Thursday, 23 June 2016

പാതാളതവളയെ എടത്തനാട്ടുകരയിൽ കണ്ടെത്തി

localnews.manoramaonline.com

പാതാളതവളയെ എടത്തനാട്ടുകരയിൽ കണ്ടെത്തി

by സ്വന്തം ലേഖകൻ

അലനല്ലൂർ∙പശ്ചിമ ഘട്ടത്തിൽ തദ്ദേശിയനും അപൂർവമായും കാണാറുള്ള പാതാളതവളയെ എടത്തനാട്ടുകര ഭാഗത്തെ സൈലന്റ് വാലി ബഫർസോൺ മേഖലയിൽ കണ്ടെത്തി. പ്രകൃതി സ്നേഹിയായ പടിഞ്ഞാറപ്പള്ള നിഹാൽ ജപിൻ എന്ന വിദ്യാർഥിയാണ് ഉപ്പുകുളം വെള്ളച്ചാട്ട പാറപരിസരത്തു നിന്നും ഈ തവളകൾ ഇണചേരുന്നതു ക്യാമറയിൽ പകർത്തിയത്. വർഷത്തിൽ ഒരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നു പുറത്ത് എത്തുന്ന ഇവ ഇണചേരുന്ന ചിത്രം കിട്ടുന്നത് അപൂർവമാണ്. പെട്രോകെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ ജപിൻ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പി.പി. സുബൈറിന്റെ മകനാണ്.
കേരളത്തിൽ ഇതിനു മുമ്പ് അഗസ്ത്യകൂടം, ഇടുക്കി, അതിരപ്പിള്ളി, കരുവാരകുണ്ട്, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഇവയെ കണ്ടിട്ടുള്ളതെന്നാണ് അറിവ്. കാടിനെ ആശ്രയിച്ച് അതിനോടു ചേർന്നു ജീവിക്കുന്നവർക്കു കാലങ്ങളായി ഇവയെക്കുറിച്ച് അറിയാമെങ്കിലും രണ്ടായിരത്തി മൂന്നിലാണ് ശാസ്ത്രലോകം ഇതിനെ തിരിച്ചറിയുന്നത്. ജനിതക പഠനത്തിലൂടെയാണ് ഏകദേശം നൂറ്റിനാൽപതു മില്യൻ വർഷം മുന്നേ ഇവ പരിണമിച്ചുണ്ടായി എന്നും ഇന്ത്യയിലെ തവളകളുമായല്ല മറിച്ച് ആഫ്രിക്കയുടെയും ഏഷ്യയുടെയും ഇടയിലുള്ള ഒരു ദ്വീപു രാഷ്ട്രമായ സീഷേൽസിലെ സൂഗ്ലോസിടെ എന്ന വിഭാഗത്തിലെ തവളകളുമായിട്ടാണു ബന്ധമുള്ളതെന്നും ‍ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രഫ. ഡോ. എസ്.ഡി.ബിജുവും ബെൽജിയത്തിൽ നിന്നുള്ള ഫ്രാങ്കിബോസ്സുയിറ്റും കണ്ടെത്തിയിരുന്നു.
ധൂമ നിറത്തിൽ കാണുന്ന ഇവയുടെ ശരീരം സാധാരണ തവളകളിൽ നിന്നും വ്യത്യസ്തമാണ്. തടിച്ച ശരീരത്തിൽ നിന്നും തുറിച്ചു നോക്കുന്നതും ദൃഢമായതുമായ ചെറിയ മൂക്കിന്റെ അറ്റം മണ്ണിൽ കുഴിച്ചു പോകാൻ സഹായിക്കുന്നതും കാലുകൾ മൺവെട്ടിപോലെ മണ്ണിൽ സഞ്ചരിക്കാൻ സഹായിക്കുന്ന തരത്തിലുള്ളതുമാണ്.
മഴക്കാലത്ത് കുത്തിയൊലിച്ചൊഴുകുകയും വേനലിൽ വറ്റിപോകുകയും ചെയ്യുന്ന നീർ ചാലുകളിലാണ് ഇവ പ്രജനനം നടത്തുന്നത്. വർഷം മുഴുവൻ മണ്ണിനടിയിൽ കഴിയുന്ന ഇവ ആദ്യത്തെ മഴ പെയ്യുന്നതോടെ ഉപരിതലത്തിൽ വരാറാണു പതിവ്. പെൺ തവളകളുടെ ശരീരത്തിന്റെ മൂന്നിലൊന്നു മാത്രമേ ആൺതവളകൾക്കു വലുപ്പുമുണ്ടാകൂ. പെൺതവളകളുടെ പുറത്തു പറ്റിപ്പിടിച്ചിരിക്കുന്ന പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവ ഇണ ചേരുന്നത്.

No comments :

Post a Comment