
ഏകീകൃത സിവില്‍ കോഡ് തിരഞ്ഞെടുപ്പ് തന്ത്രം: എ. കെ. ആന്റണി
രാജ്യത്ത് വര്‍ഗ്ഗീയത ഉയര്‍ത്തി സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം ആത്മഹത്യാപരമാണ്.
July 3, 2016, 04:53 PM ISTന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ ആന്റണി. രാജ്യത്ത് വര്‍ഗീയത ഉയര്‍ത്തി സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ആയോധ്യ, കശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് തിരഞ്ഞെടുപ്പിനെ വര്‍ഗീയമായി നേരിടുക എന്ന തന്ത്രമാണ് ബിജെപി ഓരോ കാലത്തും പയറ്റാറുള്ളത്. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവും ഇത്തരത്തിലുള്ളതാണ്. ബിജെപിയുടെ ഈ നീക്കം സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിന് മാത്രമേ ഉപകരിക്കൂ. അതിലൂടെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പത്ത് വോട്ട് നേടാനുള്ള വിലകുറഞ്ഞ തന്ത്രമാണ് ബിജെപി പയറ്റുന്നത്. ഇത് ഉത്തരേന്ത്യയില്‍ അടക്കം വംശീയ കലാപങ്ങള്‍ക്ക് കാരണമാകും.
സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്ത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. എന്നാല്‍ വ്യക്തിനിയമം വ്യത്യസ്തമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുന്ന കാലത്ത് മാത്രമേ ഏകീകൃത സിവില്‍ കോഡ് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കൂ. എല്ലാവരുടെയും അംഗീകാരമില്ലാതെ നിയമത്തില്‍ മാറ്റംവരുത്താന്‍ ശ്രമിക്കുന്നത് അപ്രായോഗികമാണ്.
ഇക്കാര്യത്തില്‍ രാജ്യത്ത് എല്ലാവരുടെയും പൂര്‍ണ സമ്മതത്തോടെയുള്ള സമവായം ഉണ്ടാകില്ലെന്ന് ബിജെപിക്ക് അറിയാം. വോട്ട് മാത്രം മുന്നില്‍ കണ്ടുള്ള ഇത്തരമൊരു തരംതാണ രാഷ്ട്രീയത്തില്‍നിന്ന് ബിജെപി പിന്‍തിരിയണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതില്‍നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment