Thursday, 23 June 2016

ആപത്തുണ്ടായാൽ സ്ത്രീകൾക്ക് വിളിക്കാൻ ഇനി ഒറ്റ ടോൾഫ്രീ നമ്പർ; പരാതി അറിയിക്കാൻ ഏതു പാതിരാത്രിയിലും 181ലേക്ക് വിളിക്കാം; അടിയന്തിരഘട്ടങ്ങളിൽ ഉടൻ സഹായമെത്തിക്കാൻ കൺട്രോൾ സെന്റർ

marunadanmalayali.com

ആപത്തുണ്ടായാൽ സ്ത്രീകൾക്ക് വിളിക്കാൻ ഇനി ഒറ്റ ടോൾഫ്രീ നമ്പർ; പരാതി അറിയിക്കാൻ ഏതു പാതിരാത്രിയിലും 181ലേക്ക് വിളിക്കാം; അടിയന്തിരഘട്ടങ്ങളിൽ ഉടൻ സഹായമെത്തിക്കാൻ കൺട്രോൾ സെന്റർ

June 23, 2016 | 01:41 PM | Permalink


സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ആദ്യപടിയായി ഏത് ആപത്ഘട്ടങ്ങളിലും വിളിക്കാൻ മാത്രമായി ഒറ്റ നമ്പർ കൊണ്ടുവരുന്നു. പൊലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് സേവനങ്ങൾക്കുള്ള മൂന്നക്ക നമ്പർ പോലെ 181 എന്ന നമ്പരാണ് ഇനി സ്ത്രീകൾക്ക് ഏതു പാതിരാത്രിയിലും സഹായമഭ്യർത്ഥിച്ച് വിളിക്കാൻ ഏർപ്പെടുത്തുന്നത്. ഇത് അടുത്തമാസം ആദ്യം നടപ്പിലാകും. സംസ്ഥാനത്ത് എവിടെ നിന്നു വിളിച്ചാലും ഈ ഫോൺ അറ്റൻഡ് ചെയ്യാൻ വനിതാ വികസന കോർപ്പറേഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് കോൾ സെന്റർ സജ്ജീകരിക്കും.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 181 ഹെൽപ്പ് ലൈനിന്റെ സേവന കേന്ദ്രങ്ങളുമുണ്ടാകും. കോൾസെന്ററിൽ നിന്നായിരിക്കും ഏതുതരത്തിലുള്ള സഹായമാണ് വേണ്ടതെന്നതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിക്കുക. അടിയന്തര ഘട്ടങ്ങളിൽ വിവരങ്ങൾ കൈമാറാൻ പ്രത്യേകം സൗകര്യമുണ്ടാകും. നിലവിൽ നിരവധി നമ്പരുകളാണ് സ്ത്രീകൾക്ക് സഹായം എത്തിക്കാനായി ഉള്ളത്. ഇത് മാറ്റി ഒറ്റനമ്പരാക്കുന്നതോടെ എല്ലാവർക്കും ഓർത്തുവയ്ക്കാനും അടിയന്തിര ഘട്ടങ്ങളിൽ സഹായം തേടാനും എളുപ്പമാകും. സ്ത്രീ സുരക്ഷയ്ക്കായി രാജ്യത്ത് ഒറ്റ ടോൾഫ്രീ നമ്പർഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലും പുതിയ നമ്പർ വരുന്നത്.
പൊലീസിന്റേതുൾപ്പെടെ വിവിധ വകുപ്പുകൾക്ക് ഇപ്പോൾ സ്ത്രീകൾക്ക് പ്രശ്‌നങ്ങളറിയിക്കാൻ വിവിധ ടോൾഫ്രീ നമ്പരുകളുണ്ട്. ഇവയെല്ലാം ഏകോപിപ്പിച്ചാണ് 181 എന്ന നമ്പർ മാത്രമായി നിജപ്പെടുത്തുന്നത്. നിലവിൽ സ്ത്രീ സുരക്ഷയ്ക്കായി 1090, 1098, 100 തുടങ്ങിയ നമ്പരുകളാണ് വിവിധ വകുപ്പുകൾ സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമേ വനിതാ കമ്മീഷന്റെയും വനിതാ വികസന കോർപ്പറേഷന്റെയും കുടുംബശ്രീയുടേയും വിവിധ പദ്ധതികളിലെ നമ്പരുകളുമുണ്ട്. ഇത്തരത്തിൽ ഒന്നിലധികം ടോൾഫ്രീ നമ്പരുകൾ ഉള്ളതിനാൽ പലപ്പോഴും സഹായമെത്തിക്കുന്നതിന് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ പ്രത്യേകിച്ചും.
പുതിയ നമ്പർ വരുന്നതോടെ ഈ അവസ്ഥ മാറുമെന്നാണ് വിലയിരുത്തൽ. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ ഏതുസമയത്തും സ്ത്രീകൾക്ക് സഹായമെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ്, പൊലീസ് സഹായങ്ങൾ ഉടൻതന്നെ ലഭ്യമാക്കാനും ഒറ്റ നമ്പർ വരുന്നതോടെ സാധ്യമാകും. എല്ലാ വകുപ്പുകളുടേയും പ്രവർത്തനം ഏകോപിപ്പിക്കാനുമാകും.
സഹായം തേടി ഒരു അറിയിപ്പ് കോൾ സെന്ററിൽ ലഭിച്ചാൽ ജില്ലാ ആസ്ഥാനത്തെ സേവന കേന്ദ്രത്തിലേക്ക് വിവരം ഉടനടി കൈമാറും. സേവന കേന്ദ്രത്തിൽ പൊലീസ്, ആരോഗ്യനിയമ മേഖലയിൽ നിന്ന് പ്രത്യേകം പ്രതിനിധികളുണ്ടാകും. അത്യാധുനിക ആംബുലൻസ് സൗകര്യവുമൊരുക്കും. ഈ നമ്പരിൽ നിന്ന് അടിയന്തിര ഘട്ടങ്ങളിലെ സഹായം കൂടാതെ, സ്ത്രീകൾക്ക് കൗൺസിലിങ്ങും നൽകും. സർക്കാരിന്റെ ക്ഷേമപദ്ധതികൾ അറിയാനുള്ള സൗകര്യവും ലഭ്യമാക്കുന്നുണ്ട്.

Readers Comments


മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

No comments :

Post a Comment