Friday, 1 July 2016

അധിക ബാഗേജിന് ഈടാക്കിയിരുന്ന തുക മൂന്നിലൊന്നായി കുറച്ചു;അച്ഛാ ദിന്‍ ,മോഡി മാജിക്

വിമാന യാത്രയിൽ ലഗേജ് കൂടിയാലും ഇനി പേടിക്കേണ്ട; അധിക ബാഗേജിന് ഈടാക്കിയിരുന്ന തുക മൂന്നിലൊന്നായി കുറച്ചു; കിലോയ്ക്ക് നൂറുരൂപ നൽകിയാൽ ഇനി കൂടുതൽ ലഗേജ് കൊണ്ടുപോകാം

 ന്യൂഡൽഹി: വിമാന യാത്രക്കാക്ക് സൗജന്യ ബാഗേജ് പരിധിക്കപ്പുറമുള്ള ചെക്ക് ഇൻ ബാഗേജിനുള്ള നിരക്ക് ഇന്നുമുതൽ കുറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കഴിഞ്ഞമാസം നൽകിയ നിർദ്ദേശങ്ങളെതുടർന്നാണ് വിമാനക്കമ്പനികൾ അധിക ലഗേജിനുള്ള ഫീസ് കിലോയ്ക്ക് നൂറുരൂപയാക്കി പരിമിതപ്പെടുത്തിയത്. കിലോഗ്രാമിന് 300 രൂപ ഈടാക്കിയിരുന്ന സ്ഥാനത്താണിത്. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 15 കിലോഗ്രാം വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം.
എയർ ഇന്ത്യക്കു മാത്രം 23 കിലോഗ്രാം വരെ സൗജന്യ ബാഗേജിന് അധികാരമുണ്ട്. ലഗേജ് ചാർജ് കുറയ്ക്കുന്നതിനുള്ള കമ്പ്യൂട്ടർ ക്രമീകരണം ഉടൻ പൂർത്തിയാക്കാനും ജൂലായ് ഒന്നുമുതൽ നടപ്പാക്കാനുമായിരുന്നു ഡിജിസിഎ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 20 കിലോഗ്രാം വരെയുള്ള ബാഗേജ് കുറഞ്ഞ നിരക്കിൽ കൊണ്ടുപോകാനാകും. അതിലും കൂടുതലുള്ള ലഗേജിന് ഏർപ്പെടുത്തേണ്ട ചാർജ് കമ്പനികൾക്ക് തീരുമാനിക്കാം.
അധിക ബാഗേജിന് ചാർജ് കുറച്ചതിന് പുറമെ യാത്രക്കാരെ പിഴിയുന്ന വിമാനക്കമ്പനികളുടെ നടപടികളിലും കർശന നിയന്ത്രണം കൊണ്ടുവരുമെന്ന് ഡിജിസിഎ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ വിമാനക്കമ്പനികൾ പല ചാർജുകളിലും പെനാൾട്ടി തുകകളിലും വർദ്ധനവ് വരുത്തിയിരുന്നു. ഇതിനെല്ലാം ഡിജിസിഎ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. നവജാത ശിശു, ഒറ്റക്ക് യാത്രചെയ്യുന്ന മൈനർ എന്നിവർക്കുള്ള ചാർജ്, സീറ്റ് കാൻസലേഷൻ, ടിക്കറ്റിൽ പേരുമാറ്റുക തുടങ്ങിയവയ്‌ക്കെല്ലാം എയർലൈൻസുകൾ തോന്നുംപടിയാണ് ഫീസ് ചുമത്തിയിരുന്നത്.
കൺവീനിയൻസ് ഫീസ് എന്ന നിലയിൽ ഓൺലൈൻ ബുക്കിംഗിനും അധികതുക ഈടാക്കിയിരുന്നു. ഇതെല്ലാം ഉടൻ നിർത്തലാകും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ 150 രൂപയും ഡെബിറ്റ് കാർഡ് ബുക്കിംഗിന് 75 രൂപയും അധികം ഈടാക്കിയിരുന്നു. റീഫണ്ടു ചെയ്യുമ്പോൾ പ്രൊസസിങ് ചാർജായി 200 രൂപയോളമായിരുന്നു പല വിമാനക്കമ്പനികളും കൈക്കലാക്കിയിരുന്നത്.
യാത്രക്കാരെ ഇങ്ങനെ പിഴിയുന്നത് ഒഴിവാക്കാനും യാത്രക്കാരുടെ സൗകര്യങ്ങൾ കൂട്ടാനുമുള്ള പുതിയ നിബന്ധനകളാണ് കഴിഞ്ഞ മാസം പകുതിയോടെ ഡിജിസിഎ നിർദ്ദേശിച്ചിരുന്നത്. ഈ മാസംതന്നെ ഇവയിൽ മിക്കവയും നടപ്പാകുന്നതോടെ വിമാനയാത്രക്കാർക്ക് കൂടുതൽസേവനങ്ങൾ ലഭ്യമാക്കാനാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി ഡിജിസിഎയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് കാൻസലേഷൻ ഫീസിലും ഗണ്യമായ കുറവുണ്ടാകും. ഷെഡ്യൂൾപ്രകാരമുള്ള ഫ്‌ളൈറ്റ് കാൻസലായാൽ ഒരു മണിക്കൂറിനകം പുതിയ ഫ്‌ളൈറ്റ് ഏർപ്പെടുത്തിയിരിക്കണമെന്നാണ് പുതിയ നിബന്ധന. ഇല്ലെങ്കിൽ ബുക്ക് ചെയ്ത വൺവേ ബേസ് ഫെയറിന്റെ 200 ശതമാനവും ഇന്ധന സർചാർജും യാത്രക്കാരന് ഇനി വിമാനക്കമ്പനി നൽകേണ്ടിവരും. റീഫണ്ടിങ് ആഭ്യന്തര വിമാനങ്ങൾക്ക് 15 ദിവസത്തിനകവും രാജ്യാന്തര വിമാനങ്ങൾക്ക് 30 ദിവസത്തിനകവും നൽകിയിരിക്കണം.
എയർലൈൻസും എയർപോർട്ടുകളും ദുർബല വിഭാഗത്തിൽപ്പെട്ട യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ഇവർക്ക് സ്‌പെഷൽ സീറ്റുകൾ ബുക്കുചെയ്യാനും സൗകര്യമുണ്ടാകണം. അതേസമയം വിമാനക്കമ്പനികൾക്ക് ഈ പരിഷ്‌കാരങ്ങളോട് വിയോജിപ്പുണ്ടെങ്കിലും കേന്ദ്ര സർക്കാരുമായി ബലപരീക്ഷണം ഉണ്ടാവില്ലെന്നാണ് സൂചനകൾ.

No comments :

Post a Comment