഘടിപ്പിച്ച് ട്രയല്‍ റണ്‍ നടത്തി ഉറപ്പുവരുത്തിയശേഷം വിമാനം യാത്രക്കാരുമായി അബുദാബിയിലേക്ക് തിരിച്ചുപോകുമെന്ന് എത്തിഹാദ് അധികൃതര്‍ അറിയിച്ചു.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment