ലണ്ടന്‍:ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നറിയാനായി നടത്തിയ 'ബ്രെക്സിറ്റ്' ഹിതപരിശോധനയില്‍ യൂണിയന്‍ വിടണമെന്ന അഭിപ്രായത്തിന് ഭൂരിപക്ഷം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.9 ശതമാനം പേര്‍ യൂണിയന്‍ വിടണമെന്നാണ് വിധിയെഴുതിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍.
വോട്ടെണ്ണലില്‍ തുടക്കത്തില്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന അഭിപ്രായത്തിന് നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് മുന്‍തൂക്കം മറുപക്ഷത്തേക്ക് മാറി. ആദ്യഘട്ടത്തിലൊന്നും ഇരുപക്ഷത്തിനും വ്യക്തമായ ലീഡ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ലീഡ് നിലകള്‍ മാറിമറിഞ്ഞെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ട എന്ന തീരുമാനത്തിലേക്ക് ബ്രിട്ടന്‍ എത്തുകയായിരുന്നു.
ബ്രെക്സിറ്റില്‍ ഫലം എങ്ങോട്ടും മാറിമറിയാമെന്നാണ് ഇന്നലെ നടന്ന വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. ഇത് യൂണിയനില്‍ തുടരണം എന്ന അഭിപ്രായക്കാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.
Brexit
ആഗോള സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കാവുന്ന നിര്‍ണായകതീരുമാനം പുറത്തുവന്നതോടെ അതിന്റെ ലക്ഷണങ്ങള്‍ വിപണിയില്‍ കണ്ടുതുടങ്ങി. പൗണ്ടിന്റെ വില 31 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ബ്രിട്ടീഷ് ഓഹരി വിപണി പാടേ തകര്‍ന്നടിഞ്ഞു. ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളുടെ വിപണിയും കൂപ്പുകുത്തി.
പ്രാദേശികസമയം രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തിനാണ് അവസാനിച്ചത്. 12 ലക്ഷം ഇന്ത്യക്കാരടക്കം ഏതാണ്ട് 4.6 കോടി പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്. 28 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന ഒറ്റ ചോദ്യമായിരുന്നു ബാലറ്റ്‌പേപ്പറിലുണ്ടായിരുന്നത്.
ബ്രിട്ടന്റെ പരീക്ഷ