Wednesday, 22 June 2016

ആദായനികുതിയടച്ചില്ലെങ്കില്‍ അകത്താകും


ആദായനികുതിയടച്ചില്ലെങ്കില്‍ അകത്താകും


നികുതിവകുപ്പിലെ ഉന്നതരുടെ യോഗം കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുകൂട്ടിയതിന്റെ തുടര്‍ച്ചയായാണ് നടപടികള്‍. നികുതിദായകരില്‍ ഭയപ്പാടുണ്ടാക്കാതെ പിരിവ് ഊര്‍ജിതമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
June 22, 2016, 01:00 AM IST
ന്യൂഡല്‍ഹി: മനഃപൂര്‍വം നികുതിനല്‍കാത്തവരെ അറസ്റ്റുചെയ്യാനും സ്വത്തുവകകള്‍ പിടിച്ചെടുത്തു ലേലംചെയ്യാനും ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. നികുതിയടയ്ക്കാത്തവരുടെ 'പാന്‍' കാര്‍ഡ് മരവിപ്പിക്കും. പാചകവാതക കണക്ഷന്റെ സബ്‌സിഡി പിന്‍വലിക്കും. ബാങ്ക് വായ്പ നിഷേധിക്കും. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിഴചുമത്താനും അവരെ കുറ്റവിചാരണചെയ്യാനും നിലവിലുള്ള വകുപ്പുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതോടൊപ്പം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരുമാനങ്ങള്‍ ഇക്കൊല്ലംതന്നെ നടപ്പാക്കാനാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം.

നികുതിവകുപ്പിലെ ഉന്നതരുടെ യോഗം കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുകൂട്ടിയതിന്റെ തുടര്‍ച്ചയായാണ് നടപടികള്‍. നികുതിദായകരില്‍ ഭയപ്പാടുണ്ടാക്കാതെ പിരിവ് ഊര്‍ജിതമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. യോഗത്തിനു തുടര്‍ച്ചയായി കേന്ദ്ര പ്രത്യക്ഷനികുതിബോര്‍ഡ് തയ്യാറാക്കിയ പോംവഴിരേഖയിലാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. നികുതിയടയ്ക്കാത്തവരുടെ പാന്‍ കാര്‍ഡ് മരവിപ്പിക്കുന്നതോടെ അവര്‍ക്ക് ബാങ്കില്‍നിന്ന് വായ്പയോ ഓവര്‍ ഡ്രാഫ്‌റ്റോ ലഭിക്കില്ല. പാന്‍കാര്‍ഡില്ലാതെ നല്‍കുന്ന വായ്പ ബാങ്കിന്റെ കിട്ടാക്കടമായിട്ടാണു കണക്കാക്കുക. പാചകവാതകത്തിന്റെ സബ്‌സിഡി ഇപ്പോള്‍ ബാങ്കുകളില്‍ നേരിട്ടു നല്‍കുകയാണു ചെയ്യുന്നത്. അത് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കും.

പാന്‍കാര്‍ഡ് റദ്ദാക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍, വസ്തുവകകള്‍ രജിസ്റ്റര്‍ചെയ്യുന്ന രജിസ്ട്രാര്‍മാരെ അറിയിക്കും. പാന്‍കാര്‍ഡുകള്‍ ആവശ്യമായിവരുന്ന രജിസ്‌ട്രേഷന്‍ അതോടെ തടസ്സപ്പെടും. രാജ്യത്തിന്റെ ഏതെങ്കിലുമൊരു മേഖലയിലാണ് നികുതിയില്‍ വീഴ്ചവരുത്തുന്നതെങ്കിലും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റെല്ലായിടങ്ങളിലും കൈമാറും. മറ്റുഭാഗങ്ങളില്‍നിന്നുള്ള വായ്പ, സബ്‌സിഡി എന്നിവ തടസ്സപ്പെടുത്താനാണത്. വ്യക്തികളുടെ ബാങ്ക്വായ്പ, ക്രെഡിറ്റ് കാര്‍ഡുകള്‍ മുതലായവയുടെ വിവരങ്ങള്‍ ശേഖരിച്ചുസൂക്ഷിക്കുന്ന കമ്പനി-ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(ഇന്ത്യ) ലിമിറ്റഡില്‍നിന്ന്(സി.ഐ.ബി.ഐ.എല്‍.) വിവരങ്ങള്‍ വാങ്ങി അതിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇരുപതുകോടി രൂപയില്‍ കൂടുതല്‍ നികുതികുടിശ്ശികയുള്ളവരുടെ പേരുവിവരങ്ങള്‍ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും പരസ്യപ്പെടുത്തുന്ന ഏര്‍പ്പാട് കഴിഞ്ഞകൊല്ലം മുതല്‍ ആദായനികുതിവകുപ്പ് നടപ്പാക്കുന്നുണ്ട്. അത്തരത്തിലുള്ള 67 പേരുകളാണ് ഇതുവരെ പരസ്യംചെയ്തത്. ഒരുകോടിയും അതിനുമേലും കുടിശ്ശികയുള്ള എല്ലാവരുടെയും പേരുവിവരങ്ങള്‍ ഇക്കൊല്ലംമുതല്‍ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍

*ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ എണ്ണം കൂടുന്നു. 2014-ല്‍ 22.04 ലക്ഷം പേരായിരുന്നു. കഴിഞ്ഞകൊല്ലം 58.95 ലക്ഷമായി.
*റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ ആദായനികുതിനിയമത്തിലെ 271 എഫ് വകുപ്പനുസരിച്ച് പിഴ. ഇത് 1000 രൂപമുതല്‍ 5000 രൂപവരെയാവാം.
*276 സി.സി. വകുപ്പനുസരിച്ച് കുറ്റവിചാരണ. മൂന്നുമാസംമുതല്‍ ഏഴുവര്‍ഷംവരെയുള്ള തടവുശിക്ഷ ലഭിക്കാം.

No comments :

Post a Comment