Friday, 24 June 2016

ബൈക്കിന്റെ രൂപം, സ്കൂട്ടറിന്റെ ഹൃദയം: ഇതു നവി

Honda Navi
Honda Navi

ബൈക്കിന്റെ രൂപം, സ്കൂട്ടറിന്റെ ഹൃദയം: ഇതു നവി


വലുപ്പത്തിൽ കുഞ്ഞൻ. സൗന്ദര്യത്തിൽ കേമൻ. അനായാസ നിയന്ത്രണം. ബൈക്കിന്റെ ലുക്കും സ്കൂട്ടറിന്റെ എഞ്ചിനുമുള്ള നവി എന്ന ഇത്തിരിക്കുഞ്ഞനെ ഇൗ മൂന്ന് വാചകങ്ങൾ കൊണ്ട് വിശേഷിപ്പിക്കാം. പഴയ രാജ്ദൂത് ജിടിഎസ് പോലെ കൈവെള്ളയിലൊതുക്കാവുന്ന ബൈക്ക് എന്ന് സ്വപ്ന സങ്കൽപത്തെ യാഥാർത്ഥ്യമാക്കുകയാണ് നവിയിലൂടെ ഹോണ്ട.
സ്കൂട്ടറോ ബൈക്കോ ?
നവി സ്കൂട്ടറാണോ അതോ ബൈക്കാണോ എന്ന ചോദ്യത്തിന് ഹോണ്ട പോലും ഇതു വരെ ഉത്തരം നൽകിയിട്ടില്ല. പക്ഷേ വാഹനത്തിന്റെ ടാങ്കിൽ രേഖപ്പെടുത്തിയിരിക്കുന്ന മുന്നറിയിപ്പിൽ The Scooter is... എന്ന് എഴുതിയിട്ടുണ്ട്. ഒൗദ്യോഗിക വെബ്സൈറ്റിലാവട്ടെ സ്കൂട്ടറിന്റെയോ ബൈക്കിന്റെയോ ഗണത്തിൽ പെടുത്താതെ പ്രത്യേക വിഭാഗമായിട്ടാണ് നവിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബൈക്കിന്റെ ലുക്കും സ്കൂട്ടറിന്റെ ഗിയർലെസ് എഞ്ചിനുമുള്ള നവിയെ അതു കൊണ്ട് സ്കൂട്ടർ–ബൈക്ക് എന്നു വിളിക്കുന്നതാവും ഉചിതം.

Honda Navi
ഡിസൈൻ∙ ഹോണ്ടയുടെ മറ്റൊരു കുഞ്ഞൻ ബൈക്കായ ഗ്രോം 125–ന് സമാനമായ രൂപം. ക്യൂട്ട് എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാവുന്ന ഡിസൈൻ. ഹെഡ് ലാംപും ഫെയറിങും വ്യത്യസ്തം ഒപ്പം മനോഹരവും. വലുപ്പം കുറഞ്ഞ ഫ്യൂവൽ ടാങ്കിൽ അനാവശ്യ പാനലുകളൊന്നുമില്ല. ഒറ്റ കളറിൽ ഹോണ്ടയുടെ ലോഗോയും നവി എന്ന എഴുത്തുമല്ലാതെ മറ്റ് സ്റ്റിക്കറുകളുമില്ല. ഏതൊക്കെ നിറങ്ങളിൽ ലഭ്യമാണെന്ന് ചോദിച്ചാൽ പോപ്പിൻസ് മിഠായിയുടെ കവർ തുറന്നാൽ എങ്ങനെയരിക്കും ? പച്ച, ചുവപ്പ് ഒാറഞ്ച്, വെള്ള അങ്ങനെ പോകും നിറങ്ങളും.

Honda Navi
ഹോണ്ടയുടെ തന്നെ സ്റ്റണ്ണറിനു സമാനമായ ടെയിൽ ലാംപ്. കൂടുതൽ ‘ഡെക്കറേഷൻ’ ആവശ്യമുള്ളവർക്ക് നവി ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. പക്ഷേ വാഹനത്തിന്റെ ഹാൻഡിൽ ലൂണയുടേതു പോലെയാണെന്നൊരു ആക്ഷേപം ഉന്നയിക്കപ്പെടുന്നുണ്ട്.

Honda Navi
എഞ്ചിൻ∙ ഹോണ്ട ഇക്കോ ടെക്നോളജി എന്ന സാങ്കേതിക വിദ്യ സമന്വയിക്കുന്ന 110 സി സി എഞ്ചിനാണ് നവിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോർ സ്ട്രോക്ക് എസ് ഐ എഞ്ചിൻ 7000 ആർപിഎമ്മിൽ 5.84 കിലോവാട്ട് പവറും 5500 ആർപിഎമ്മിൽ 8.96 എൻഎം ടോർക്കും നൽകും. 101 കിലോ മാത്രം ഭാരമുള്ള വാഹനത്തിന്റെ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി 3.8 ലീറ്ററാണ്.

Honda Navi
റൈഡിങ്∙ അനായാസതയാണ് നവിയുടെ പ്രധാന പ്രത്യേകത. സിറ്റി ട്രാഫിക്കിലും മറ്റും ഇൗ ഇത്തിരിക്കുഞ്ഞനെ നിയന്തിക്കാൻ വളരെയെളുപ്പമാണ്. സ്ഥിരമായി ബൈക്കോടിക്കുന്നവർ നവിയിൽ കയറിയാൽ ബ്രേക്കിനായി കാൽ കൊണ്ട് പരതും. പവറും സൗണ്ടുമൊക്കെ ആക്ടീവയുടേത് തന്നെ.

Honda Navi
നീളക്കൂടതലുള്ളവർക്ക് നവിയിലെ യാത്ര അത്ര സുഖകരമാവില്ല. സാധാരണയിൽ കവിഞ്ഞ ഉയരമുള്ളവർ നവി ഒാടിക്കുന്നതു കണ്ടാൽ എൽ കെ ജിയിൽ പഠിക്കുന്ന അനിയന്റെ മുച്ചക്ര സൈക്കിൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന ചേട്ടൻ ഒാടിക്കുന്നതു പോലിരിക്കും.

Honda Navi
ആർക്കൊക്കെ വാങ്ങാം ?
ബൈക്കിന്റെ രൂപഭാവങ്ങൾ ഉണ്ടെങ്കിലും നവി പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ഉപയോഗിക്കാവുന്ന വാഹനമാണ്. ഗിയർ ഇടാൻ അറിയാത്തവർക്കും ബൈക്കിൽ പോകാം. ആക്ടീവയിലൊക്കെ പറ പറക്കുന്ന സ്ത്രീകൾക്കും ഒരു ചെയ്ഞ്ചിനു വേണ്ടി നവി തിരഞ്ഞെടുക്കാം. വലുപ്പം കൊണ്ട് കുട്ടികൾക്ക് (18 വയസ്സിൽ താഴെയുള്ളവർക്ക് ലൈസൻസ് ലഭിക്കില്ലെന്ന വസ്തുത നിൽനിൽക്കുമ്പോൾ തന്നെ ) ഏറെ യോജിച്ച വാഹനമാണ് നവി.

Honda Navi
ബൈക്ക് വേണമെന്ന് വാശിപിടിക്കുന്ന കോളജ് കുമാരന്മാർക്ക് നവി വാങ്ങിക്കൊടുക്കാവുന്നതാണ്. മാതാപിതാക്കളുടെ പോക്കറ്റും കാലിയാവില്ല, മക്കൾ അമിത സ്പീഡിൽ പോകുമെന്ന ആശങ്കയും വേണ്ട. പക്ഷേ എത്ര പേർ ‘നവി’ കൊണ്ട് തൃപ്തരാകുമെന്ന് കണ്ടറിയണം. അനായാസമായി എതു തിരക്കിനിടയിൽ കൂടിയും ഒരു സൂചിക്കുഴലിൽ കൂടിയാണെങ്കിൽ കൂടിയും കടക്കാമെങ്കിലും ലോങ് റൂട്ടുകൾ പോകുന്നവർക്ക് നവി പ്രയോജനപ്പെട്ടേക്കില്ല.

Honda Navi
വില
സമാന സൗകര്യങ്ങളുള്ള സ്കൂട്ടറകളുമായി താരതമ്യപ്പെടുത്തുമ്പോൾ നവിയുടെ വില വളരെ കുറവാണ്. 45,000 രൂപയ്ക്ക് ലഭിക്കുന്ന ഇരുചക്ര വാഹനങ്ങൾ വിപണിയിൽ അത്ര സുലഭമല്ല. മികച്ച മൈലേജും സ്റ്റൈലും കൂടിയാകുമ്പോൾ ഇൗ കുഞ്ഞൻ വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം.  

No comments :

Post a Comment