Thursday, 15 December 2016

ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി; ഏപ്രില്‍ 1 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം

ഉണ്ണി കൊടുങ്ങല്ലൂര്‍

ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി; ഏപ്രില്‍ 1 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം

ന്യൂഡല്‍ഹി: ദേശീയപാതയ്ക്കരികിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി. നിലവിലുള്ള മദ്യശാലകള്‍ക്ക പുതിയ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി പറഞ്ഞു. ദേശീയ, സംസ്ഥാന പാതകള്‍ക്ക് സമീപത്തെ 500 മീറ്റര്‍ രിധിയിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലൈസന്‍സോടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകള്‍ക്കും മാര്‍ച്ച് 31 വരെ ആയിരിക്കും പ്രവര്‍ത്തന കാലാവധി. ഏപ്രില്‍ ഒന്നു മുതല്‍ നിരോധനം നടപ്പാക്കണം എന്നും ഒരു മാസത്തിനകം ഇത് നടപ്പിലാക്കി സംസ്ഥാനങ്ങള്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 500 മീറ്ററിനപ്പുറത്ത് പ്രവര്‍ത്തിക്കാം. ഇതിനൊപ്പം ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപത്തെ മദ്യവുമായി ബന്ധപ്പെട്ട പരസ്യബോര്‍ഡുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യഷാപ്പുകള്‍ക്കൊപ്പം ബാറുകള്‍ക്കും വിധി ബാധകമായിരിക്കും. ​അതുപോലെ ദേശീയപാത കടന്നുപോകുന്ന മുനിപ്പില്‍ കോര്‍പ്പറേഷനുകള്‍ക്കും ബാധകമാകും. ദേശീയപാതകള്‍ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് എതിരേ സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ള വിവിധ പരാതികള്‍ പരിഗണിച്ചാണ് പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നത്. റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പല സന്നദ്ധസംഘടനകളും വഴിയരികിലെ മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.

No comments :

Post a Comment