Thursday, 23 June 2016

ഭാവി പ്രവചിച്ച് ഫെയ്സ്ബുക്ക് സുഹൃത്തുക്കളെ ഞെട്ടിക്കണോ?

manoramaonline.com

ഭാവി പ്രവചിച്ച് ഫെയ്സ്ബുക്ക് സുഹൃത്തുക്കളെ ഞെട്ടിക്കണോ?

by സ്വന്തം ലേഖകൻ

ഭാവി പ്രവചിച്ച് സുഹൃത്തുക്കളെ ഞെട്ടിക്കണോ? ഫെയ്സ്ബുക്കില്‍ അതിനുമുണ്ട് സൂത്രം. അമേരിക്കയിലെ ഡള്ളസില്‍ നിന്നുള്ള പാബ്ലോ റെയസിന്റെ ഭാവി പ്രവചനം ഫെയ്സ്ബുക്കില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. 1.50 ലക്ഷത്തിലേറെ ലൈക്ക് 2.20 ലക്ഷത്തിലേറെ ഷെയറുമാണ് റെയസിന്റെ പ്രവചനത്തിന് ലഭിച്ചത്. ഇതൊരു തട്ടിപ്പാണെന്ന് തിരിച്ചറിയാതെയായിരുന്നു ഭൂരിഭാഗം പേരും ഇത് പങ്കുവെച്ചത്.
അടുത്തിടെ സംഭവിച്ച സുപ്രധാന സംഭവവികാസങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ അക്കമിട്ട് പറഞ്ഞിരിക്കുന്ന രീതിയിലായിരുന്നു പാബ്ലോ റെയസിന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ട് അന്തംവിട്ടുപോയ സുഹൃത്തുക്കള്‍ സ്റ്റാറ്റസിനെ ഏറ്റെടുക്കുകയായിരുന്നു. മുഹമ്മദ് അലിയുടേയും പോപ് ഗായകന്‍ പ്രിന്‍സിന്റേയും മരണവും ഗൊറില്ലയെ വെടിവെച്ചുകൊന്നതുമൊക്കെയാണ് റെയസ് പ്രവചനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഫേസ്ബുക്ക് തന്നെ നല്‍കുന്ന ഒരു സൗകര്യം ഉപയോഗിച്ച് നടത്തിയ സൂത്രം വഴിയാണ് റെയസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പ്രവചനക്കാരനായി മാറിയത്.
ഇങ്ങനെയായിരുന്നു റെയസിന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണ്ണ രൂപം- 'ചിലപ്പോള്‍ നിങ്ങളെന്നെ വട്ടനെന്നു വിളിച്ചേക്കും. പക്ഷേ ഞാന്‍ പറയാനുള്ളത് പറയും. 2016ല്‍ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി ഹിലരി ക്ലിന്റണ്‍ മാറും. ഒരു ഗൊറില്ലയുടെ മരണം വലിയ വിവദമായി മാറും. പ്രിന്‍സും മുഹമ്മദ് അലിയും ഡൊണാള്‍ഡ് ട്രംപും മരിക്കും. അമേരിക്ക ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെടിവെപ്പിന് സാക്ഷിയാകും... ആരെയും പേടിപ്പിക്കാനല്ല ഇതൊക്കെ പറയുന്നത്. പക്ഷേ എന്റെ പേര് നിങ്ങള്‍ ഓര്‍ത്തുവെക്കണം' നടന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളെ ചേര്‍ത്തുകെട്ടിയ പാബ്ലൊ റെയസിന്റെ സ്റ്റാറ്റസ് ഏറെ വൈകാതെ വൈറലായി.
2015 ഡിസംബര്‍ 26ന് അപ്ഡേറ്റ് ചെയ്തത് എന്ന നിലയിലായിരുന്നു റെയസിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 1.53 ലക്ഷത്തിലേറെ ലൈക്കും 2.90 ലക്ഷത്തിലേറെ ഷെയറുമായി ഈ പ്രവചനം ഫെയ്സ്ബുക്കിനെ കീഴടക്കുക തന്നെ ചെയ്തു. ഫെയ്സ്ബുക്കില്‍ അധികമാരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത ഒരു ഓപ്ഷന്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചായിരുന്നു റെയസിന്റെ ഈ ഭാവി പ്രവചനം. നിങ്ങള്‍ ഒരു സ്റ്റാറ്റസ് ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ തുനിയുമ്പോള്‍ ദിവസവും സമയവും മാറ്റാനുള്ള അവസരവും ഫെയ്സ്ബുക്ക് നല്‍കുന്നുണ്ട്. ഇത് ഉപയോഗിച്ച് 2015 ഡിസംബര്‍ 26 എന്ന് ഡേറ്റ് മാറ്റിയാണ് റയെസ് തന്റെ പ്രവചനം നടത്തിയത്.
1905 ഡിസംബര്‍ 31വരെ തിയതി പിന്നിലേക്ക് പോകാന്‍ ഫെയ്സ്ബുക്കില്‍ ഓപ്ഷനുണ്ട്. ഒരിക്കല്‍ തിയതി സെറ്റു ചെയ്താല്‍ ടൈംലൈനില്‍ ഈ ഭാഗത്തേക്ക് പോസ്റ്റ് മാറുകയും ചെയ്യും. അതുകൊണ്ട് എപ്പോഴാണ് യഥാര്‍ഥത്തില്‍ പോസ്റ്റിട്ടതെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാകില്ല. പക്ഷേ ഒരുകാര്യം ശ്രദ്ധിക്കണം നിങ്ങളുടെ ജന്മദിനത്തിന് മുമ്പുള്ള ദിവസം സെറ്റു ചെയ്യാന്‍ ഫെയ്സ്ബുക്ക് അനുവദിക്കില്ല. പാബ്ലൊ റെയന്‍ ചെയ്തതുപോലെ കുറച്ച് ബുദ്ധി കൂടി ചേര്‍ത്ത് ഒരു പ്രവചനം നടത്തിയാല്‍ ചിലപ്പോള്‍ നിങ്ങളുടെ സ്റ്റാറ്റസും വൈറലായേക്കും. 

No comments :

Post a Comment