Thursday, 23 June 2016

ചരിത്രം രചിച്ച് ഇതാ വീ‌ണ്ടും ഇന്ത്യയുടെ ആകാശ വിജയം

manoramaonline.com

ചരിത്രം രചിച്ച് ഇതാ വീ‌ണ്ടും ഇന്ത്യയുടെ ആകാശ വിജയം

by സ്വന്തം ലേഖകൻ

ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലിൽ മുട്ടുന്ന ഇന്ത്യക്കാരന്റെ കാർട്ടൂൺ വരച്ച കക്ഷി ഒരുപക്ഷേ ഇപ്പോൾ ആകാശത്തേക്ക് കണ്ണുതള്ളി അന്തംവിട്ടിരിപ്പുണ്ടായിരിക്കും. ഇന്ത്യയുടെ സ്വന്തം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്ക്ൾ (പിഎസ്എൽവി)-സി34 വീണ്ടും വിജയത്തിലേക്കു പറന്നുയർന്നിരിക്കുന്നു.
ശ്രീഹരിക്കോട്ടയിൽ നിന്ന് 20 കൃത്രിമ ഉപഗ്രഹങ്ങളെയും വഹിച്ചുള്ള സി-34ന്റെ യാത്ര കൃത്യമായി ഭ്രമണപഥത്തിലെത്തിയിരിക്കുകയാണ്. എല്ലാം നടന്നത് രാവിലെ ഒൻപതര മുതൽ അരമണിക്കൂറിനകം. അമേരിക്കയുടേതുൾപ്പെടെയുള്ള സാറ്റലൈറ്റുകളെയും വഹിച്ചു കൊണ്ടായിരുന്നു പിഎസ്എൽവിയുടെ ഈ ചരിത്രയാത്രയെന്നു കൂടി ചേർക്കുമ്പോഴാണ് ഇന്ത്യൻ വിജയത്തിന്റെ പൂർണത. ഐഎസ്ആർഒയുടെ ആ ചരിത്ര നേട്ടത്തിലെ ചില കൗതുകങ്ങളറിയാം:
∙ 1993 സെപ്റ്റംബർ 20നായിരുന്നു പിഎസ്എൽവിയുടെ ആദ്യവിക്ഷേപണം. അതിനു ശേഷം ഇന്നേവരെ ഇരുപതിലേറെ രാജ്യങ്ങളുടെ 57 സാറ്റലൈറ്റുകളെ പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു.
∙ ഇന്ത്യയിൽ നിന്നുള്ള ഉപഗ്രഹവിക്ഷേപണം താരതമ്യേന ചെലവു കുറഞ്ഞതായാണ് വിദേശരാജ്യങ്ങൾ കണക്കാക്കുന്നത്. മറ്റിടങ്ങളെക്കാള്‍ പത്തുശതമാനത്തോളം ചെലവു കുറച്ച് ഇന്ത്യയിൽ നിന്ന് വിക്ഷേപണം നടത്താനാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം വിക്ഷേപണങ്ങൾ വഴി ഇന്ത്യ 650 കോടിയിലേറെ രൂപ സ്വന്തമാക്കിയതായാണ് കണക്ക്.
∙ ആദ്യമായി ഏറ്റവുമധികം സാറ്റലൈറ്റുകൾ ഭ്രമണപഥത്തിലെത്തിക്കുന്നതിന്റെ റെക്കോർഡ് ഇന്ത്യക്കാണ്. 2008ൽ 10 സാറ്റലൈറ്റുകളാണ് ഇന്ത്യ ഒരുമിച്ച് ഭ്രമണപഥത്തിലെത്തിച്ചത്.
∙ എന്നാൽ ഏറ്റവുമധികം സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിച്ച റെക്കോർഡ് റഷ്യയ്ക്കാണ്-2014ൽ ഒരുമിച്ച് 37 കൃത്രിമഉപഗ്രഹങ്ങൾ. 2013ൽ അമേരിക്ക ഒറ്റയടിക്ക് 30 സാറ്റലൈറ്റുകളെയു വിക്ഷേപിച്ചു.
∙ ജൺ 22ന് ഭ്രമണപഥത്തിലെത്തിയവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്-2 ആണ്. 727.5 കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ്-2 തന്നെയാണ് കൂട്ടത്തിൽ ഏറ്റവും ഭാരമുള്ളത്.
∙ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച ആസൂത്രണങ്ങൾക്ക് സഹായിക്കുന്ന കൃത്യതയാർന്ന വിവരങ്ങളായിരിക്കും കാർട്ടോസാറ്റിൽ നിന്നു ലഭിക്കുക. നഗരമായാലും ഗ്രാമമായാലും തീരപ്രദേശമായാലും ഏറെ സഹായകരമാകുന്നതാണ് ഈ വിവരങ്ങൾ. റോഡ് നിർമാണം, അറ്റകുറ്റപ്പണികൾ, ജലവിതരണം, ഭൂവിതരണത്തിന്റെ മാപ്പ് തയാറാക്കൽ എല്ലാറ്റിനും സഹായമാകും ഇതുവഴി ലഭിക്കുന്ന ഡേറ്റ.
∙ 17 വിദേശ ഉപഗ്രഹങ്ങളും ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ട് ഉപഗ്രഹങ്ങളുമാണ് ഇന്ന് 505 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തിയ മറ്റ് സാറ്റലൈറ്റുകൾ. എല്ലാറ്റിനും കൂടെ ഭാരം 560 കിലോഗ്രാം. 1288 കിലോയാണ് മൊത്തം ഉപഗ്രഹങ്ങളുടെ ഭാരം.
∙ അമേരിക്ക (സ്കൈസാറ്റ് ജൻ 2-1), കാനഡ(മാരിടൈം ഉപഗ്രഹമായ എം3എംസാറ്റ്, ജിഎച്ച്ജിസാറ്റ്–ഡി), ജർമനി(ബൈറോസ്, എംവിവി), ഇന്തൊനീഷ്യ(ലാപാൻ എ-3) എന്നീ രാജ്യങ്ങളിലെ ഉപഗ്രഹങ്ങളായിരുന്നു 17 എണ്ണം.
∙ അമേരിക്കയുടെ 12 ഡവ് സാറ്റലൈറ്റുകളാണ് കൂട്ടത്തിലുള്ളത്. ഭൂമിയുടെ ചിത്രങ്ങളെടുക്കുകയാണ് ഈ നാനോ സാറ്റലൈറ്റുകളുടെ ദൗത്യം. അതും ജനവാസമേറിയതും കൃഷി ചെയ്യുന്നതും വനം നിറഞ്ഞതുമെല്ലാമായ ഇടങ്ങൾ. ഭൂപ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമെല്ലാം കൃത്യമായി വിശകലനം ചെയ്യാനും കാർഷികവൃത്തിയിൽ ഗുണപരമായ നേട്ടങ്ങളുണ്ടാക്കാനുമെല്ലാം സഹായിക്കുന്നതായിരിക്കും ഡവ് അയക്കുന്ന ചിത്രങ്ങൾ‍. നാസയിലെ മുൻ ശാസ്ത്രജ്ഞർ ചേർന്നു രൂപീകരിച്ച പ്ലാനറ്റ് ലാബ്സ് കൂട്ടായ്മയാണ് ഈസാറ്റലൈറ്റുകളുടെ നിർമാതാക്കൾ. ഓരോ ഉപഗ്രഹത്തിനും 4.7 കിലോഗ്രാം മാത്രം ഭാരം.
∙ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ കമ്പനി ടെറബെല്ല തയാറാക്കിയ സ്കൈസാറ്റ് ജെൻ 2-1 ഉപഗ്രഹവുമുണ്ട്. എച്ച്ഡി വിഡിയോ പകർത്താനും മികച്ച റെസലൂഷനിൽ ചിത്രങ്ങളെടുക്കാനും സാധിക്കുന്നതാണിത്. 110 കിലോഗ്രാം മാത്രമാണു ഭാരം,
isro-office
∙ ചെന്നൈ സത്യഭാമ സർവകലാശാലയിലെ വിദ്യാർഥികൾ രൂപകൽപന ചെയ്ത സത്യഭാമ സാറ്റ്, പുണെ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ ‘സ്വയം’ എന്നിവയാണ് വിദ്യാർഥികളുടെ ഉപഗ്രഹങ്ങൾ. ഹരിതഗൃഹവാതകങ്ങളുടെ ഡേറ്റ ശേഖരണമാണ് സത്യഭാമ സാറ്റിന്റെ ലക്ഷ്യം. അതുവഴി ഇന്ത്യയിലെ മലിനീകരണത്തെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യവും. ആറുബാച്ചുകളിലെ വിദ്യാർഥികൾ ആറു വർഷമെടുത്ത് നിർമിച്ചതാണിത്. ആറു മാസമായിരിക്കും ഈ നാനോ സാറ്റലൈറ്റ് ഭ്രമണപഥത്തിലുണ്ടാവുക. ഒന്നരക്കോടിയോളം രൂപ ചെലവിട്ടാണ് ഇതിന്റെ നിർമാണം.
∙ ഹാം റേഡിയോ ഉപയോഗിക്കുന്നവർക്ക് സഹായം നൽകുകയാണ് ‘സ്വയ’ത്തിന്റെ ലക്ഷ്യം. ‘പോയിന്റ് ടു പോയിന്റ്’ മെസേജിങ് സർവീസിനു സഹായിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഇരുനൂറോളം വിദ്യാർഥികൾ എട്ടു വർഷത്തെ സമയമെടുത്താണ് ‘സ്വയം’ സാറ്റലൈറ്റ് തയാറാക്കിയത്. ആകെ ഒരു കിലോഗ്രാം മാത്രം ഭാരമുള്ള സ്വയം ആണ് പിഎസ്എൽവി ലോഞ്ചിങ് കൂട്ടത്തിലെ ‘ഇത്തിരിക്കുഞ്ഞൻ’.  

No comments :

Post a Comment