Friday, 24 June 2016

സ്വാഗതം, ഇന്ത്യയിലെ ആദ്യ സഞ്ചരിക്കും ഹോട്ടലിലേക്ക്

സ്വാഗതം, ഇന്ത്യയിലെ ആദ്യ സഞ്ചരിക്കും ഹോട്ടലിലേക്ക്...


അഹമ്മദാബാദില്‍ നിന്നും ബീറ്റില്‍ സ്മാര്‍ട്ടോട്ടല്‍; താമസസൗകര്യം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള ഉള്‍പ്രദേശങ്ങള്‍ക്ക് അനുയോജ്യം

അഹമ്മദാബാദ്:  താമസിക്കാനിടം തേടിയുള്ള അലച്ചിലുകള്‍ നിങ്ങളുടെ യാത്രകളെ അലോസരപ്പെടുത്താറുണ്ടോ? ഈയവസരത്തില്‍ ഹോട്ടലുകള്‍ നിങ്ങളെ തേടിയെത്തിയാലോ?
ടൂറിസം രംഗത്തേക്ക് സഞ്ചരിക്കുന്ന ഹോട്ടല്‍ എന്ന നൂതന ആശയവുമായി എത്തിയിരിക്കുകയാണ് അഹമ്മദാബാദിലെ ഹൈറൈസ് ഹോസ്പിറ്റിലാറ്റി ലിമിറ്റഡ്. യാത്രാപ്രേമികള്‍ക്കായി ബീറ്റില്‍ സ്മാര്‍ട്ടോട്ടല്‍സ് എന്ന പേരില്‍ സഞ്ചരിക്കുന്ന ഹോട്ടലുകളുടെ നീണ്ടനിരയാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.
പഴയ ഷിപ്പിങ് കണ്ടെയിനറുകളാണ് ഇവര്‍ ഹോട്ടല്‍ മുറിയാക്കിമാറ്റുന്നത്. ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ഹോട്ടല്‍മുറികള്‍ എന്നവകാശപ്പെടുന്ന സ്മാര്‍ട്ടോട്ടല്‍സിന്റെ ആദ്യ യൂണിറ്റ് അഹമ്മദാബാദില്‍ പ്രകാശനം ചെയ്തു. ചക്രങ്ങള്‍ ഘടിപ്പിച്ച ഇത്തരം മുറികള്‍ താമസസൗകര്യങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള ഉള്‍പ്രദേശങ്ങള്‍ക്ക് വളരെ യോജിച്ചതാണെന്നാണ്‌ കമ്പനിയുടെ ഉടമയായ തന്‍മയ് ബത്വാല്‍ അവകാശപ്പെടുന്നത്.
വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാന്‍ വര്‍ഷങ്ങളെടുക്കുമ്പോള്‍, വെറും മൂന്നു മാസംകൊണ്ടാണ് സ്മാര്‍ട്ടോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പാഴ്‌വസ്തുക്കള്‍ പുന:രുപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ ഇവ പരിസ്ഥിതി സൗഹൃദവുമാണ്. സൗകര്യപ്രദവും ആകര്‍ഷകവുമായ മുറികള്‍ക്കൊപ്പം അത്യാധുനിക സുരക്ഷാസംവിധാനങ്ങളും സ്മാര്‍ട്ടോട്ടല്‍സില്‍ ഒരുക്കിയിരിക്കുന്നു.
സഞ്ചരിക്കുന്ന ഹോട്ടലുകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണം ഉടന്‍തന്നെ ആരംഭിക്കുമെന്നും അഹമ്മദാബാദിലെ നിര്‍മാണശാലയില്‍ നിന്ന് 2018-ഓടെ 2000 യൂണിറ്റുകള്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും തന്മയ് അറിയിച്ചു.

No comments :

Post a Comment